പത്ത് കോടിയുടെ പരസ്യ ഓഫറിനോട് നോ പറഞ്ഞ് ശില്‍പ്പ ഷെട്ടി, കാരണമിതാണ്…

ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ മറ്റേത് താരങ്ങളേക്കാളും മുന്‍പന്തിയിലാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി. താരത്തിന്റെ ഒരു തീരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള വമ്പന്‍ ഓഫറാണ് ശില്‍പ്പ തള്ളിക്കളഞ്ഞിരിക്കുന്നത്. മിഡ് ഡേയാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

പത്ത് കോടിയുടെ പ്രതിഫലമാണ് ശില്‍പ്പ വേണ്ടെന്നുവെച്ചത്. ഈ ഓഫര്‍ തള്ളിക്കളഞ്ഞതിന് കാരണമായി ശില്‍പ്പ പറഞ്ഞ കാര്യമാണ് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്. ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ എനിക്കാവില്ല. മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. ജീവിതചര്യ ചെറുതായി ഒന്ന് പരിഷ്‌കരിക്കരിച്ചാല്‍ ദീര്‍ഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകുമെന്നും ശില്‍പ്പ പറയുന്നു.