“ഇന്ത്യ മതേതര രാജ്യം, അസഹിഷ്ണുത വേദനാജനകം”: ദിയാ മിർസയെ ഒഴിവാക്കിയ നടപടിയിൽ ബോംബെ ഹൈക്കോടതി

','

' ); } ?>

മുംബൈ നഗരസഭയുടെ പരിസ്ഥിതിസൗഹൃദ ദീപാവലി പ്രചാരണ വീഡിയോയിൽനിന്ന് നടി ദിയാ മിർസയെ ഒഴിവാക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ഊന്നിപ്പറഞ്ഞ കോടതി, നീക്കംചെയ്ത വീഡിയോ ഉടൻ തിരിച്ചെടുത്ത് വീണ്ടും അപ്‌ലോഡ് ചെയ്യാൻ നഗരസഭയോട് കർശനമായി ആവശ്യപ്പെട്ടു.

ചില വ്യക്തികളുടെ ഇടുങ്ങിയ മാനസികാവസ്ഥയും അസഹിഷ്ണുതയും തികച്ചും വേദനാജനകമാണെന്ന് കേസ് സ്വമേധയാ പരിഗണിച്ച ജസ്റ്റിസ് ഗിരീഷ് കുൽക്കർണി, ജസ്റ്റിസ് നീല ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണവും വായു-ശബ്ദ മലിനീകരണ നിന്ത്രണവും ലക്ഷ്യമിട്ട് നിർമിച്ച ബോധവൽക്കരണ സന്ദേശത്തിന് വർഗീയ നിറം നൽകിയത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ജാതിയും മതവും വംശവും നോക്കാതെ സമൂഹത്തിലെ ഓരോ വ്യക്തിയെയും ബഹുമാനിക്കാൻ ഏവരും തയ്യാറാകണം. വിവാദങ്ങൾ ഉണ്ടാക്കുന്ന രാഷ്ട്രീയ നേതാക്കളാരും പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടിട്ടില്ലെന്നും കോടതി പരിഹസിച്ചു.

നഗരത്തിൽ വായുമലിനീകരണം രൂക്ഷമായതിനെത്തുടർന്ന് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാനും പരിസ്ഥിതിസൗഹൃദ ദീപാവലി ആഘോഷിക്കാനും പ്രമുഖരെ ഉൾപ്പെടുത്തി പ്രചാരണം നടത്താൻ ഹൈക്കോടതി തന്നെയാണ് നേരത്തെ നഗരസഭയോട് നിർദേശിച്ചിരുന്നത്. ഇതിന്റെ ഭാഗമായി നിർമിച്ച ദിയാ മിർസയുടെ വീഡിയോക്കെതിരെ മുംബൈ ബി.ജെ.പി. മേധാവി അമിത് സതം, മേയർ റിതു താവ്ഡെ എന്നിവർ രംഗത്തെത്തിയതിനെ തുടർന്നാണ് നഗരസഭ വീഡിയോ പിൻവലിച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ കോടതി ശക്തമായി നിലപാടെടുത്തിരിക്കുന്നത്.