ഓണം കളറാക്കി ബ്രദേഴ്‌സ് ഡേ

','

' ); } ?>

കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭമെന്ന രീതിയില്‍ ബ്രദേഴ്‌സ് ഡേ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. ധനുഷിന്റെ ഗാനത്തോടെ ഫഌഷ് ബാക്കോടെയാണ് ചിത്രം ആരംഭിക്കുന്നത്. തമിഴ് പശ്ചാത്തലമുള്ള ഈ രംഗങ്ങളെല്ലാം തന്നെ വൈകാരിക തലത്തില്‍ ചിത്രത്തിലേക്ക് പ്രേക്ഷകരെ തുടക്കത്തിലേ കൊണ്ടു വരുന്നുണ്ട്. ഈ ഫഌഷ് ബാക്കുമായി ബന്ധമില്ലാത്ത കാറ്ററിംഗുകാരുടെ കഥയോടെ ചിത്രം മുന്നോട്ട് പോകുന്നു. കാറ്ററിംഗുമായി ജീവിതം പുലര്‍ത്തുന്ന റോണിയായെത്തുന്ന പൃഥ്വിയ്‌ക്കൊപ്പം കോട്ടയം നസീര്‍, ധര്‍മ്മജന്‍ എന്നിവരെല്ലാം ചേരുമ്പോള്‍ ജീവിതത്തിലെ തന്നെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഇതള്‍ വിരിയുന്നുണ്ട്. പ്രേക്ഷകര്‍ കൊതിയ്ക്കുന്ന ഒരു പൃഥ്വിരാജിനെ ആദ്യ പകുതിയില്‍ കാണാനാകുന്നു എന്നതാണ് പ്രത്യേകത. അപ്രതീക്ഷിതമായ ചാണ്ടി എന്ന കഥാപാത്രമായി വിജയരാഘവന്‍ കൂടെ ചിത്രത്തിലേക്ക് എത്തുന്നതോടെ ആഘോഷ കാഴ്ച്ചകളുമായാണ് ആദ്യ പകുതി ബ്രദേഴ്‌സ് കളം നിറയുന്നത്.

ചിത്രത്തിന്റെ രണ്ടാം പകുതിയിലേക്ക് പ്രവേശിയ്ക്കുമ്പോള്‍ ചിത്രത്തിന് പതിയെ ക്രൈം ത്രില്ലര്‍ സ്വഭാവം കൈവരികയാണ്. ഹണി ട്രാപ്പ്, സീരിയല്‍ കൊലപാതകങ്ങള്‍ എന്നിവയെല്ലാമായാണ് ചിത്രത്തിന്റെ രണ്ടാം പകുതിയില്‍. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ നടക്കുന്ന സീരിയല്‍ കൊലപാതകങ്ങളും, അതിനെ ബന്ധിപ്പിക്കുന്നതിലുമെല്ലാം തിരക്കഥയില്‍ ചെറിയ അപാകതകള്‍ തോന്നിയെങ്കിലും മെയ്ക്കിംഗിനാല്‍ അതെല്ലാം സംവിധായകന്‍ മറികടക്കുന്നുണ്ട്്. ചിത്രത്തിന്റെ ആദ്യപകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ ആദ്യ പകുതിയിലെ കഥയും കഥാപാത്രങ്ങളും ചെറുതായെങ്കിലും ചോര്‍ന്നു പോകുന്ന അനുഭവമുണ്ടായി. പ്രേക്ഷകനെ മടുപ്പിക്കാതെ പക്കാ കോമേഴ്‌സ്യല്‍ ചേരുവകളെ രണ്ടാംപകുതിയില്‍ ചേര്‍ത്തുവെയ്ക്കുകയാണ് സംവിധായകന്‍. എം ഫോര്‍ മ്യൂസിക് ഒരുക്കിയ ചിത്രത്തിന്റെ ഹെവി പശ്ചാത്തല സംഗീതവും, സംഗീതവുമാണ് മറ്റൊരു മികച്ച അനുഭവം. പൃഥ്വിരാജിന്റെ പ്രേക്ഷകരിഷ്ടപ്പെടുന്ന രണ്ട് ഭാവങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയ സംവിധാന ശ്രമമാണ് ഷാജോണ്‍ സ്വീകരിച്ചത്.

ചിത്രത്തിലെ ഒരു ആഘോഷ ഗാനരംഗവും, ആക്ഷന്‍ രംഗങ്ങളും എടുത്തു പറയേണ്ടുന്ന ഒന്നാണ്. ഉഗ്രന്‍ കൊറിയോഗ്രാഫിയും, വ്യത്യസ്തമായ ആക്ഷന്‍ രംഗവുമാണൊരുക്കിയിട്ടുള്ളത്. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും, അഖിലേഷ് മോഹന്റെ ചിത്രസംയോജനവും മികവ് പുലര്‍ത്തി.
കോമഡിയും, ആക്ഷനും ചേര്‍ന്ന പൃഥ്വിയുടെ രണ്ട് വ്യത്യസ്ത ശൈലിയും നന്നായിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, മഡോണ, മിയ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരുടെയെല്ലാം കാസ്റ്റിംഗ് നന്നായിരുന്നു. മനോഹരമായി തന്നെ വില്ലനായി പ്രസന്ന വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നു. ഒരു ഉത്സവ ചിത്രത്തിനൊപ്പം, ക്രൈം ത്രില്ലര്‍ അനുഭവം കൂടെ സമ്മാനിക്കുന്ന ബ്രദേഴ്‌സ് ഡേ പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തില്ല.