
മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ പ്രതികരിച്ച് സംവിധായകൻ ബ്ലെസി. മോഹൻലാൽ മലയാളത്തിന്റെ നടനാണെന്നും, അങ്ങനെ നോക്കിയാൽ നമുക്കോരോരുത്തർക്കും ലഭിച്ച അംഗീകാരമായാണ് ഈ പുരസ്കാരത്തെ താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈശ്വരാനുഗ്രഹമുള്ള നടനാണ് മോഹൻലാലെന്നും ബ്ലെസി കൂട്ടിച്ചേർത്തു. സംഭവത്തിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ചെറിയ കാര്യങ്ങളെപ്പോലും കരുതാനുള്ള മനസിന്റെ ഉടമ കൂടിയാണ് മോഹൻലാൽ. നടനെന്നതിലുപരി മനസിന് വലിപ്പം സൂക്ഷിക്കുന്ന, സ്നേഹത്തേക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള വലിയ മനുഷ്യൻ.
എല്ലാ സംവിധായകരേയും അദ്ഭുതപ്പെടുത്തുന്ന പ്രകടനംതന്നെയാണ് അദ്ദേഹം കാഴ്ചവെയ്ക്കാറ്. നല്ല സിനിമയോട് എപ്പോഴും ചേർന്നുനിൽക്കണമെന്ന ആഗ്രഹമുള്ളത് കൊണ്ട് പ്രണയം എന്ന സിനിമയിലെ കഥാപാത്രം അദ്ദേഹം ചോദിച്ചു വാങ്ങിയതാണ്. മുഖം മാത്രം അഭിനയിക്കുന്ന സാധ്യത മനസിലാക്കുകയായിരുന്നു അദ്ദേഹം”. ബ്ലെസി പറഞ്ഞു
“മോഹൻലാലിനെ ഈശ്വരാനുഗ്രഹമുള്ള നടനായിട്ടാണ് തോന്നിയിട്ടുള്ളത്. തൊട്ടടുത്ത നിമിഷംവരെ മറ്റെന്തെങ്കിലും സംസാരിച്ചുകൊണ്ടിരുന്ന ഒരാൾ പെട്ടന്ന് ഒരു പരകായ പ്രവേശം പോലെ കഥാപാത്രമായി മാറുകയാണ്. അദ്ദേഹത്തിന്റെയുള്ളിൽ നിറയുന്ന ചൈതന്യമായിട്ടാണ് തോന്നുന്നത്. അത് ചിലപ്പോൾ ജന്മനാ ഉള്ളതോ ഈശ്വരൻ്റേതോ ആവാം. പക്ഷേ ഒരു കഥാപാത്രത്തിനെ അദ്ദേഹം ആവേശത്തോടെ ആവാഹിക്കുന്ന അവസ്ഥയുണ്ട്. അത് സ്വാഭാവികമായി സംഭവിക്കുക എന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ലാലേട്ടൻതന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട് തനിക്കിങ്ങനെയൊക്കെ ചെയ്യാനാവുമെന്ന് എഴുതുമ്പോൾ ഉറപ്പുണ്ടാവുമോയെന്ന്. പക്ഷേ അദ്ദേഹം അതിനെല്ലാം തയ്യാറാവുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത”. ബ്ലെസി കൂട്ടിച്ചേർത്തു.