
മോഹന്‍ലാലിനെ തലമുറകളുടെ നായകനെന്ന് സിനിമാ ലോകം വിളിക്കുന്നതെന്ത് കൊണ്ടാണെന്ന് വ്യക്തമാക്കി ബിനീഷ് കോടിയേരി. തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട ഒരു വീഡിയോയിലൂടെയാണ് താരത്തിന്റെ വ്യക്തമാക്കൽ. തന്റെ മകന്‍ മോഹന്‍ലാല്‍ ചിത്രം തുടരും കണ്ട് കരയുന്ന വിഡിയോയാണ് ബിനീഷ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ”അപ്പൂപ്പന്‍ കിരീടം കണ്ട് കരഞ്ഞു, അച്ഛന്‍ തന്മാത്ര കണ്ടു കരഞ്ഞു, ഇപ്പോള്‍ മകന്‍ തുരടും കണ്ട് കരയുന്നു” എന്നാണ് ബിനീഷ് വീഡിയോക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
‘തലമുറകള്‍ക്ക് നായകന്‍! അപ്പൂപ്പന്‍ ‘കിരീടം’ കണ്ട് കരഞ്ഞു, അച്ഛന്‍ ‘തന്മാത്ര’ കണ്ട് വിതുമ്പി, ഇപ്പോള്‍ മകന്‍ ‘തുടരും’ കണ്ടും കരയുന്നു! എത്ര കാലം കഴിഞ്ഞാലും, ഏത് കഥാപാത്രമായി വന്നാലും, സ്‌നേഹവും സങ്കടവും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ മനുഷ്യന്‍. ഈ വികാരങ്ങള്‍ പകരുന്ന ഈ താരനായകന്റെ യാത്ര ഇനിയും തുടരട്ടെ! ലാലേട്ടന്‍, നിങ്ങള്‍ ഒരു വികാരമാണ്!’. ബിനീഷ് കോടിയേരി കുറിച്ചു.
തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രം കഴിഞ്ഞ ദിവസം വരെ കേരളത്തില്‍ നിന്നു മാത്രമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായിരുന്നു. തുടരും നേടിയ 118 കോടിയുടെ റെക്കോര്‍ഡിനെ കഴിഞ്ഞദിവസമാണ് കല്യാണി പ്രിയദര്‍ശന്റെ ലോക മറികടന്നത്.
എമ്പുരാന് ശേഷം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ മോഹന്‍ലാല്‍ ചിത്രം കൂടിയായിരുന്നു തുടരും. മോഹന്‍ലാലിനൊപ്പം ശോഭനയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു തുടങ്ങിയവരും അഭിനയിച്ചിരുന്നു.