അയ്യപ്പന്റെയും കോശിയുടെയും തിന്തകപ്പോര്, കിടിലന്‍ പ്രോമോ സോംഗ്

‘അനാര്‍ക്കലി’ എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ പൃഥ്വിരാജും ബിജുമേനോനും ആലപിച്ച പ്രോമോ സോംഗ് പുറത്തിറങ്ങി. ‘വന്നോട്ടെ വന്നോട്ടെ വന്നവനിന്ന് മടങ്ങൂലാ…’എന്നു തുടങ്ങുന്ന പാട്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. ബി.കെ ഹരിനാരായണന്റേതാണ് വരികള്‍. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടിയുള്ള സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ മുഖ്യ നായകന്മാര്‍. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടറായി പോലീസ് യൂണിഫോമിലാണ് അയ്യപ്പന്‍ എന്ന കഥാപാത്രമായി ബിജു മേനോന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി എന്ന കഥാപാത്രത്തെ പൃഥ്വിരാജും അവതരിപ്പിക്കുന്നു.

നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സച്ചി രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്തും ഈ ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രമായ കുര്യനെ അവതരിപ്പിക്കുന്നു. തരികിട സാബു, അനു മോഹന്‍, ജോണി ആന്റണി, സംവിധായകന്‍ അജി ജോണ്‍, അനില്‍ നെടുമങ്ങാട്, ഷാജു ശ്രീധര്‍, കോട്ടയം രമേഷ്, നന്ദു ആനന്ദ്, പ്രവീണ്‍ പ്രേംനാഥ്, സലീഷ് എന്‍ ശങ്കരന്‍, വിനോദ് തോമസ്, റെനിത്ത് ഇളമാട്, ബെന്‍സി എന്നിവര്‍ക്കൊപ്പം നായികാനിരയില്‍ അന്ന രേഷ്മ രാജനും ഗൗരി നന്ദയും അണിനിരക്കുന്നു. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. പതിനെട്ടാംപടി, ഫൈനല്‍സ് എന്നീ സിനിമകള്‍ക്ക് ശേഷം സുദീപ് ചെയ്യുന്ന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. പാലക്കാടും അട്ടപ്പാടിയിലുമായാണ് അയ്യപ്പനും കോശിയുടെയും പ്രധാന ചിത്രീകരണം.