മുതിർന്ന ബോളിവുഡ് നടന്‍ ഗോവര്‍ധന്‍ അസ്രാനി അന്തരിച്ചു

','

' ); } ?>

ബോളിവുഡ് നടന്‍ ഗോവര്‍ധന്‍ അസ്രാനി (84) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഏകദേശം 4 മണിയോടെയാണ് മരണം സംഭവിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ചു ദിവസങ്ങളോളമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ദീപാവലി ആശംസകള്‍ പങ്കുവെച്ചിരുന്നു

1940 ജനുവരി 1-ന് ജയ്പൂരിലെ ഒരു മധ്യവര്‍ഗ സിന്ധി കുടുംബത്തിലാണ് അസ്രാനിയുടെ ജനനം. പഠനച്ചെലവുകള്‍ക്കായി അദ്ദേഹം ജയ്പൂരിലെ ഓള്‍ ഇന്ത്യ റേഡിയോയില്‍ വോയിസ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്നു. 1967-ല്‍ പുറത്തിറങ്ങിയ ‘ഹരേ കാഞ്ച് കി ചൂടിയാം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ നടന്‍ ബിശ്വജീത്തിന്റെ സുഹൃത്തായാണ് അദ്ദേഹം വേഷമിട്ടത്. ഇക്കാലയളവില്‍ അദ്ദേഹം നിരവധി ഗുജറാത്തി സിനിമകളില്‍ നായകനായും അദ്ദേഹം അഭിനയിച്ചു.

നായക കഥാപാത്രങ്ങൾക്ക് പുറമെ ഹാസ്യകഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്ന ഗോവര്‍ധന്‍ അസ്രാനി, അസ്രാനി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1960 മുതല്‍ 1962 വരെ സാഹിത്യ കല്‍ഭായ് താക്കറില്‍ നിന്ന് അസ്രാനി അഭിനയം പഠിച്ചു, പിന്നീട് 1964-ല്‍ പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (FTII) ചേര്‍ന്നു.

അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രം ഷോലെ എന്ന സിനിമയിലെ ജയിലറുടേതാണ്. ഭൂല്‍ ഭുലയ്യ, ധമാല്‍, ബണ്ടി ഔര്‍ ബബ്ലി 2, ആര്‍… രാജ്കുമാര്‍ എന്നീ പുതിയകാല ഹിറ്റ് സിനിമകളിലും, കൂടാതെ ഓള്‍ ദി ബെസ്റ്റ്, വെല്‍ക്കം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഹിന്ദി സിനിമകള്‍ക്ക് പുറമെ, 1972 മുതല്‍ 1984 വരെ പ്രധാന വേഷങ്ങളിലും 1985 മുതല്‍ 2012 വരെ സ്വഭാവ നടനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.