![](https://i0.wp.com/celluloidonline.com/wp-content/uploads/2019/02/bhanu2.jpg?resize=431%2C227)
നടി ഭാനുപ്രിയയുടെ വീട്ടില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായ വാര്‍ത്ത തെറ്റെന്ന് പൊലീസ്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചെന്നൈ ടി നഗര്‍ പോലീസാണ് സ്ഥിരീകരിച്ചത്. ദേശീയ ബാലാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭാനുപ്രിയയുടെ വീട്ടില്‍ പരിശോധന നടന്നെന്നായിരുന്നു വാര്‍ത്ത. ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയുടെ പരാതി പ്രകാരം നടത്തിയ പരിശോധനയില്‍ മൂന്ന് കുട്ടികളെ കണ്ടെത്തിയെന്നും മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നും ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇത് തെറ്റാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ആന്ധ്രപ്രദേശിലെ സാംലകോട്ട് സ്വദേശിയായ യുവതി തന്റെ മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. തന്റെ മകളെ ഭാനുപ്രിയ അവരുടെ വീട്ടില്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും മകള്‍ക്ക് വേതനം നല്‍കുന്നില്ലെന്നും കുട്ടിയെ കാണാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു പരാതി.
പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചതെന്ന് ഭാനുപ്രിയ പറഞ്ഞിരുന്നു. ഇവരെ ഒരുതരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു. പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയ പരാതിയും നല്‍കിയിരുന്നു.