അന്താരാഷ്ട്ര വേദിയില്‍ രണ്‍വീര്‍ സിങ്ങിനൊപ്പം അവാര്‍ഡ് പങ്കിട്ട് ചെമ്പന്‍ വിനോദ്…

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ മ യൗ എന്ന ചിത്രം സംസ്ഥാന അവാര്‍ഡുകള്‍ക്കപ്പുറത്തേക്ക് വിദേശത്തും അംഗീകാരങ്ങള്‍ നേടി മുന്നേറകയാണ്. ടാന്‍സാനിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലോക സിനിമാ വിഭാഗത്തില്‍ മത്സരിച്ചു മൂന്നു അവാര്‍ഡുകള്‍ ആണ് ചിത്രം ഇപ്പോള്‍ നേടിയെടുത്തത്. ചിത്രത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് ചെമ്പന്‍ വിനോദ് നേടിയപ്പോള്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് പി എഫ് മാത്യൂസും മികച്ച സംവിധായകനുള്ള അവാര്‍ഡ് ലിജോ ജോസ് പെല്ലിശ്ശേരിയും നേടിയെടുത്തു. പദ്മാവതി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഇതേ പുരസ്‌കാരത്തിന് അര്‍ഹനായ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനൊപ്പമാണ് ചെമ്പന്‍ ഇത്തവണ അവാര്‍ഡ് പങ്കു വെച്ചത്. അതേ സമയം ഇറാനിയന്‍ ചിത്രമായ ഗോള്‍നേസക്കു ഒപ്പമാണ് മികച്ച തിരക്കഥക്കും സംവിധായകനുമുള്ള അവാര്‍ഡ് പി എഫ് മാത്യൂസും ലിജോ ജോസ് പെല്ലിശ്ശേരിയും പങ്കു വെച്ചത്.

ഗോവയില്‍ നടന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും തിരുവനന്തപുരത്തു നടന്ന കേരളാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഈ മാ യൗ പുരസ്‌കാരങ്ങള്‍ നേടിയെടുത്തിരുന്നു. അതോടൊപ്പം കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈ ചിത്രം നേടിയിട്ടുണ്ട്. മികച്ച സംവിധായകന്‍, മികച്ച സഹനടി, മികച്ച സൗണ്ട് ഡിസൈന്‍ എന്നീ വിഭാഗങ്ങളില്‍ ആയാണ് ഈ ചിത്രം കേരളാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയെടുത്തത്. ഗോവന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും മികച്ച നടന്‍ ആയതു ഈ മാ യൗവിലെ പ്രകടനത്തിന് ചെമ്പന്‍ വിനോദ് ആണ്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവര്‍ അഭിനയിച്ച ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത റിലീസ് ആയി എത്താന്‍ പോകുന്നത്.