
അടൂർ ഗോപാലകൃഷ്ണനെതിരെ സമൂഹമാധ്യമങ്ങളിൽ കമന്റ് പങ്കുവെച്ച് നടൻ ബൈജു. ‘ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി’ എന്നായിരുന്നു ബൈജു സന്തോഷിന്റെ കമന്റ്. നിമിഷ നേരം കൊണ്ടാണ് ബൈജുവിന്റെ പ്രതികരണം വൈറലായിരിക്കുന്നത്. ‘അടൂരിന് ഈ മറുപടി തന്നെയാണ് വേണ്ടത്’ എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് ബൈജുവിന്റെ പോസ്റ്റിന് മറുപടിയായി വന്നുകൊണ്ടിരിക്കുന്നത്.
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച ‘വാനോളം മലയാളം ലാൽ സലാം’ ചടങ്ങിൽ അടൂർ നടത്തിയ പ്രസംഗവും അതിന് മോഹൻലാൽ നൽകിയ മറുപടിയും മുൻപ് അടൂർ മോഹൻലാലിനെക്കുറിച്ച് നടത്തിയ ഒരു പരാമർശവും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ചർച്ചാവിഷയം ആയതോടെയാണ് ബൈജു സന്തോഷിൻ്റെ പ്രതികരണം.
തനിക്ക് രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് ലഭിച്ചപ്പോൾ ഇത്തരത്തിലുള്ള ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ലെന്നും, ഇപ്പോൾ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേക താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. തുടർന്ന് അടൂരിന്റെ പ്രസംഗത്തിന് ശേഷം സംസാരിച്ച മോഹൻലാലിൻറെ മറുപടി ഏറെ ശ്രദ്ധ നേടി. ‘എന്നെപ്പറ്റി ആദ്യമായി പറഞ്ഞ.., അല്ല മുൻപ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂർ സാറിനും നന്ദി,’ എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
ഇതിനിടെയാണ്, മോഹൻലാലിനെ ഒരിക്കലും സിനിമയിൽ കാസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് അടൂർ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഉൾപ്പെടെയുള്ള വിഡിയോ പ്രചരിക്കുകയും ചെയ്തു. ഇതിനു താഴെയാണ് ബൈജു തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.