“ശ്വേതക്ക് തെറ്റ് തിരുത്താൻ ഒരവസരം കൊടുക്കാമെന്ന് തോന്നി, ലാലേട്ടൻ തന്നെ തലപ്പത്ത് വരണമെന്നാണ് ആഗ്രഹം”; ബീന ആന്റണി

','

' ); } ?>

അമ്മയിലെ മുതിർന്ന അംഗങ്ങൾ കൈനീട്ടം വാങ്ങിക്കുന്നവരായതിനാൽ കമ്മിറ്റിയിലിരിക്കാനോ മത്സരിക്കാനോ കഴിയില്ലെന്ന സ്ഥിതിക്ക് മാറ്റം വരണമെന്ന് നടി ബീന ആന്റണി. പുറത്തു നിൽക്കുന്ന ആളായത് കൊണ്ട് തന്നെ ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവങ്ങൾ എത്രമാത്രം ഗൗരവമുള്ളതാണെന്ന് മനസിലായതെന്നും, പുറത്തുനിൽക്കുന്നവരായതിനാൽ ആർക്കൊപ്പം നിൽക്കണമെന്നത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും ബീന ആന്റണി പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

“നമ്മളൊക്കെ പുറത്തുനിൽക്കുന്ന ആളുകളാണ്. അവിടെ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ല. ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവങ്ങൾ എത്രമാത്രം ഗൗരവമുള്ളതാണെന്ന് മനസിലായത്. സംഘടനയുമായി ബന്ധപ്പെട്ട് പലരും പുറത്തുവന്ന് സംസാരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അവിശ്വാസപ്രമേയം ഉണ്ടായിരുന്നു. പുറത്തുനിൽക്കുന്നവരായതിനാൽ ആർക്കൊപ്പം നിൽക്കണമെന്നത് ആശയക്കുഴപ്പമുണ്ടാക്കി.

സംഘടനയ്ക്കുള്ളിൽത്തന്നെ രണ്ട്, മൂന്ന് ഗ്രൂപ്പുകൾ വന്നു. അതോടെ ഒരാൾ പറയുന്നത് വേറൊരാൾക്ക് ഇഷ്‌ടമില്ലാതായി, ഒരാൾ മറ്റൊരാളെ തകർക്കാൻ നോക്കി എന്നതുപോലുള്ള പ്രശ്‌നങ്ങളുണ്ടായി. ശ്വേത അവിടെ വന്ന് സംസാരിച്ചപ്പോൾ അവരുടെ തെറ്റുതിരുത്താൻ ഒരവസരംകൂടി നൽകണമെന്ന് തോന്നി.” ബീന ആന്റണി പറഞ്ഞു.

“45 ദിവസമല്ലേ ചോദിച്ചുള്ളൂ. കണക്കുകളിൽ അവർ യാതൊരുവിധ ക്രമക്കേടുകളും ചെയ്‌തിട്ടില്ല. ഈ ഭരണസമിതി കയറുമ്പോൾ ഉണ്ടായിരുന്ന സംഖ്യ ഇപ്പോഴും അവിടെത്തന്നെയുണ്ട്. സ്ത്രീകൾക്ക് ശബ്‌ദമുയർത്താൻ ഒരവസരം ഉണ്ടായില്ലെന്ന സങ്കടമുണ്ട്. ഈ ഭരണസമിതിയെ മുന്നോട്ടുകൊണ്ടുപോകേണ്ട എന്ന് ചിലർക്ക് ആഗ്രഹമുണ്ടായിരുന്നു.

കൈനീട്ടം വാങ്ങുന്നവർക്ക് മത്സരിക്കാൻ പറ്റില്ലെന്ന് പറയുന്നത് കഷ്ടമാണ്. അവർക്ക് വോട്ടവകാശമില്ല. അഡ്ഹോക് കമ്മിറ്റിയിൽപ്പോലും അവർക്ക് സ്ഥാനമില്ല. ഓണററി അംഗങ്ങളാണെന്നാണ് പറയുന്നത്. ലാലേട്ടൻ തന്നെ തലപ്പത്ത് വരണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ വാക്കാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം.” ബീന ആന്റണി കൂട്ടിച്ചേർത്തു.

ഞായറാഴ്ച നടന്ന ജനറൽ ബോഡി യോഗത്തിലാണ് താരസംഘടനയായ അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചത്. നേതൃത്വത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞത്.

വാർഷിക റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല. ഇതിൽ രണ്ടിലുമുള്ള വീഴ്ചകൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനറൽ ബോഡി യോഗത്തിനിടെ പ്രസിഡൻ്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്.

17 അംഗങ്ങളാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. നേതൃത്വത്തിനകത്തുണ്ടായ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്. മുൻപൊരിക്കലും ഇതുപോലൊരു പ്രതിസന്ധി സംഘടനയ്ക്ക് നേരിടേണ്ടിവന്നിട്ടില്ല. ഇതിനെത്തുടർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. നാലുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് നടനും എം.എൽ.എ.യുമായ രമേഷ് പിഷാരടി കൺവീനറായ അഡ്ഹോക്ക് കമ്മിറ്റിയുടെ ശ്രമം. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ‌, സാദിഖ്, ഡോ. റോണി, കലാഭവൻ ഷാജോൺ, ആശാ അരവിന്ദ്, ദേവി ചന്ദന, കൃഷ്‌ണപ്രഭ എന്നിവരാണ് മറ്റംഗങ്ങൾ.