മലയാളത്തില്‍ ഏറെ ശ്രദ്ധമായ ഒരു ചിത്രമായിരുന്നു ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന വിപി സത്യന്റെ ജീവിതകഥ പറഞ്ഞ ‘ക്യാപ്റ്റന്‍’ എന്ന ചിത്രം. നവാഗതനായ പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ ജയസൂര്യയെത്തിയപ്പോള്‍ ഇരുവരും കൂടി സൃഷ്ടിച്ചത് ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ക്യാപ്റ്റന്‍ സത്യന്റെ വേഷവും ഏറെ നിരൂപകപ്രശംസ നേടി.
ഇന്ന് ചിത്രത്തിന്റെ ഒന്നാം വാര്‍ഷികം തികയുമ്പോള്‍ പ്രജേഷ് സെന്നിനൊപ്പം അടുത്ത പ്രൊജക്റ്റിനു വേണ്ടി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ജയസൂര്യ. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് താരം ഈ വിശേഷം പങ്കുവെച്ചിരിക്കുന്നത്.
”എന്റെ എക്കാലത്തെയും പ്രീയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായ ‘ക്യാപ്റ്റന്‍’ നിങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഓര്‍മ്മകളുടെ ഗ്യാലറിയില്‍ ഇരുന്ന് അനുഗ്രഹിച്ച സത്യേട്ടനും, പിന്നെ ഞങ്ങളെ സാന്നിധ്യം കൊണ്ട് പ്രോല്‍സാഹിപ്പിച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരായിരം നന്ദി. ക്യാപ്റ്റന്റെ ഒന്നാം വാര്‍ഷിക സമ്മാനമായി ഞാനും പ്രജേഷും വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷകരമായ വാര്‍ത്ത അറിയിക്കട്ടെ,” ജയസൂര്യ കുറിക്കുന്നു. പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും താരം വ്യക്തമാക്കി.
പ്രജേഷ് സെന്‍ തന്നെയായിരുന്നു ക്യാപ്റ്റന്റെ തിരക്കഥയും ഒരുക്കിയത്. അനു സിതാര, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, ദീപക് പറമ്പോള്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍. അഞ്ചുവര്‍ഷം നീണ്ട ഒരുക്കങ്ങള്‍ക്ക് ശേഷമായിരുന്നു പ്രജേഷ് ‘ക്യാപ്റ്റന്‍’ ഒരുക്കിയത്.