അധ്യാപകര്‍ ചരിത്രം ഓര്‍ക്കേണ്ടതുണ്ട്…മുണ്ടശ്ശേരി മാഷെയും, ഇ എം എസ് എന്ന മുഖ്യമന്ത്രിയേയും ഓര്‍ക്കണം

കൊറോണകാലത്തെ പ്രതിസന്ധിക്ക് പരിഹാരമായി പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക് പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനു സ്റ്റേ വന്നതില്‍ സന്തോഷിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണ്‍. ധാര്‍മ്മികവും മനുഷ്യത്വപരവുമായ സൂചനകളിലേക്ക് കടക്കുന്നതില്‍ കോടതിക്ക് പരിമിതികളുണ്ടാവാം. സത്യത്തില്‍, അങ്ങേയറ്റം സാമ്പത്തിക ഞെരുക്കമുണ്ടായപ്പോള്‍, ആറു ദിവസത്തെ ശമ്പളം കടം ചോദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഉണ്ണികൃഷ്ണന്‍. കോടതിയില്‍ പോയവരെ, ശ്രീ. ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള നേതാക്കള്‍ പറഞ്ഞു പിന്തിരിപ്പിക്കുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, കോടതിവിധിയില്‍ അനല്‍പ്പമായ ആഹ്ലാദം പ്രകടിപ്പിക്കുകയാണവര്‍ ചെയ്തതെന്നും ഉണ്ണികൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു. ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ഒരു വര്‍ഗ്ഗമായി അദ്ധ്യാപകര്‍ മാറിയ ചരിത്രം നന്ദിപൂര്‍വ്വം ഓര്‍ക്കേണ്ടത് മുണ്ടശ്ശേരി മാഷ് എന്ന വിദ്യാഭ്യാസ മന്ത്രിയേയും ഇ എം എസ് എന്ന മുഖ്യമന്ത്രിയേയുമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…

പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക് പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനു സ്റ്റെ. ഇതിനു മുമ്പ് ഈ ഉത്തരവ് ചില അദ്ധ്യാപകര്‍ കത്തിച്ചു. കോടതിയുടെ ഉത്തരവ് സര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. സര്‍ക്കാര്‍ ഉത്തരവിന്റെ നിയമപരമായ സാധുത മാത്രമാണ് കോടതി പരിശോധിച്ചത്. അതിന്റെ ധാര്‍മ്മികവും മനുഷ്യത്വപരവുമായ സൂചനകളിലേക്ക് കടക്കുന്നതില്‍ കോടതിക്ക് പരിമിതികളുണ്ടാവാം. സത്യത്തില്‍, അങ്ങേയറ്റം സാമ്പത്തിക ഞെരുക്കമുണ്ടായപ്പോള്‍, ആറു ദിവസത്തെ ശമ്പളം കടം ചോദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കോടതിയില്‍ പോയവരെ, ശ്രീ. ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള നേതാക്കള്‍ പറഞ്ഞു പിന്തിരിപ്പിക്കുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, കോടതിവിധിയില്‍ അനല്‍പ്പമായ ആഹ്ലാദം പ്രകടിപ്പിക്കുകയാണവര്‍ ചെയ്തത്. ഈ നാട്ടിലെ ഓരോത്തരും തങ്ങളുടെ സമ്പാദ്യത്തിലെ ഒരംശം സഹജീവികള്‍ക്കായി മാറ്റിവെയ്ക്കുന്ന ഈ സാഹചര്യത്തില്‍,ഏതുവിധവും കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനു തുരങ്കം വെയ്ക്കാന്‍ നോക്കുന്നത് നല്ല രാഷ്ട്രീയമല്ല.

കാരൂരിന്റെ ‘പൊതിച്ചോറി’ല്‍ ഒരദ്ധ്യാപകനുണ്ട്; വിദ്യാര്‍ത്ഥിയുടെ പൊതിച്ചോറു കട്ടു തിന്ന് വിശപ്പടക്കുന്ന ഒരദ്ധ്യാപകന്‍. അയാളില്‍ നിന്ന് , ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ഒരു വര്‍ഗ്ഗമായി അദ്ധ്യാപകര്‍ മാറിയ ചരിത്രം നന്ദിപൂര്‍വ്വം ഓര്‍ക്കേണ്ടത് മുണ്ടശ്ശേരി മാഷ് എന്ന വിദ്യാഭ്യാസ മന്ത്രിയേയും ഇ എം എസ് എന്ന മുഖ്യമന്ത്രിയേയുമാണ്. സ്വകാര്യ മാനേജ്‌മെന്റുകളുടെ ചൂഷണത്തില്‍ നിന്ന് അദ്ധ്യാപകരെ മോചിപ്പിച്ചത്, ആ ഭരണകര്‍ത്താക്കള്‍ ഒപ്പിട്ട വിപ്ലവകരമായ സര്‍ക്കാര്‍ ഉത്തരവുകളാണ്. അന്ന്, ആ സര്‍ക്കാര്‍ വിദ്യാഭ്യാസബില്ല് അവതരിപ്പിച്ചതിനെ തുടര്‍ന്നാണല്ലൊ വിമോചനസമരമുണ്ടായത്. ആ സമരത്തിന്റെ നെറികേട് അഭിമാനമായി സിരകളില്‍ കൊണ്ടു നടക്കുന്നവര്‍ , ഉത്തരവ് കത്തിക്കും. കോടതിവിധിയില്‍ ആഹ്ലാദം കൊള്ളും. അത്ഭുതമില്ല.