
തമിഴ് അഭിമുഖത്തിൽ ‘ട്വന്റി ട്വന്റി’ സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ച് നടൻ ജയറാം നടത്തിയ പരാമർശവും അതിനെത്തുടർന്നുണ്ടായ ട്രോളുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ജയറാമിനെ പിന്തുണച്ചും സ്നേഹത്തോടെ പരിഹസിച്ചും നടൻ ബൈജു സന്തോഷ് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ജയറാം പണ്ടുമുതലേ വളരെ എളിയ സ്വഭാവക്കാരനാണെന്നും എന്നാൽ ഈയിടെയായി അദ്ദേഹത്തിന്റെ എളിമ അല്പം കൂടിപ്പോയതു കൊണ്ടാണ് ട്രോളുകൾ വരുന്നതെന്നുമാണ് ബൈജുവിന്റെ നിരീക്ഷണം. ജയറാമിനോട് ഈ എളിമയൊന്ന് കുറയ്ക്കാൻ നേരിട്ട് പറയാൻ ഇരിക്കുകയാണെന്ന് തമാശരൂപേണ ബൈജു പറയുന്നു. ഇത്തരം അമിത എളിമയൊക്കെ തമിഴ്നാട്ടിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെടുമെങ്കിലും കേരളത്തിൽ അത് അത്ര എളുപ്പത്തിൽ നടക്കില്ലെന്നും ബൈജു കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു നടന്റെ പരാമർശം.
‘ട്വന്റി ട്വന്റി’ സിനിമയുടെ ക്ലൈമാക്സിൽ താൻ അഭിനയിക്കാതിരുന്നതിന് തമിഴ് അഭിമുഖത്തിൽ ദീപാവലിയും, വർഷങ്ങൾക്ക് മുൻപുള്ള മലയാളം അഭിമുഖത്തിൽ ശബരിമലയുമാണ് ജയറാം കാരണമായി പറഞ്ഞിരുന്നത്. ഈ രണ്ട് അഭിമുഖങ്ങളുടെയും വീഡിയോകൾ കോർത്തിണക്കിക്കൊണ്ടുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് സഹപ്രവർത്തകനായ ബൈജുവിന്റെ ഈ പ്രതികരണം വന്നിരിക്കുന്നത്.
“പുള്ളി പണ്ടേ അങ്ങനെയാ. സ്വഭാവം അങ്ങനെയാണ്. ഒരു സ്ഥലത്ത് പോകുമ്പോള്‍ 1000 പേരുണ്ടെങ്കില്‍ പുള്ളി പറയും 10000 പേരുണ്ടെന്ന് പറയും. അങ്ങനയെ പറയുള്ളൂ. അതായത് പൊലിപ്പിച്ചേ പറയൂ. അങ്ങേരുടെ ഒരു രീതിയാണത്. പക്ഷേ ആ പറയുന്നത് കേള്‍ക്കാന്‍ ഭയങ്കര രസമാണ്. കേട്ടോണ്ടിരിക്കാന്‍. പിന്നെ ഈയിടെ ആയിട്ട് പുള്ളിയെ കളിയാക്കുന്നത് കൂടുതലാണ്. എളിമ കൂടിപ്പോയത് കൊണ്ട്. എളിമ കാണിച്ചാലും പ്രശ്നമാണോ. ഇല്ലെങ്കില്‍ അഹങ്കാരിയാണെന്ന് പറയും. എളിമ ഇച്ചിരി കൂടിയപ്പോള്‍ അതിനെ ട്രോളി കൊല്ലുകയാണ്. അത് ശകലം കുറച്ചാല്‍ നല്ലത്. പുള്ളിയോടത് ഞാന്‍ പറയാനിരിക്കുകയാണ്. മലയാളിക്ക് ഇത്രയും വേണ്ട. മലയാളിക്ക് ഇത്രയും എളിമ കൊടുക്കരുത്. തമിഴില്‍ ഓക്കെ”, എന്നായിരുന്നു ബൈജു സന്തോഷിന്റെ വാക്കുകൾ.