
കോൻ ബനേഗാ ക്രോർപതി (കെ.ബി.സി) സീസൺ 18-ന്റെ ചിത്രീകരണത്തിനിടയിൽ പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന് പരിക്കേറ്റു. ബുധനാഴ്ച നടന്ന ഷൂട്ടിങ്ങിനിടെ തെന്നി വീണാണ് താരത്തിന് പരിക്കേറ്റത്.
പരിപാടിയുടെ തുടക്കത്തിൽ സ്റ്റേജിന്റെ മധ്യത്തിൽ നിന്നു സംസാരിക്കുന്ന പതിവ് മാറ്റിവെച്ച്, തന്റെ ഇരിപ്പിടത്തിലിരുന്നാണ് താരം ബുധനാഴ്ചയിലെ എപ്പിസോഡ് അവതരിപ്പിച്ചത്. സ്റ്റേജിൽ നിൽക്കാതെ ഇരുന്നു സംസാരിക്കുന്നതിൽ ആരാധകർക്ക് സംശയം തോന്നിയതോടെയാണ് ബിഗ് ബി ഇക്കാര്യം പരസ്യമാക്കിയത്. മുട്ടിന് പരിക്കേറ്റിട്ടുണ്ടെന്നും എഴുന്നേറ്റു നിൽക്കാൻ ചെറിയ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘എനിക്ക് മുട്ടിന് പരിക്കുണ്ട്. ചിത്രീകരണത്തിനിടെ തെന്നി വീണു. എഴുന്നേറ്റു നിൽക്കാൻ ചെറിയ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇരുന്ന് സംസാരിക്കുന്നത്’’ -ബച്ചൻ പറഞ്ഞു.
എങ്കിലും പരിക്ക് ഗുരുതരമല്ലെന്നും ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നും താരം ആരാധകർക്ക് ഉറപ്പ് നൽകി.