ഈ സ്വകാര്യത്തിന് അല്‍പ്പം ചൂടേറും….

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും നായികാ നായകന്‍മാരായെത്തിയ ഷൈജു അന്തിക്കാട് ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് കൈകാര്യം ചെയ്തത്. കുട്ടികാലം മുതലേ അമ്മാട്ടിയും അന്നയുമായി തുടങ്ങിയ സൗഹൃദം അഹമ്മദ് കുട്ടിയും അന്ന ജോസഫും തമ്മിലുള്ള വളര്‍ച്ചയിലേക്കെത്തുമ്പോള്‍ പ്രണയത്തിനൊപ്പം സമൂഹത്തിന്റെയും ചുറ്റുപാടുകളുടെയും ഇടപെടലുകളുണ്ടാകുന്നു. വ്യത്യസ്ത മതസ്ഥര്‍ തമ്മിലുള്ള പ്രണയം കൈകാര്യം ചെയ്യുമ്പോള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചതിനാണ് ഭൂമിയിലെ മനോഹരസ്വകാര്യത്തിന് കയ്യടി.

പ്രേക്ഷകനെ ആശയകുഴപ്പത്തിലാക്കുന്ന ആദ്യപകുതി ക്യാംപസ്സുകളേയും കമിതാക്കളേയും ആകര്‍ഷിക്കുന്ന വിധത്തിലാണെങ്കില്‍ ചിത്രത്തിന്റെ രണ്ടാംപകുതി തീര്‍ത്തും ഗൗരവമായ പ്രമേയ പരിസരത്തിലേക്ക് നീങ്ങുകയാണ്. പ്രണയമെന്ന സ്വകാര്യത്തിന്റെ മധുരത്തേക്കാള്‍ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ചിത്രത്തിന്റെ രണ്ടാംപകുതിയില്‍ പറയുന്നത്. നിഷ്‌കളങ്കമായി പൂവിടുന്ന പ്രണയ സങ്കല്‍പ്പങ്ങളില്‍ മതംകടന്ന് വരുമ്പോള്‍ അത് ഓരോ വ്യക്തികളിലും എത്രമാത്രം ആത്മസംഘര്‍ഷത്തിനും അസ്ഥിത്വ പ്രശ്‌നത്തിനും ഇടയാക്കുമെന്ന് ചിത്രം പറയുന്നുണ്ട്.

ആദ്യപകുതിയെ അപേക്ഷിച്ച് ചിത്രത്തിന്റെ രണ്ടാംപകുതിയില്‍ ചെറിയ ലാഗ് അനുഭവപ്പെടുന്നതൊഴിച്ചാള്‍ പ്രണയത്തിന്റെ താളം തന്നെയാണ് ഭൂമിയിലെ മനോഹര സ്വകാര്യത്തിന്. കുറിയ്ക്കു കൊള്ളുന്ന എ ശാന്തകുമാറിന്റെ സംഭാഷണങ്ങള്‍ നന്നായിരുന്നു. അന്റോണിയോ മൈക്കിളിന്റെ ക്യാമറയും, വി സാജന്റെ എഡിറ്റിംഗും ചിത്രത്തിന് അനുയോജ്യമായവിധത്തിലുള്ളതാണ്.

പ്രണയത്തന്റെ താളവും മതത്തിന്റെ ആത്മസംഘര്‍ഷവും തീര്‍ക്കുന്ന പരിസരത്ത് നിന്നും അത്തരമൊന്നില്ലാത്ത കാലത്തെകുറിച്ചുള്ള സ്വപ്‌നം പങ്കുവെച്ചാണ് ചിത്രം അവസാനിക്കുന്നത്. ചിത്രത്തില്‍ നായികയും നായകനുമായി പ്രയാഗയും ദീപക്കും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഷൈന്‍ടോം ചാക്കോ വ്യത്യസ്തമായ പൊലീസ് കഥാപാത്രമായി നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്ദ്രന്‍സ്, സുധീഷ്, ഹരീഷ് പേരടി, ലാല്‍ നിഷ സാരംഗ്, അഞ്ജുഅരവിന്ദ്, മഞ്ജു തുടങ്ങിയവരെല്ലാം നന്നായിരുന്നു.