സെല്ലുലോയ്ഡ് മിഴി തുറന്നു…ആദ്യലക്കം വിപണിയില്‍….ഇനി ‘നല്ല സിനിമയുടെ നല്ല വര്‍ത്തമാനം’

‘സെല്ലുലോയ്ഡ്’ ഫിലിം മാഗസിന്‍ മിഴി തുറന്നു. നവംബര്‍ മാസത്തെ ആദ്യ ലക്കം വിപണിയിലെത്തി. ആധുനിക സിനിമാ പ്രചരണ രീതികളുടെ ചുവട് പിടിച്ച് അച്ചടി മാധ്യമത്തിനൊപ്പം തന്നെ ഇതിലെ ഉള്ളടക്കങ്ങള്‍ വെബ്‌സൈറ്റിലൂടെ പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നായി ആസ്വദിക്കാനാകുന്ന വിധമാണ് മാഗസിന്‍ അണിയിച്ചൊരുക്കുന്നത്.

യൂ ട്യൂബ് ചാനല്‍, ആപ്ലിക്കേഷന്‍,വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ എന്നീ ഡിജിറ്റല്‍ സാധ്യതകളുള്‍പ്പെടെ പ്രയോജനപ്പെടുത്തി ചലച്ചിത്ര രംഗത്തെ ഏറ്റവും പുതിയ വിശേഷങ്ങള്‍ വേഗതയോടെ സമഗ്രമായി ആസ്വാദകരിലേക്ക് എത്തിക്കുക എന്നതാണ് സെല്ലുലോയ്ഡിന്റെ ലക്ഷ്യം. ചലച്ചിത്ര മേഖല ഒരു വലിയ വ്യവസായമായി രൂപാന്തരപ്പെടുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത സംഘടനകളിലും ചെറുസംഘങ്ങളിലും വിവിധ തരത്തിലുള്ള ആശയധാരകളാണ് രൂപപ്പെടുന്നത്. ഇതില്‍ ഏത് പക്ഷത്ത് നില്‍ക്കണമെന്ന കാര്യത്തിലും, ഏതാണ് തെറ്റ്, ഏതാണ് ശരിയെന്നതിലും പ്രേക്ഷകരും വലിയ ആശയ കുഴപ്പത്തിലാണ്.  സിനിമയ്ക്ക് നക്ഷത്രങ്ങള്‍ നല്‍കി വേര്‍തിരിയ്ക്കാനുള്ള അളവുക്കോല്‍ ഞങ്ങളുടെ കയ്യിലില്ല. കാണുന്ന കണ്ണുകള്‍ക്കും, കാഴ്ച്ചപ്പാടുകള്‍ക്കുമനുസരിച്ചാണ് പ്രേക്ഷകന് സിനിമ അനുഭവവേദ്യമാവുന്നത്.

പ്രേക്ഷകന്റെ പക്ഷമാണ് ചലച്ചിത്ര മേഖലയുടെ വളര്‍ച്ചയ്ക്ക് എക്കാലവും കൂടെ നിന്നതെന്ന തിരിച്ചറിവ് തന്നെയാണ് ഞങ്ങളുടെ നിലപാട്. മുന്‍ധാരണകളില്ലാതെ, മുന്‍വിധിയില്ലാതെ ചലച്ചിത്ര മേഖലകളില്‍ നിന്നുള്ള വാര്‍ത്തകളെ വായനക്കാര്‍ക്ക് ലഭ്യമാക്കുമെന്ന ഉറപ്പാണ് സെല്ലുലോയ്ഡിന് നല്‍കാനുള്ളത്. നല്ല സിനിമയേതെന്ന് തിരിച്ചറിയാനാകുന്ന ആസ്വാദകര്‍ തന്നെയാണ് സെല്ലുലോയ്ഡിനെ വിലയിരുത്തേണ്ടതെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ചലച്ചിത്ര മേഖലയിലെ പഴയ പ്രതിഭകള്‍ക്കും, കണ്ടുപഴകിയ രീതികളെ തച്ചുടച്ച് സമാന്തര സിനിമാ പരീക്ഷണങ്ങളുമായെത്തുന്നവര്‍ക്കും, നവാഗതര്‍ക്കുമെല്ലാം ഒരേ സമയം ഇടം നല്‍കുന്ന ഒന്നാകും സെല്ലുലോയ്ഡ്. വായനയെയും, കേള്‍വിയേയും, കാഴ്ച്ചയേയും കൂട്ടിയിണക്കുന്ന, ‘നല്ല സിനിമയുടെ നല്ല വര്‍ത്തമാനങ്ങളുമായി’ എത്തുന്ന ‘സെല്ലുലോയ്ഡ്’ മാഗസിന് നിങ്ങളുടെ പൂര്‍ണ്ണ പിന്തുണ പ്രതീക്ഷിക്കുന്നു.
സെല്ലുലോയ്ഡ് ഫിലിം മാഗസിന്‍
ചീഫ് എഡിറ്റര്‍

. മാസികയിലെ ഉള്ളടക്കങ്ങളുടെ ദൃശ്യാനുഭവത്തിന്-  www.celluloidonline.com

. മൂവി റിവ്യൂ,അഭിമുഖം,ലൊക്കേഷന്‍ കാഴ്ച്ചകള്‍, തിയേറ്റര്‍ റസ്പോണ്‍സ് എന്നിവയ്ക്കെല്ലാമായി യൂട്യൂബ് ചാനല്‍ CELLULOID MAGAZINE

. വാര്‍ത്തകളും വിശേഷങ്ങളുമറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് പേജ്- Celluloid Film Magazine ലൈക്ക് ചെയ്യുക