
കല്യാണി പ്രിയദർശൻ ചിത്രം ലോകയെ കുറിച്ചുള്ള പരാമർശത്തിൽ വ്യക്‌തത വരുത്തി നടൻ ആയുഷ്മാൻ ഖുറാന. ‘ലോക’ മികച്ച സിനിമയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും, ഹിന്ദി മാർക്കറ്റിൽ ‘തമ’ വൻ വിജയമാകും എന്നാണ് താൻ പറയാൻ ഉദ്ദേശിച്ചതെന്നും ആയുഷ്‌മാൻ ഖുറാന പറഞ്ഞു. ആയുഷ്‌മാൻ ഖുറാനയും രശ്മിക മന്ദാനയും ഒന്നിക്കുന്ന റൊമാൻ്റിക് ഹൊറർ കോമഡി ചിത്രം ‘തമ’, ‘ലോക’യേക്കാൾ മാസ് ആയിരിക്കുമെന്ന താരത്തിന്റെ വാക്കുകൾക്ക് വലിയ രീതിയിൽ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ വ്യക്തത വരുത്തൽ. ബോളിവുഡ് ബബിൾ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘‘ലോക ഗംഭീര സിനിമയാണ്. ഞാൻ നല്ല ഉദ്ദേശ്യത്തിലാണ് ആ സിനിമയെക്കുറിച്ച് അങ്ങനെ പറഞ്ഞത്. ഹിന്ദി മാർക്കറ്റിൽ സിനിമ കുറച്ചുകൂടി എത്തപ്പെടണം എന്നതാണ് പറയാൻ ശ്രമിച്ചത്. ഞാൻ അന്ന് അലഹബാദിൽ ഷൂട്ടിങിലായിരുന്നു, എന്നാൽ അവിടെ അത് റിലീസ് ആയില്ല. അതുകൊണ്ട് ആ സമയത്ത് കാണാനും കഴിഞ്ഞില്ല. പക്ഷേ ‘തമ’ അവിടെ റിലീസുണ്ടായിരുന്നു. പിന്നീട് മുംബൈയിൽ എത്തിയപ്പോഴാണ് ഞാൻ ‘ലോക’ കണ്ടത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർക്കും ചിത്രത്തിന്റെ മുഴുവൻ ടീമിനും ഞാൻ ആശംസ അറിയിക്കുന്നു.”- ആയുഷ്മാൻ ഖുറാനെ പറഞ്ഞു.
ആദിത്യ സർപോത്ദർ സംവിധാനം ചെയ്‌ത ‘തമ’യിൽ പരേഷ് റാവൽ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഒക്ടോബർ 21 ന് ആണ് സിനിമ റിലീസ് ചെയ്തത്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിക്കുന്ന ചിത്രം കൂടിയാണ് ലോക. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കേരളത്തിൽ നിന്ന് മാത്രം 120 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം കേരളത്തിലും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി മാറി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 60 കോടിയോളം നേടിയ ചിത്രം ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ വാരിയ മലയാള ചിത്രമായും മാറി. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തെ ആവേശകരമാക്കി.
“ലോക” ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി മാറിയിരുന്നു. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പർ വിജയം നേടുകയും ഇന്ത്യൻ സിനിമയിലെ ട്രെൻഡ് സെറ്ററായി മാറുകയും ചെയ്തു. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ” ലോക ചാപ്റ്റർ 2″ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ. “ലോക” കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് തന്നെയാണ്.