തനിക്കായി പാടിയ സിനിമയറിയാത്ത നഞ്ചമ്മയെ പരിചയപ്പെടുത്തി പൃഥ്വി

പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ടൈറ്റില്‍ സോംഗ് പുറത്തുവിട്ടു. അട്ടപ്പാടി സ്വദേശി നഞ്ചമ്മയാണ് ഈ ഗാനം പാടിയിരിക്കുന്നത്. ഗാനത്തിനൊടുവില്‍ പൃഥ്വിരാജ് നഞ്ചമ്മയോട് ചോദിക്കുന്ന ചോദ്യവും ഈ അമ്മയുടെ മറുപടിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘അമ്മയ്ക്ക് പൃഥ്വിരാജ് ആരെന്ന് അറിയുമോ?, ബിജു മേനോന്‍ ആരെന്നറിയുമോ?, ഏത് സിനിമയ്ക്ക് വേണ്ടിയാണ് അമ്മ ഈ പാട്ട് പാടിയതെന്ന് അറിയുമോ?’ എന്നുള്ള ചോദ്യങ്ങള്‍ക്ക് നഞ്ചമ്മ പറയുന്ന നിഷ്‌കളങ്കമായ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. ഈ ഗാനത്തിന്റെ വരികളും നഞ്ചമ്മയുടേതാണ്. ജേക്‌സ് ബിജോയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

‘അനാര്‍ക്കലി’ എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടറായി പോലീസ് യൂണിഫോമിലാണ് അയ്യപ്പന്‍ എന്ന കഥാപാത്രമായി ബിജു മേനോന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി എന്ന കഥാപാത്രത്തെ പൃഥ്വിരാജും അവതരിപ്പിക്കുന്നു.

നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സച്ചി രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്തും ഈ ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രമായ കുര്യനെ അവതരിപ്പിക്കുന്നു.

തരികിട സാബു, അനു മോഹന്‍, ജോണി ആന്റണി, സംവിധായകന്‍ അജി ജോണ്‍, അനില്‍ നെടുമങ്ങാട്, ഷാജു ശ്രീധര്‍, കോട്ടയം രമേഷ്, നന്ദു ആനന്ദ്, പ്രവീണ്‍ പ്രേംനാഥ്, സലീഷ് എന്‍ ശങ്കരന്‍, വിനോദ് തോമസ്, റെനിത്ത് ഇളമാട്, ബെന്‍സി എന്നിവര്‍ക്കൊപ്പം നായികാനിരയില്‍ അന്ന രേഷ്മ രാജനും ഗൗരി നന്ദയും അണിനിരക്കുന്നു.