മലയാളത്തിന്റെ മഹാനടന് ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു.മമ്മൂട്ടിയുടെ പിആര്‍ഒയും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യ സ്റ്റാമ്പ് ആസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എംപി പ്രകാശനം ചെയ്തു. ചടങ്ങിന് ആശംസകളറിയിച്ച് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആന്‍ഡ്രൂ ചാള്‍ട്ടന്‍ വായിച്ചു. ആസ്ത്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് ആസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ എം.പിമാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് ”പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ”.