
സംവിധായകൻ എ.കെ. സാജന്റെ ‘പുതിയ നിയമം’ എന്ന ചിത്രത്തിൽ നടി നയൻതാരയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാനുള്ള അവസരം താൻ നിരസിച്ചതിനെക്കുറിച്ചും, അതിലേക്ക് നയിച്ച അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുൻപ് ‘ലങ്ക’ എന്ന ചിത്രത്തിൽ പ്രവർത്തിച്ചപ്പോൾ തന്നോട് പറയാതെ ഡബ്ബിങ്ങിൽ നിന്ന് മാറ്റിയതിലുള്ള അമർഷമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് താരം വ്യക്തമാക്കി. ‘പോർട്രെയ്ൽസ് ബൈ ഗദ്ദാഫി’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ ജീവിതത്തിലെ വ്യക്തിപരമായ അനുഭവങ്ങൾ ഭാഗ്യലക്ഷ്മി പങ്കുവെച്ചത്.
സുരേഷ് ഗോപിയും മംമ്ത മോഹൻദാസും പ്രധാന വേഷങ്ങളിലെത്തിയ ‘ലങ്ക’ എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനിടെയാണ് തന്നെ അറിയിക്കാതെ ഒഴിവാക്കിയ സംഭവമുണ്ടായതെന്ന് ഭാഗ്യലക്ഷ്മി ഓർത്തെടുക്കുന്നു. കഥാപാത്രത്തിന് തന്റെ ശബ്ദം അനുയോജ്യമല്ലെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞിട്ടും സംവിധായകൻ എ.കെ. സാജന്റെ നിർബന്ധപ്രകാരം ഒരു മണിക്കൂറോളം ഡബ്ബ് ചെയ്തു. എന്നാൽ പിന്നീട് തന്നെ വിവരമറിയിക്കാതെ ശ്രീജയെക്കൊണ്ട് ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിക്കുകയായിരുന്നു. ഈ അനുഭവം മനസ്സിൽ ഉള്ളതുകൊണ്ടാണ്, പിന്നീട് എ.കെ. സാജന്റെ ‘പുതിയ നിയമം’ എന്ന ചിത്രത്തിലേക്ക് നയൻതാരയ്ക്ക് വേണ്ടി ശബ്ദം നൽകാൻ വിളിച്ചപ്പോൾ അത് നിരസിച്ചത്. ‘ബോഡിഗാർഡ്’ എന്ന ചിത്രത്തിൽ നയൻതാരയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്ന ഭാഗ്യലക്ഷ്മിയോട് നയൻതാര നേരിട്ട് സംസാരിച്ചപ്പോൾ, മുൻപ് നടന്ന സംഭവം വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് മറ്റൊരു ഡബ്ബിങ് ആർട്ടിസ്റ്റിന് കൊടുക്കാതെ നയൻതാര തന്നെ ‘പുതിയ നിയമ’ത്തിൽ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തത്.
തമിഴ് സിനിമാരംഗത്തുനിന്ന് അകന്നുനിൽക്കാനുണ്ടായ കാരണവും അഭിമുഖത്തിൽ അവർ തുറന്നുപറഞ്ഞു. 1985-ൽ വിവാഹശേഷം തിരുവനന്തപുരത്തേക്ക് മാറിയതോടെയാണ് തമിഴിൽ നിന്നുള്ള അവസരങ്ങൾ കുറഞ്ഞത്. മലയാള സിനിമ നൽകുന്നത് പോലെ വലിയ തുകയും വിമാനക്കൂലിയും ഹോട്ടൽ താമസവും നൽകി കേരളത്തിൽ നിന്ന് ഒരാളെ കൊണ്ടുവന്ന് ഡബ്ബ് ചെയ്യിക്കാൻ തമിഴ് ഇൻഡസ്ട്രി തയ്യാറല്ലായിരുന്നു. കാലക്രമേണ തമിഴ് ഭാഷയിലെ വഴക്കം കുറഞ്ഞതും തമിഴ് ചിത്രങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായതായി ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ;
‘സുരേഷ് ഗോപിയും മംമ്ത മോഹൻദാസും അഭിനയിച്ച സിനിമ ലങ്കയിൽ എന്നെ ഡബ് ചെയ്യാൻ വിളിച്ചിരുന്നു. അത് കണ്ടപ്പോൾ തന്നെ ഈ കഥാപാത്രത്തിന് ഞാൻ ഡബ്ബ് ചെയ്താൽ ശെരിയാവില്ലലോ എന്ന് ഞാൻ പറഞ്ഞിരുന്നു. എ കെ സാജൻ എന്നോട് അത് ഡബ്ബ് ചെയ്യാൻ പറഞ്ഞു ആ സിനിമയ്ക്ക്. ഡബ്ബ് ചെയ്തപ്പോൾ തന്നെ അത് വളരെ ആർട്ടിഫിഷ്യൽ ആയി എനിക്ക് തോന്നിയിരുന്നു. പക്ഷേ ഇവർ ഒന്നും പറയുന്നില്ല. ഞാൻ ഒരു മണിക്കൂർ ഡബ്ബ് ചെയ്തു. അതിനു ശേഷം എന്നോട് പൊക്കോളാൻ പറഞ്ഞു , അടുത്ത ഒരു ദിവസം ഡബ്ബ് ചെയ്യാം എന്ന് പറഞ്ഞു. പക്ഷേ പിന്നീട് അത് ശ്രീജ ഡബ്ബ് ചെയ്തുവെന്ന് ഞാൻ അറിഞ്ഞു. ഇത് എന്നോട് തുറന്ന് പറഞ്ഞാൽ മതി. പക്ഷേ അത് പറഞ്ഞില്ല.
എന്നാൽ കുറച്ച് ഡബ് ചെയ്ത് പിന്നീട് എന്നെ അറിയിക്കാതെ എന്നെ മാറ്റി. പറയാതിരുന്നതാണ് പ്രശ്നം. നയൻതാരയ്ക്ക് ഞാൻ ബോഡിഗാർഡ് ഡബ് ചെയ്തിട്ടുണ്ടായിരുന്നു. ഒരു സിനിമയ്ക്ക് നയൻതാര ഡബ് ചെയ്യണോ വേറെയാരെങ്കിലും ഡബ് ചെയ്യണോ എന്ന കൺഫ്യൂഷൻ വന്നു. ഭാഗ്യലക്ഷ്മിയുണ്ടെന്ന് നയൻതാര പറഞ്ഞു. ഞാൻ നയൻതാരയുമായി സംസാരിച്ചു. നയൻ, ഇദ്ദേഹത്തിന്റെ പടം ഡബ് ചെയ്യാൻ പോയിട്ട് ഇദ്ദേഹം എന്നെ മാറ്റിയിട്ടുണ്ട്, അതിനാൽ ഡബ് ചെയ്യില്ലെന്ന് ഞാൻ പറഞ്ഞു. എന്നാൽ ഞാൻ തന്നെ ഡബ് ചെയ്യാമെന്ന് നയൻതാര. അങ്ങനെ നയൻതാര തന്നെ ആ സിനിമ (പുതിയ നിയമം) ഡബ്തു ചെയ്തു.
തുടക്കത്തിൽ കുറേ തമിഴ് സിനിമകൾ ഞാൻ ചെയ്തു. 1985 ൽ വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്ത് വന്നു. കേരളത്തിൽ നിന്ന് ഒരാളെ അങ്ങോട്ട് കൊണ്ട് പോയി ഡബ് ചെയ്യിക്കാൻ മാത്രം ഉദാര മനസ്കരല്ല തമിഴ് ഇൻഡസ്ട്രി. മലയാള സിനിമയിൽ അനിവാര്യമായത് കൊണ്ട് ഫ്ലെെറ്റ് ചാർജും നമ്മൾ ചോദിക്കുന്ന പേയ്മെന്റും ഹോട്ടലും നൽകും. അങ്ങനെ എന്റെ തമിഴങ്ങ് മാറാൻ തുടങ്ങി. പിന്നെ അത്ര ഭംഗിയായിരുന്നില്ല എന്റെ തമിഴ്. പിന്നെ തമിഴ് സിനിമകൾ ഡബ് ചെയ്തില്ല.