“വളരെ ആരോ​ഗ്യവാനായ, ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്ന ഒരാളായിരുന്നു, ഇപ്പോഴും അതാലോചിക്കുമ്പോൾ ഒരു സങ്കടമാണ്”; ജിഷ്ണുവിനെ കുറിച്ച് ഭാവന

','

' ); } ?>

കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ ജിഷ്ണു രാഘവനും താനും ഒന്നിച്ചാണ് സിനിമയിലേക്ക് എത്തിയതെന്നും, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രോഗവിവരം അറിഞ്ഞപ്പോൾ തനിക്ക് വലിയ ഷോക്കായിരുന്നുവെന്നും നടി ഭാവന. വളരെ ആരോഗ്യവാനായ, ആരോഗ്യകാര്യങ്ങളിൽ അത്രയധികം ശ്രദ്ധ പുലർത്തിയിരുന്ന ഒരാളായിരുന്നു ജിഷ്ണുവെന്ന് ഭാവന ഓർത്തെടുത്തു. ഫ്രെയിംഎക്സ് സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിലാണ് അന്തരിച്ച നടൻ ജിഷ്ണു രാഘവനെക്കുറിച്ചുള്ള ഓർമ്മകൾ താരം പങ്കുവെച്ചത്.

“ജിഷ്ണു ചേട്ടൻ ഭയങ്കര ഫൺ ആയിരുന്നു. ഒരുപാട് സംസാരിക്കുകയും പഠിക്കുന്ന സമയത്തെ കുറേ കഥകളൊക്കെ പറയുകയും ചെയ്യുന്ന വളരെ ജെനുവിൻ ആയിട്ടുള്ള ഒരു മനുഷ്യനായിരുന്നു. വളരെ ആരോ​ഗ്യവാനായ, ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്ന ഒരാളായിരുന്നു. പെട്ടെന്ന്, ജിഷ്ണു ചേട്ടന്റെ ജീവിതത്തിൽ അങ്ങനെയൊരു ടേൺ വന്നപ്പോൾ നമ്മളെല്ലാവരും ഷോക്ക് ആയിപ്പോയി. ഈ അടുത്തിടെ, എനിക്ക് തോന്നുന്നു ഒരു മൂന്ന് മാസം മുൻപ് ചരമവാർഷികം വന്നപ്പോൾ ഞാനും എന്റെ വേറെ രണ്ട് മൂന്ന് സുഹൃത്തുക്കളും കൂടി അദ്ദേഹത്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അതാലോചിക്കുമ്പോൾ ഒരു സങ്കടമാണ്.” ഭാവന പറയുന്നു.

അപ്രതീക്ഷിതമായിരുന്ന ജിഷ്ണുവിന്റെ വിയോഗം മലയാള സിനിമയെയും പ്രേക്ഷകരെയും ഒരുപോലെ നൊമ്പരപ്പെടുത്തിയ ഒന്നായിരുന്നു. നമ്മൾ എന്ന ആദ്യ ചിത്രത്തിലൂടെ ജിഷ്ണു, സിദ്ധാർത്ഥ് ഭരതൻ എന്നിവർക്കൊപ്പമാണ് ഭാവനയും തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ആദ്യ ചിത്രത്തിന് ശേഷം ‘വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്’, നേരറിയാൻ സിബിഐ, ഫ്രീഡം, യുഗപുരുഷൻ, ഓർഡിനറി, ഉസ്താദ് ഹോട്ടൽ തുടങ്ങി നിരവധി മികച്ച സിനിമകളുടെ ഭാഗമാകാൻ ജിഷ്ണുവിന് സാധിച്ചിരുന്നു.