
“ഭഭബ” സിനിമയിൽ ഭാഗ്യലക്ഷ്‌മി ഡബ്ബ് ചെയ്തിട്ടുണ്ടെന്ന സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന യുവാവിൻ്റെ വിഡിയോക്കെതിരെ രൂക്ഷ പ്രതികരണവുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വിഡിയോയ്ക്ക് റീച്ച് കിട്ടാൻ വേണ്ടിയോ അല്ലെങ്കിൽ പണം വാങ്ങിയോ ഇത്തരം ചീപ്പ് പരിപാടി നടത്തുന്നത് ചിലർക്കൊരു തൊഴിലാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
“ഇവനാരാണ് എനിക്കറിയില്ല. ഇവൻ്റെ ഒരു വിഡിയോ കണ്ടു ദിലീപിന്റെ ‘ഭഭബ’ എന്ന സിനിമയിൽ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ട് എന്ന്. പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു. വെറുതെ സ്വന്തം വിഡിയോയ്ക്ക് റീച്ച് കിട്ടാൻ വേണ്ടിയോ അല്ലെങ്കിൽ പണം വാങ്ങിയോ ഇത്തരം ചീപ്പ് പരിപാടി നടത്തുന്നതും നിങ്ങൾക്കൊരു തൊഴിലാണ്. ബുദ്ധിയും ബോധവും ഉള്ളവർ വിശ്വസിക്കില്ല. അതി ജീവിതയുടെ വിഷയം ഇപ്പോൾ ഒരു സൈബർ യുദ്ധമായി മാറിയിരിക്കുന്നു.. എതിർ ഭാഗത്ത് ആയിരങ്ങളും നമ്മുടെ ഭാഗത്ത് ലക്ഷങ്ങളുമുണ്ട് എന്നതാണ് ഏറ്റവും വലിയ ആശ്വാസം. വിധി വരുന്നതിന് മുൻപ് അവളോടൊപ്പം 50 ശതമാനം ആളുകളായിരുന്നെങ്കിൽ വിധിക്ക് ശേഷം അവളോടൊപ്പം സ്ത്രീ പുരുഷ വിത്യാസമില്ലാതെ 99 ശതമാനം ആളുകൾ ഉണ്ട് എന്നത് പോരാടാൻ അവൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.. അതെ പിആർ ടീം വെറും ഒരു ശതമാനം മാത്രമാണ്. പല രീതിയിലും അവളോടൊപ്പം നിൽക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ അവർ ശ്രമിക്കുന്നുണ്ട്.” ഭാഗ്യലക്ഷ്മി പറഞ്ഞു.
“എവിടെയോ ഇരുന്ന് ചിലർ കുരക്കുന്നത് കേട്ട് നിങ്ങൾ തളരരുത്. നിങ്ങളുടെ ഈ പിന്തുണയാണ് അവളുടെയും ഞങ്ങളുടെയും ശക്തി. അവർ കുരക്കട്ടെ. ഭയം കൊണ്ടാണ് അവർ തെറി വിളിക്കുന്നത്. തെറി വിളിച്ചാൽ നമ്മൾ ഭയന്നുപോകും എന്നവർ കരുതുന്നു. അതാണവരുടെ സംസ്ക്കാരം. അവരുടെ തൊഴിലാണത്, അവർ പണം വാങ്ങി ജോലി ചെയ്യുന്നു.ഒരു കാര്യം മനസിലാക്കിക്കോളു, അയാൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ താരാരാധന മതി. പക്ഷേ അവളോടൊപ്പം നിൽക്കാൻ മനുഷ്യനായാൽ മതി. അവർ കുരച്ചു കുരച്ചു തളരട്ടെ.. സത്യം മറച്ചു പിടിക്കാനുള്ള വെപ്രാളമാണ് അവർ കാണിക്കുന്നത്. അവരുടെ വീട്ടിലും സ്ത്രീകളും കുട്ടികളും ഉണ്ടാവും അവർക്ക് വേണ്ടി കൂടിയാണ് നമ്മൾ ഈ പോരാട്ടത്തിന് ഇറങ്ങിയത് എന്ന് കാലം തെളിയിക്കും.. ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് അൽപ കാലത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. മനസ്സ് നെഗറ്റീവ് ആവാതെ സൂക്ഷിക്കേണ്ടത് എന്റെ ആവശ്യമാണ്. എന്നും എപ്പോഴും അവളോടൊപ്പം.”ഭാഗ്യലക്ഷ്‌മി കൂട്ടിച്ചേർത്തു.
ഭഭബ’ സിനിമയിൽ ഭാഗ്യലക്ഷ്‌മി ഡബ്ബ് ചെയ്തിട്ടുണ്ടെന്ന യുവാവിൻ്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഭാഗ്യലക്ഷ്മ്‌മിയുടേത് ഇരട്ടത്താപ്പാണെന്നും ഇയാൾ വിഡിയോയിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ അതിശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി. ദിലിപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നതിന് പിന്നാലെയും തന്റെ വിമര്‍ശനം ശക്തമായ ഭാഷയില്‍ തന്നെ അവര്‍ രേഖപ്പെടുത്തി. ‘വിധിയില്‍ ഒട്ടും ഞെട്ടലില്ല. ഇത് മുന്‍പേ എഴുതിവെച്ച വിധിയാണെന്ന് താന്‍ നാല് വര്‍ഷം മുന്‍പ് പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
അതേസമയം, നടി ഫെഫ്കയിൽ നിന്ന് രാജിവെച്ചിരുന്നു. ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടയനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുമെന്ന നിലപാട് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയത്.