
സിനിമ തന്റെ ജീവിതമല്ലെന്നും ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നുമുള്ള തിരിച്ചറിവിലാണ് ഇപ്പോൾ താനെന്നും, സമാധാനപരവും ആരോഗ്യപരവുമായ ജീവിതത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും നടി ഭാവന. നല്ല സിനിമകളും കഥാപാത്രങ്ങളും വന്നാൽ ചെയ്യുമെന്നല്ലാതെ സിനിമാ മേഖലയിലെ മത്സരയോട്ടത്തിൽ ഇപ്പോൾ താനില്ലെന്നും താരം വ്യക്തമാക്കി. അഭിനയ ജീവിതത്തിൽ കാൽനൂറ്റാണ്ടിലേക്ക് കടക്കുന്ന വേളയിൽ, ബിന്ദു നായർ ആൻഡ് 30 എൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയായിരുന്നു അവർ.
അനിശ്ചിതത്വങ്ങൾ നിറഞ്ഞതും പുരുഷമേധാവിത്വമുള്ളതുമായ ഇൻഡസ്ട്രിയാണ് സിനിമയെന്ന് ഭാവന അഭിപ്രായപ്പെട്ടു. ഉറപ്പായ പ്രൊജക്ടുകൾ പോലും അവസാന നിമിഷം പല കാരണങ്ങൾ കൊണ്ടും മറ്റുള്ളവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾ കൊണ്ടും കൈവിട്ടുപോയേക്കാം. ഒരു സിനിമയുടെ വിജയത്തിനും പരാജയത്തിനും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിയും. കൂടാതെ, ഒരു സ്ത്രീ അഭിനേത്രിയെ സംബന്ധിച്ചിടത്തോളം എപ്പോഴും മാർക്കറ്റ് വാല്യു നിലനിർത്തുകയോ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ ലഭിക്കുകയോ ചെയ്യുന്നത് എളുപ്പമല്ല. സിനിമാമേഖലയിലെ യാഥാർത്ഥ്യം അതായതിനാൽ തന്നെ ഒരു പോയിന്റ് വരെ ഇത്തരം കാര്യങ്ങൾ തന്നെ മാനസികമായി ബാധിച്ചിരുന്നതായും അവർ ഓർത്തെടുത്തു.
കരിയറിന്റെ തുടക്കകാലത്ത്, പ്രത്യേകിച്ച് ഇരുപതുകളിൽ സിനിമ മാത്രമാണ് ജീവിതമെന്ന് കരുതിയിരുന്നിടത്തുനിന്ന് താൻ ഏറെ മാറിയെന്ന് ഭാവന പറയുന്നു. സിനിമ ചെയ്തില്ലെങ്കിൽ എന്ത് ചെയ്യും എന്ന ചിന്തയോടും വിഷാദത്തോടും കൂടിയ ഒരു ഒബ്സെഷൻ അക്കാലത്തുണ്ടായിരുന്നു. എന്നാൽ അനുഭവങ്ങൾ നൽകിയ തിരിച്ചറിവിൽ ഇപ്പോൾ ചിന്തകൾ മാറി. എല്ലാ മാസവും സിനിമ ചെയ്യണമെന്ന വാശിയില്ലാതെ, ചെയ്യുമ്പോൾ പിന്നീട് പശ്ചാത്തപിക്കേണ്ടി വരാത്ത വിധം ഏറെ ഇഷ്ടപ്പെട്ടുചെയ്യുന്ന ഒന്നോ രണ്ടോ പ്രൊജക്ടുകളാണെങ്കിലും അതിൽ സന്തോഷം കണ്ടെത്തുകയാണ് ഇപ്പോൾ താനെന്നും ഭാവന കൂട്ടിച്ചേർത്തു.