സംഗീത സംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു

','

' ); } ?>

സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു. ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ദീപക് നംജോഷി പറഞ്ഞു.

80-90 കാലഘട്ടത്തെ ഡിസ്‌കോ സംഗീതത്തിലൂടെ ജനപ്രിയത നേടിയ ബപ്പി ലാഹിരി യുടെ അവസാനത്തെ ബോളിവുഡ് ഗാനം 2020 ല്‍ പുറത്തിറങ്ങിയ ബാഗി 3 യിലേതായിരുന്നു. വര്‍ദത്, ഡിസ്‌കോ ഡാന്‍സര്‍, നമക് ഹലാല്‍, ഷറാബി ഡാന്‍സ് തുടങ്ങിയവ ജനപ്രിയ ഹിറ്റുകളായി തുടരുന്നു. സല്‍മാന്‍ ഖാന്‍ അവതാരകനായ ബോളിവുഡ് ഷോ ബിഗ് ബോസ് 15-ല്‍ ആയിരുന്നു ബപ്പി ലാഹിരി അവസാനമായി സ്‌ക്രീനിലെത്തിയത്. കൊച്ചുമകനായ സ്വാസ്തികിന്റെ ബച്ചാ പാര്‍ട്ടി എന്ന ഗാനത്തിന്റെ പ്രൊമോഷന്‍ പരിപാടുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അന്ന് ബിഗ് ബോസ് ഷോയിലെത്തിയത്.

2014ല്‍ പശ്ചിമ ബംഗാളിലെ ശ്രീറാംപൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. 2021 ഏപ്രിലില്‍ കോവിഡ് ബാധിച്ച് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം രോഗമുക്തി നേടി. 1970-80 കാലഘട്ടങ്ങളിൽ ഇന്ത്യൻ സംഗീതത്തിൽ ഡിസ്കോയുടെ സാധ്യതകൾ കൊണ്ട് വന്ന് പ്രേക്ഷക മനസിലേക്ക് ഇടം നേടിയ ലഹിരി ‘ദി ഇന്ത്യൻ ഡിസ്കോ കിങ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ, 1952 നവംബർ 27നാണ് ബപ്പി ലഹിരി എന്ന് ആരാധകർ വിളിക്കുന്ന അലോകേഷ്‌ ലഹിരിയുടെ ജനനം. പ്രശസ്ത ബംഗാളി ഗായകരായ അപരേഷ് ലഹിരിയുടെയും ബൻസുരി ലഹിരിയുടെയും ഏക മകൻ. വേഷത്തിലും സംസാരത്തിലും ഒക്കെ വ്യത്യസ്തനായിരുന്നു ലഹിരി.