
നടൻ ദിലീപിനെക്കുറിച്ച് തൻ്റെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. “തത്സമയം മീഡിയ” എന്ന ഓൺലൈൻ ചാനലിനെതിരെയാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയിരിക്കുന്നത്. “ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന വാചകത്തോടൊപ്പം തന്റെ ഫോട്ടോയും ഉപയോഗിച്ച് വാർത്ത പ്രചരിപ്പിച്ചുവെന്നാണ് ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നത്.
“കഴിഞ്ഞ 3 ദിവസമായി ‘തത്സമയം മീഡിയ” എന്ന ഓൺലൈൻ മീഡിയ ‘ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന വാചകത്തോട് കൂടി എൻ്റെ ഫോട്ടോയും വെച്ചുകൊണ്ട് ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ (ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം) പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും എനിക്കില്ല ഞാൻ ചെയ്യുകയുമില്ല. മാത്രമല്ല ‘യുഡിഎഫ് കൺവീനർ ആയ അടൂർ പ്രകാശനെതിരെ ഞാൻ നിയമ നടപടിക്ക് ഒരുങ്ങുന്നു’ എന്ന വാർത്തയും ഇതേ മീഡിയയിൽ എൻ്റെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്റെ സത്യ സന്ധമായ സാമൂഹിക പ്രവർത്തനത്തെ സമൂഹത്തിന് മുൻപിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും, ദിലീപ് എന്ന നടൻ ഫാൻസിനെ കൊണ്ട് എന്നെ തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് എന്ന് ഞാൻ സംശയിക്കുന്നു. ആയതിനാൽ ഇത്തരം തെറ്റായ വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്ന തത്സമയം മീഡിയ എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ കർശനമായ നടപടി എടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.” ഭാഗ്യലക്ഷ്മി പരാതിയിൽ കുറിച്ചു.
നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ ശക്തമായ വിമർശനവുമായി ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്ത് വന്നിരുന്നു. ഇതിനെത്തുടർന്ന് ഭാഗ്യലക്ഷ്‌മി സിനിമാ സംഘടനയായ ഫെഫ്കയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയും, ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെയും വിമർശനമുയർത്തുകയും ചെയ്‌തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പേരുവച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിച്ചത്. വ്യാജവാർത്തയ്ക്കെതിരെ നേരത്തെ ഒരു വിഡിയോയും ഭാഗ്യലക്ഷ്മി പങ്കുവയ്ക്കുക ഉണ്ടായി.
“ഇങ്ങനെ ഒരു പോസ്റ്റ് ഞാൻ ഇട്ടിട്ടില്ല, ഇങ്ങനെ ഒരു പോസ്‌റ്റ് ഇടാൻ മാത്രം ഞാൻ അത്ര മണ്ടിയൊന്നുമല്ല. കാരണം ഞാൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്‌തിയാണ്. സിനിമ എന്ന് പറയുന്നത് ഒരാളുടെ മാത്രം സ്വകാര്യ സ്വത്തൊന്നുമല്ല. നൂറിലധികം ആളുകൾ ജോലി ചെയ്തിട്ടുള്ള ഒരു മേഖലയാണത്. ആ സിനിമ ഫ്ലോപ്പ് ആവണം എന്നൊന്നും ഞാൻ ഒരിക്കലും പറയില്ല, എനിക്ക് ആ സിനിമ കാണാൻ താല്‌പര്യമില്ല. അതുകൊണ്ടുതന്നെ ഞാൻ കാണില്ല. എൻ്റെ കാര്യം ഞാൻ തീരുമാനിക്കും, നിങ്ങളുടെ കാര്യം എനിക്ക് എങ്ങനെ തീരുമാനിക്കാൻ. നിങ്ങൾ ആ സിനിമ കാണുവോ കാണാതിരിക്കുമോ എന്തെങ്കിലും ചെയ്യട്ടെ. എന്തിനാണ് തൽസമയം മീഡിയ നിങ്ങൾക്ക് റീച്ച് കിട്ടാൻ വേണ്ടി എന്റെ ഫോട്ടോ വെച്ച് അങ്ങനെയൊരു വാചകം ഉപയോഗിക്കുന്നത്. എനിക്ക് എന്തെങ്കിലും പൊതുജനത്തോട് സംസാരിക്കാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി സംസാരിക്കാനുള്ള എല്ലാ ധൈര്യവും ഉണ്ട്.” ഭാഗ്യലക്ഷ്മി വീഡിയോയിൽ പറഞ്ഞു.