പൊന്നിയിന്‍ സെല്‍വന്‍’ ഫസ്റ്റ് ലുക്ക്

മണിരത്നം സംവിധാനം ചെയ്ത ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ നടന്‍ വിക്രമിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തില്‍ ആദിത്യ കരികാലന്‍ എന്ന ചോള രാജകുമാനായാണ് വിക്രം എത്തുന്നത്. 2022 സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലായാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുങ്ങുന്നത്. ‘ചെക്കാ ചിവന്ത വാനത്തിന്’ ശേഷം 4 വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങുന്ന മണിരത്‌നം ചിത്രം കൂടിയാണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊന്നിയന്‍ സെല്‍വന്‍. 500 കോടിയാണ് സിനിമയുടെ ബജറ്റ്. മണിരത്നവും എഴുത്തുകാരന്‍ ബി ജയമോഹനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.