മലയാള സിനിമാ ചരിത്രത്തില്‍ നിരവധി ഹിറ്റുകളൊരുക്കിയ പിണക്കാട്ട് ഡി. എബ്രഹാമെന്ന സ്വര്‍ഗചിത്ര അപ്പച്ചന്റെ സിനിമാ യാത്രകളുടെ രണ്ടാം ഭാഗമാണ് സെല്ലുലോയ്ഡ് പ്രസിദ്ധീകരിക്കുന്നത്. കര്‍ഷകനായി കഴിയേണ്ട മനുഷ്യന്‍ വെള്ളിത്തിരയോടുള്ള അഭിനിവേശത്തില്‍ ചലച്ചിത്ര ലോകത്തെത്തിപ്പെട്ടപ്പോള്‍ സിനിമയ്ക്ക് ലഭിച്ചത് ഒരു സുവര്‍ണ്ണകാലഘട്ടമാണ്. ഇഷ്ട സംവിധായകന്‍ ഫാസിലിനൊപ്പം ചേര്‍ന്ന് ചെയ്ത ആദ്യ സിനിമ പരാജയമായെങ്കിലും രണ്ടാമത്തെ ചിത്രമായ മണിവത്തൂരിലെ ആയിരം ശിവരാത്രികളിലൂടെ ചെറിയ ലാഭം ഉണ്ടായി. തുടര്‍ന്ന് റാംജിറാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, എന്റെ സൂര്യപുത്രിക്ക്, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങീ ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമായി നിരവധി സിനിമകള്‍ മലയാളത്തിലെത്തി. ഇതില്‍ ഗോഡ്ഫാദര്‍ തിരുവനന്തപുരം ശ്രീവിശാഖയില്‍ 405 ദിവസം ഓടി. മണിച്ചിത്രത്താഴ് 366 ദിവസവും അനിയത്തിപ്രാവ് 200 ദിവസവുമാണ് ഓടിയത്. നിര്‍മാണവും വിതരണവുമായി സ്വര്‍ഗചിത്രയുടെ ബാനറില്‍ 40 ചിത്രങ്ങള്‍ പിറന്നു. വേഷം എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിന് ശേഷം ചെറിയ ഇടവേളയെടുത്ത് മാറി നിന്ന അപ്പച്ചന്‍ മമ്മൂട്ടിയുമായി വീണ്ടും എത്തുകയാണ്. അദ്ദേഹം സെല്ലുലോയ്ഡിനോട് തന്റെ ഹിറ്റ് ചിത്രങ്ങളെ കുറിച്ച് മനസ്സുതുറക്കുകയാണ്…
- വിയറ്റ്‌നാം കോളനിയെക്കുറിച്ച്…
ഹ്യൂമറും മാസും എല്ലാം അടങ്ങിയിട്ടുള്ള ചിത്രമാണ് വിയറ്റ്‌നാംകോളനി. മോഹന്‍ലാല്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ആ ചിത്രത്തിന് വേണ്ടി. ഒരു കഥാപാത്രം കിട്ടിയാല്‍ അതിനുവേണ്ടി എന്തു ചെയ്യാനും തയ്യാറാണ് മോഹന്‍ലാല്‍.
- സൂപ്പര്‍താരങ്ങളെയെന്നപോലെ പുതുമുഖമായ ചാക്കോച്ചനെവെച്ചും സിനിമ ചെയ്തു. ആ സിനിമയുടെ എക്‌സ്പീരിയന്‍സ്?
ഒരു ദിവസം രാവിലെ ആലപ്പുഴയില്‍ നിന്ന് പാച്ചിക്ക എന്നെ ഫോണില്‍ വിളിച്ചു. അന്നത്തെ മാതൃഭൂമി പത്രത്തില്‍ ഒരു വാര്‍ത്ത ഉണ്ടായിരുന്നു ഒരു പെണ്‍കുട്ടി ഒളിച്ചോടിപ്പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവന്നു. ആ ന്യൂസ് കണ്ടിട്ടാണ് പാച്ചിക്ക എന്നെ വിളിക്കുന്നത്. പാച്ചിക്ക എന്നോട് പറഞ്ഞു ആ ന്യൂസ് വെച്ചിട്ടെനിക്കൊരു കഥയുണ്ടാക്കണമെന്ന്. അതില്‍ നിന്നാണ് അനിയത്തിപ്രാവിന്റെ ത്രെഡ് ഉണ്ടാകുന്നത്. ഞാനും പാച്ചിക്കയും തമ്മില്‍ ഒരു പ്രൊഡ്യൂസര്‍-ഡയറക്ടര്‍ തമ്മിലുള്ള മാനസ്സിക അടുപ്പമല്ല ഉണ്ടായിരുന്നത്. അതിലുമപ്പുറം ഒരു സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. കാസ്റ്റിംഗില്‍ പുതുമുഖങ്ങള്‍ മതി എന്നുള്ളത് ആദ്യമേ തീരുമാനിച്ചിരുന്നു. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യാന്‍ അദ്ദേഹത്തിന് അന്നും ഇന്നും ഭയങ്കര താല്‍പ്പര്യമാണ്. ഒരു സ്‌ക്കൂള്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥിയോട് പറയുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ സംസാരം. അദ്ദേഹത്തിന്റെ ഒരു രീതിയാണത്. അത് ശ്രദ്ധിച്ചിരുന്ന് കേട്ടാല്‍ സമയം പോവുന്നത് അറിയില്ല. അതില്‍നിന്ന് നമുക്ക് ഒരുപാട് പഠിക്കാന്‍ പറ്റും. ഇതില്‍ എനിക്കെന്തെങ്കിലും ഒരു അറിവോ ജ്ഞാനമോ കിട്ടിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അടുത്തുനിന്ന് മാത്രമാണ്. വലിയൊരു മാഷാണ് അദ്ദേഹം. അത് കൂടെ നടന്നവര്‍ക്ക് മാത്രമേ അറിയാന്‍ പറ്റു.
കുഞ്ചാക്കോ ബോബന്റെ അച്ഛന്‍ ബോബന്‍ ആലപ്പുഴ ഷൂട്ട് ഉള്ളപ്പോള്‍ സെറ്റില്‍ വരുമായിരുന്നു. പാച്ചിക്കയും ബോബച്ചനും നല്ല സുഹൃത്തുക്കളായിരുന്നു. ചിലപ്പോള്‍ ചാക്കോച്ചന്റെ അമ്മ മോളി ചേച്ചിയും ബോബച്ചന്റെ കൂടെയുണ്ടാവും. അങ്ങനെയാണ് ചാക്കോച്ചനെകുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. അങ്ങനെ പാച്ചിക്ക ബോബച്ചനോട് പറഞ്ഞു ഞാന്‍ നാളെ വീട്ടിലേയ്ക്ക് വരുന്നുണ്ട് എനിക്കൊന്ന് ചാക്കോച്ചനെ കാണണമെന്ന്. അന്ന് ബികോമിന് പഠിച്ച്‌കൊണ്ടിരിക്കുന്ന ഒരു പയ്യനായിരുന്നു ചാക്കോച്ചന്‍. അവന് അഭിനയിക്കാന്‍ യാതൊരു താല്‍പ്പര്യവുമില്ലായിരുന്നു. പാച്ചിക്ക കഥയുടെ കാര്യങ്ങളൊക്കെ പറഞ്ഞ് അവനെ ലെവലാക്കിക്കൊണ്ടുവരുന്നുണ്ട്. ബോബച്ചനും മോളിചേച്ചിയ്ക്കും ചാക്കോച്ചനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വളരെ താല്‍പ്പര്യമുണ്ടായിരുന്നു. ചാക്കോച്ചനെ അന്ന് കാണുമ്പോള്‍ തന്നെ നമുക്ക് ഇഷ്ടം തോന്നുമായിരുന്നു. അങ്ങനെ പതിയ പതിയെ ചാക്കോച്ചന്‍ അഭിനയിക്കുകയായിരുന്നു. അപ്പോഴും ചിത്രത്തിന്റെ ക്ലൈമാക്‌സ് കിട്ടിയിരുന്നില്ല. അത് പിന്നീട് തയ്യാറാക്കിയതാണ്. മനുഷ്യ മനസ്സിനെ മനസ്സിലാക്കിയ ഡയറക്ടര്‍ക്കേ അനിയത്തിപ്രാവ് പോലൊരു ചിത്രം ചെയ്യാന്‍ സാധിക്കൂ. അതാണ് ആ സിനിമ അത്രമാത്രം വിജയിക്കാന്‍ കാരണമായത്. അന്നെല്ലാം സൂപ്പര്‍സ്റ്റാറുകളുടെ സിനിമ കത്തിനില്‍ക്കുന്ന സമയമാണ്. ആദ്യദിവസമൊക്കെ കുറച്ചുപേര്‍ മാത്രമേ തിയേറ്ററില്‍ ഉണ്ടായിരുന്നുള്ളു. മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോഴേക്കും ചിത്രത്തിന്റെ ക്ലൈമാക്‌സ് എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു. വലിയൊരു മാനുഷിക ബന്ധം തന്നെയാണ് ചിത്രം പറയുന്നത്. അതിനാല്‍ തന്നെയാണ് അനിയത്തിപ്രാവ് ജനമനസ്സുകളില്‍ ഇന്നും നിറഞ്ഞ്‌നില്‍ക്കുന്നത്.
- ചിത്രീകരണം തുടങ്ങിക്കഴിഞ്ഞതിന് ശേഷം ഇതേപോലെ ക്ലൈമാക്‌സ് മാറിയതും അപ്രതീക്ഷിതമായി ട്വിസ്റ്റുകള്‍ വന്നതുമായ സിനിമകള്‍ ഏതെങ്കിലുമുണ്ടോ..?
ക്ലൈമാക്‌സ് മാറ്റം വരുത്തി റീഷൂട്ട് ചെയ്ത സിനിമയാണ് എന്റെ സൂര്യപുത്രി. റീറെക്കോര്‍ഡിംഗ് കഴിഞ്ഞിട്ട് ഞങ്ങള്‍ ചിത്രത്തിന്റെ കോപ്പികണ്ടു. പാച്ചിക്ക തന്നെ പറഞ്ഞിട്ടാണ് ചിത്രം റീഷൂട്ട് ചെയ്തത്. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.
- സാറിന്റെ മനസ്സിനെ സ്വാധീനിച്ച ഹിറ്റ് ചിത്രങ്ങള്‍..
മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രം. ഇപ്പോഴും ആ ചിത്രം കണ്ടിട്ട് ആളുകള്‍ നല്ല സിനിമയാണെന്നു പറയുന്നു. എന്റെ മൂത്ത മകനോട് അവന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകള്‍ ഏതെന്നു ചോദിച്ചാല്‍ ഇപ്പോഴും പറയുക മണിവത്തൂരിലെ ആയിരം ശിവരാത്രികളാണ്. കുടുംബ ബന്ധങ്ങളെക്കുറിച്ചെല്ലാം മനോഹരമായി ആ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
- തമിഴില്‍ ഫ്രണ്ട്‌സിന്റെ റീമേക്കില്‍ സൂര്യയും വിജയ്‌യുമാണ് നായകന്‍മാര്‍. എങ്ങനെയുണ്ടായിരുന്നു എക്‌സ്പീരിയന്‍സ്…?
ഒരു സിനിമയെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താലാണ് ഞാന്‍ നിര്‍മ്മാണ മേഖലയിലേക്ക് കടന്നത്. ഞാന്‍ ഒന്നില്‍ കൂടുതല്‍ സിനിമയെടുത്തിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ പാച്ചിക്കയും മമ്മൂട്ടിയുമാണ്. ഈ രണ്ടുപേര്‍ക്കും എന്നോട് തോന്നിയ സിംപതി, ഇഷ്ടം, ദയ എന്നിവ കാരണമാണ്. ഇല്ലെങ്കില്‍ രണ്ടാമതൊരു ചിത്രം സ്വര്‍ഗ്ഗചിത്രയ്ക്കുണ്ടാവില്ല. മമ്മൂട്ടിയെന്ന വലിയ നടന്റെ വലിയ മനസ്സില്‍ നിന്നു വന്ന ഒരു വലിയ ചിന്തയുടെ ഭാഗമല്ലായിരുന്നുവെങ്കില്‍ ഇന്ന് സ്വര്‍ഗചിത്ര അപ്പച്ചനില്ല.
ഒരിക്കല്‍ അനിയത്തിപ്രാവിന്റെ റീമേക്ക് ‘കാതല്‍ക്ക് മര്യാദൈ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. അന്ന് ഞാന്‍ ഷൂട്ടിങ്ങ് കാണാന്‍ പാച്ചിക്കയുടെ അടുത്ത്‌പോയി. പാച്ചിക്ക വിജയ്‌യുടെ അടുത്ത് ചെന്ന് ഇത് അനിയത്തിപ്രാവിന്റെ പ്രൊഡ്യൂസര്‍ എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. വിജയ് വലിയ ബഹുമാനത്തോടെ എന്റെയടുത്ത് വന്നിരുന്നു. ഞാന്‍ വിജയ്‌യോട് ചോദിച്ചു വിജയ് നീ ഈ സിനിമയ്ക്ക് എത്ര പ്രതിഫലം വാങ്ങുന്നുണ്ടെന്ന്. അപ്പോള്‍ വിജയ് പറഞ്ഞു 17 ലക്ഷമാണ് തന്റെ പ്രതിഫലമെന്ന്. ഞാന്‍ പറഞ്ഞു ഈ സിനിമ കഴിഞ്ഞാല്‍ നിന്റെ ശമ്പളം 1 കോടിയാവുമെന്ന്. ശേഷം ഒരു ദിവസം ഞാന്‍ സെറ്റില്‍ പോയപ്പോള്‍ വീണ്ടും വിജയ്‌യെ കണ്ടു. അന്നു ഞാന്‍ വിജയ്‌യോട് പറഞ്ഞു എനിക്കൊരു സിനിമ വിജയ്‌യെ വെച്ച് ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ഒരു ഡേറ്റ് തരുമോയെന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു ഇത്‌പോലെ സൂപ്പര്‍ഹിറ്റായൊരു ചിത്രം റീമേക്ക് ചെയ്യാമോ ഞാന്‍ അഭിനയിക്കാമെന്ന് പറഞ്ഞു ‘ഫ്രണ്ട്‌സ്’ സിനിമ കണ്ടപ്പോള്‍ എനിക്ക് മനസ്സില്‍ തോന്നി ഈ സിനിമ വിജയ്ക്ക് പറ്റുമെന്ന്. ചിത്രം ഞാന്‍ വിജയ്‌യെയും അവന്റെ അച്ഛനെയും കാണിച്ചുകൊടുത്തു. ആ ചിത്രം ചെയ്യാം ക്ലൈമാക്‌സില്‍ കുറച്ച് മാറ്റം വരുത്തിയാല്‍ നന്നാവും എന്നൊക്കെ അവരും പറഞ്ഞു. അങ്ങനെയാണ് ഫ്രണ്ട്‌സ് തമിഴില്‍ എടുക്കാന്‍ തീരുമാനിക്കുന്നത്.
എഡിറ്ററായിരുന്ന ടി.ആര്‍ ശേഖര്‍ സാറാണ് പറഞ്ഞത് മദ്രാസിലെ ലയോള കോളേജില്‍ വിജയ്‌യും സൂര്യയും ഒന്നിച്ചു പഠിച്ചതാണെന്ന്. അന്ന് സൂര്യ അഭിനയിച്ച ‘നേര്‍ക്ക് നേര്‍’ എന്ന ചിത്രം പരാജയമായിരുന്നു. ആ ചിത്രം പരാജയമായതിന്റെ പേരില്‍ അന്ന് സൂര്യയെ അവിടുള്ള മാധ്യമങ്ങള്‍ വളരെയധികം താഴ്ത്തിക്കെട്ടിയിരുന്നു. അത് സൂര്യയ്ക്ക് വളരെയധികം വിഷമമുണ്ടാക്കി. ശേഷം ഇനി താന്‍ അഭിനയിക്കില്ലെന്ന ഉറച്ച തീരുമാനമെടുത്ത് സൂര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പഠിക്കാന്‍ പോയി. ഇൗ കാര്യങ്ങളൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞാനും ശേഖര്‍ സാറും ചേര്‍ന്നാണ് സൂര്യയെ കാണാന്‍ പോയത്. ഞങ്ങളവിടെ ചെല്ലുമ്പോള്‍ സൂര്യയുടെ അച്ഛന്‍ ശിവകുമാര്‍ സാറായിരുന്നു ഉണ്ടായിരുന്നത്. സാറോട് ഞങ്ങള്‍ കാര്യം പറഞ്ഞു. അദ്ദേഹം ഞങ്ങളോട് ദേഷ്യപ്പെട്ടു. സൂര്യയ്ക്ക് അഭിനയിക്കാനറിയില്ല എന്നു പറഞ്ഞായിരുന്നു ദേഷ്യപ്പെട്ടത്. ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചുപോരാന്‍ നേരം സൂര്യയുടെ അമ്മ ഞങ്ങളുടെ അടുത്തേയ്ക്ക് ഓടി വന്നു പറഞ്ഞു. സാര്‍ സൂര്യയ്ക്ക് അഭിനയിക്കാന്‍ വലിയ ആഗ്രഹമുണ്ട്, ആ ചിത്രം പരാജയപ്പെട്ടതില്‍ അവനെ എല്ലാവരുംകൂടെ ഒറ്റപ്പെടുത്തുകയാണ്, അവനെ അഭിനയിപ്പിക്കണം എന്നപേക്ഷിച്ചു. സൂര്യ അപ്പോള്‍ ക്രിക്കറ്റ് കളിക്കാന്‍ പോയതായിരുന്നു. സൂര്യയോട് പിറ്റേദിവസം എന്റെ ഫഌറ്റിലേയ്ക്ക് വരാന്‍ പറഞ്ഞു. പിറ്റേ ദിവസം നാല് മണിയായപ്പോള്‍ സൂര്യ വന്നു. സിദ്ദിഖ്, ശേഖര്‍ സാര്‍, തിരക്കഥാകൃത്ത് ഗോകുല്‍ കൃഷ്ണന്‍ തുടങ്ങിയവരും അവിടെ ഉണ്ടായിരുന്നു. സൂര്യയ്ക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ആ ചിത്രത്തില്‍ അഭിനയിക്കാന്‍. വിജയും സൂര്യയും യഥാര്‍ത്ഥ ഫ്രണ്ട്‌സാണ്. അപ്പോള്‍ ചിത്രത്തിന് ഫ്രണ്ട്‌സെന്ന ടൈറ്റില്‍ ഇടുമ്പോള്‍ കാസ്റ്റിംഗില്‍ സത്യമുണ്ടാവുന്നു. അപ്പോഴേ പ്രേക്ഷകര്‍ക്ക് ദഹിക്കൂ. അന്ന് ഫ്രണ്ട്‌സില്‍ അഭിനയിക്കുമ്പോള്‍ വിജയ്ക്ക് ഒന്നേ കാല്‍ കോടി രൂപയാണ് പ്രതിഫലം. സൂര്യയ്ക്ക് വെറും അഞ്ച് ലക്ഷവും. ഈ പൈസ കൊടുക്കുമ്പോള്‍ സൂര്യയ്ക്ക് ഒരു രൂപ പോലും വേണ്ടായിരുന്നു. കാരണം അവന് അഭിനയിക്കാന്‍ അത്രയും ആഗ്രഹമുണ്ടായിരുന്നു.
- വേഷമാണ് ഒടുവില്‍ നിര്‍മ്മിച്ച ചിത്രം. പത്തുവര്‍ഷത്തോളമായി ഇടവേള. എന്താണ് ഒരു ഇടവേളയെടുക്കാനുള്ള തീരുമാനം?
നാല്‍പ്പതോളം സിനിമകള്‍ ഞാന്‍ നിര്‍മ്മിച്ചു. ഒരു ഇടവേള വന്നതുതന്നെയാണ്. ആ ഇടവേളയില്‍ ഞാന്‍ മറ്റ് നിര്‍മ്മാണ കാര്യങ്ങളിലേക്കാണ് ശ്രദ്ധ കൊടുത്തത്. ആ ഇടവേളയുടെ സമയത്താണ് ബസ്‌കണ്ടക്ടര്‍ സിനിമ ചെയ്യാനായിട്ട് അവസരം ലഭിച്ചത്. പക്ഷെ ആ ചിത്രത്തിന്റെ കഥ എനിക്ക് പൂര്‍ണ്ണമായിട്ട് തൃപ്തി തോന്നിയില്ല. അത്‌കൊണ്ട് വേറൊരു പ്രൊഡ്യൂസര്‍ ചെയ്തു. അങ്ങനെയങ്ങ് നീണ്ടുപോയതാണ്.
- പുതിയ കഥകളുമായി ആളുകള്‍ വരാറുണ്ടോ ?
പുതിയ കഥകളുമായി ഒരുപാട്‌പേര്‍ വരാറുണ്ട്. ഞാന്‍ കേള്‍ക്കാറില്ല. ആദ്യമൊക്കെ കുറച്ചൊക്കെ കേള്‍ക്കുമായിരുന്നു. ആ കഥകളിലൊന്നും പുതുമ തോന്നിയില്ല. പുതിയ സിനിമകളെല്ലാം ഞാന്‍ കാണാറുണ്ട്. നല്ല സിനിമയാണെന്നറിഞ്ഞാല്‍ മാത്രമേ പോയി കാണാറുള്ളു. സിനിമ ഇറങ്ങുന്ന ആദ്യ ദിവസംതന്നെ ഇടിച്ചുകയറി ആദ്യകാലങ്ങളിലുള്ളപോലെ പോകാറില്ല.
- പുതിയ ചിത്രങ്ങള്‍..
സിബിഐയുടെ അഞ്ചാംഭാഗം സേതുരാമയ്യര്‍ 5 ആണ് വരാനിരിക്കുന്ന ചിത്രം. ഈ വര്‍ഷം അവസാനത്തോട്കൂടി ഷൂട്ടിംഗ് ആരംഭിക്കണമെന്നാണ് തീരുമാനം. മമ്മൂക്കയാണ് നായകന്‍. അതിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. എസ്.എന്‍ സ്വാമിയാണ് കഥ ഒരുക്കുന്നത്. ഏകദേശം കഥയും ശരിയായി കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോട്കൂടി, അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം തുടങ്ങും. ആ ഒരു സിനിമ മാത്രമേ ഇപ്പോള്‍ മനസ്സിലുള്ളൂ.
- ഫിലോമിന ചേച്ചിയുമായുള്ള അടുപ്പം..
ഗോഡ്ഫാദറിലെ ആനപ്പാറ അച്ചാമ്മയായി എന്‍.എന്‍ പിളളയുമായി പിടിച്ചുനില്‍ക്കുന്ന കഥാപാത്രമാണ് ഫിലോമിനചേച്ചിയുടേത്. അത്‌വരെയും ഫിലോമിന ചേച്ചിയെ ഞാന്‍ സിനിമകളിലേ കണ്ടിട്ടുള്ളു. നേരിട്ട് കണ്ടിരുന്നില്ല. ഞാനും പ്രൊഡക്ഷന്‍ മാനേജറും ചേര്‍ന്ന് ഗോഡ്ഫാദര്‍ ചിത്രത്തിലേക്കായി ഫിലോമിന ചേച്ചിയെ ബുക്ക് ചെയ്യാന്‍ മദ്രാസിലേയ്ക്ക് പോയി. ഫിലോമിന ചേച്ചിയെ കണ്ടത് മുതല്‍ എനിക്ക് ടെന്‍ഷനായി. കാരണം എന്‍.എന്‍ പിളളയുടെ ഗാംഭീര്യവുമായി ചേര്‍ന്ന് പോകുമോ എന്നതിലായിരുന്നു ആശങ്ക. ഞാനിങ്ങനെ ടെന്‍ഷന്‍കൊണ്ട് ചേച്ചിയെ നോക്കിയപ്പോള്‍ ചേച്ചിക്ക് കാര്യം മനസ്സിലായി. അപ്പോള്‍ ചേച്ചി എന്നോട് പറയുകയാണ് എന്താ മോന്‍ നോക്കുന്നത്..മോനേ. നമ്മുടെ മിടുക്ക് വീട്ടിലല്ല കേട്ടോ…മിടുക്ക് സ്‌ക്രീനില്‍ കാണാം എന്നായിരുന്നു. സ്‌ക്രീനില്‍ ഫിലോമിന ചേച്ചി തകര്‍ക്കുകയായിരുന്നു. ദൈവം അനുഗ്രഹിച്ച ആര്‍ട്ടിസ്റ്റുകള്‍ക്കേ അങ്ങനെ അഭിനയിക്കാന്‍ സാധിക്കൂ.
- ഫ്രണ്ട്‌സിന് ശേഷം സൂര്യയെ കണ്ടിരുന്നോ..
സൂര്യയെ കണ്ടിരുന്നു. കാണുമ്പോഴെല്ലാം അവന്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് നന്ദി പ്രകടനം നടത്തും. ഫ്രണ്ട്‌സെന്ന സിനിമയില്ലെങ്കില്‍ സൂര്യ അഭിനയത്തിലേയ്‌ക്കേ ചിലപ്പോള്‍ വരില്ല. നായക സമാനമായിട്ടുള്ള ക്യാരക്ടറാണ് സൂര്യ ആ ചിത്രത്തില്‍ ചെയ്തത്. വിജയ്‌യെക്കാളും ഒരുപടി മുകളിലായിരുന്നു ഫ്രണ്ട്‌സില്‍ സൂര്യയുടെ അഭിനയം. കൂടാതെ നല്ല ശബ്ദത്തിന്റെ ഉടമകൂടിയാണ് സൂര്യ.