ഒടിടി പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണം; കേന്ദ്രം ഉടന്‍ മാര്‍ഗരേഖ പുറത്തിറക്കും

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ഉടന്‍ മാര്‍ഗരേഖ പുറത്തിറക്കും. സര്‍ക്കാര്‍ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തി. ഇന്റര്‍നെറ്റ് മൊബൈല്‍ അസോസിയേഷന്‍ മുന്നോട്ടുവച്ച സ്വയം നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ നേരത്തെ കേന്ദ്രം തള്ളിയിരുന്നു. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയിട്ടുണ്ട്.

രാജ്യത്ത് നിലവില്‍ സെന്‍സര്‍ഷിപ്പില്ലാതെ സിനിമകളോ ഡോക്യുമെന്ററികളോ വെബ് സീരീസുകളോ പ്രസിദ്ധീകരിക്കാവുന്ന ഓണ്‍ലൈന്‍ വേദികള്‍ കൂടിയാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള സിനിമ, ഡോക്യുമെന്ററികള്‍, വാര്‍ത്ത, രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചുള്ള വിവരണങ്ങളെല്ലാം ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും ആവശ്യമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. അതിന്റെ തുടക്കമായാണ് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍, വാര്‍ത്ത പോര്‍ട്ടലുകള്‍ എന്നിവയെ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയുള്ള ഉത്തരവ്. വാര്‍ത്ത പോര്‍ട്ടലുകള്‍ക്കും ഓണ്‍ലൈന്‍ വിനോദ പ്ലാറ്റ്‌ഫോമുകള്‍ക്കും ലൈസന്‍സ് ഉള്‍പ്പെടെ നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ട്.

‘അച്ചടി മാധ്യമങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും സിനിമകള്‍ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടഫിക്കേഷനും ടിവി ചാനലുകള്‍ക്ക് കേബിള്‍ ടെലിവിഷന്‍ റെഗുലേഷന്‍ ആക്ടിന് കീഴിലും നിയന്തിക്കപ്പെടുന്നുണ്ട്. ഇതുവരെ നിയന്ത്രണാതീതമായ ഡിജിറ്റല്‍ മീഡിയയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി ഉടന്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും,’ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.