നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ‘ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്’; ശിവകാമിയുടെ റോളിൽ ഗോദ താരം വാമിഖ ഗബ്ബി

ആര്‍ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് പ്രീക്വല്‍ ഒരുക്കുന്നതായി നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ എന്ന് പേരിട്ടിരിക്കുന്ന സീരിസില്‍ ശിവകാമി ദേവിയായി ഗോദ നായിക വാമിഖ ഗബ്ബി എത്തുന്നു.

ആര്‍ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലെ പ്രധാന കഥാപാത്രമായിരുന്നു രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി. ബുദ്ധിയും ആജ്ഞാശക്തിയുമുള്ള ധീരയായ ശിവകാമിയുടെ കഥാപാത്രത്തെ അതിഗംഭീരമായാണ് രമ്യ കൃഷ്ണന്‍ അവതരിപ്പിച്ചത്. ശക്തയായ രാജ്ഞിയിലേക്കുള്ള ശിവകാമിയുടെ യാത്രയെ ആസ്പദമാക്കിയാണ് നെറ്റ്ഫ്‌ലിക്‌സ് 2018യില്‍ സീരീസ് ഒരുക്കുന്നതായി പ്രഖ്യാപനം നടത്തിയത്.ശിവഗാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്ന സീരീസില്‍ മലയാളിക്ക് ഏറെ പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് ശിവകാമിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള ചിത്രം ഗോദയില്‍ ഗുസ്തി താരമായി വന്ന് പ്രേക്ഷകരുടെ പ്രശംസ നേടിയ നടിയാണ് വാമിഖ ഗബ്ബി. ‘ഗ്രഹാന്‍ എന്ന വെബ് സീരീസിലും മികച്ച പ്രകടനമായിരുന്നു വാമിഖ ഗബ്ബി കാഴ്ചവെച്ചത്. ഇംതിയാസ് അലിയുടെ ‘ജബ് വി മെറ്റ്’ എന്ന ചിത്രത്തിലൂടെയാണ് വാമിഖ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

ആനന്ദ് നീലകണ്ഠന്റെ ”ദി റൈസ് ഓഫ് ശിവകാമിയുടെ” പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന സീരീസ് രാജമൗലിയും പ്രസാദ് ദേവനിനിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം. ആറ് സീസണുകളായി ഒരുങ്ങുന്ന സീരിസിന്റെ ആദ്യ സീസണില്‍ ഒന്‍പത് എപ്പിസോഡുകളാണ് ഉള്ളത്. സുനില്‍ പല്‍വാലാണ് സീരിസില്‍ കട്ടപ്പയായി എത്തുന്നത്. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും പ്രധാന കഥാപാത്രനാകയി എത്തുന്നുണ്ട്.. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്‌ലിസ്‌ക്‌സിനൊപ്പം നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നു.

ആദ്യ സീസണില്‍ ഒന്‍പത് എപ്പിസോഡുകളാണ് ഉള്ളത്. മത്സര ബുദ്ധിയും പ്രതികാര ചിന്തയുമുള്ള ഒരു പെണ്‍കുട്ടിയില്‍ നിന്നും ബുദ്ധിമതിയായ രാജ്ഞിയിലേക്കുള്ള ശിവകാമിയുടെ യാത്രയാണ് ആദ്യ സീസണില്‍ അവതരിപ്പിക്കുന്നത്. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

രണ്ട് ഭാഗങ്ങളുള്ള ചലച്ചിത്ര പരമ്പരയായി തെലുങ്കിലും തമിഴിലുമായാണ് ബാഹുബലി ചിത്രീകരിച്ചത്. ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലെക്ക് ആനിമേറ്റഡ് സീരീസ്, ഗ്രാഫിക് നോവല്‍, ഇംഗ്ലീഷില്‍ ഒരു ട്രൈയോളജി നോവല്‍ സീരീസ് എന്നിങ്ങനെ ചിത്രം സഞ്ചരിച്ച വഴികള്‍ ഏറെയാണ്. 60 മില്യണ്‍ യുഎസ് ഡോളര്‍ നിര്‍മ്മാണ ചിലവിലാണ് രണ്ട് സിനിമകള്‍ ആഗോളതലത്തില്‍ റിലീസിനെത്തിയത്. 2015 ജൂലൈ 10 ന് ബാഹുബലി: ദി ബിഗനിംഗും 2017 ഏപ്രില്‍ 28 ന് രണ്ടാം ഭാഗം ബാഹുബലി: ദി കണ്‍ക്ലൂഷനും പുറത്തിറങ്ങി. പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുബതി, രമ്യ കൃഷ്ണ,നാസ്സര്‍, തമന്ന, സത്യരാജ്, സുധീപ് തുടങ്ങി തമിഴ്-തെലുങ്ക് ചലചിത്ര മേഖലയിലെ എല്ലാ പ്രധാന താരങ്ങളും അണിനിരന്ന ചിത്രത്തിന്റെ സാങ്കേതിക മികവ് അന്നുവരെ ഇന്ത്യന്‍ സിനിമ പരീക്ഷിച്ചിട്ടുള്ളതിനും അപ്പുറമായിരുന്നു. ചിത്രം 1650 കോടിയുടെ വമ്പന്‍ വിജയമാണ് നേടിയത്.