
നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർമാരിലൊരാൾ തന്നോട് ഒരു ലക്ഷം രൂപ ചോദിച്ചുവെന്ന നിർമാതാവിന്റെ ആരോപണത്തിനെതിരെ പ്രതികരിച്ച് യൂട്യൂബർ അശ്വന്ത് കോക്കർ. ചിത്രത്തിലെ നായകനായ മാധവ് സുരേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തമായ തെളിവ് ഹാജരാക്കണമെന്ന് അശ്വന്ത് കോക്ക് ആവശ്യപ്പെട്ടു. നടന്റേത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും, ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അശ്വന്ത് കോക്ക് ഇക്കാര്യത്തിൽ മറുപടി നൽകിയത്.
സിനിമ റിലീസ് ചെയ്ത് ആദ്യ ഷോ കഴിഞ്ഞയുടൻ തന്നെ യൂട്യൂബർമാർ ചിത്രത്തിന്റെ പ്രധാന കഥാതന്തു വെളിപ്പെടുത്തി റിവ്യൂസ് നൽകിയെന്നാണ് നിർമാതാവ് അനിൽ കുമാറിന്റെ പ്രധാന പരാതി. ഇതിന് പുറമെയാണ് പണം ആവശ്യപ്പെട്ടെന്ന ഗുരുതരമായ ആരോപണവും ഉയർന്നത്. എന്നാൽ ഇത്തരം ബ്ലാക്ക്‌മെയിലിംഗ് ആരോപണങ്ങൾ സിനിമാ അണിയറപ്രവർത്തകർ സ്ഥിരമായി ഉന്നയിക്കുന്നതാണെന്നും, തനിക്കെതിരെ തെളിവുണ്ടെങ്കിൽ അത് പുറത്തുവിടണമെന്നുമാണ് അശ്വന്ത് കോക്കിന്റെ പക്ഷം. വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള ഇത്തരം പ്രസ്താവനകൾക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
“ചിത്രത്തിന്റെ നിർമാതാക്കളിലൊരാൾ വാർത്താ സമ്മേളനം വിളിച്ചിട്ട് പറയുകയാണ് ഞാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന്. ഞാൻ ഓൺ റെക്കോർഡ് പറയുന്നു. ഞാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതിന് തെളിവ് നിങ്ങളുടെ അടുത്തുണ്ടോ ?. ഞാൻ ആവശ്യപ്പെട്ടു എന്ന് നീ പറയുന്നല്ലോ. എടാ പറയുന്നതിന് ഒരു മിനിമം മര്യാദ വേണം. എന്നെ നാണം കെടുത്താൻ ഒരു ലക്ഷം ഉലുവയോ. ഒരു ലക്ഷം രൂപ കേരളത്തിലെ എല്ലാ ജനങ്ങൾക്കും കൊടുത്താൽ പോലും അവർ ഈ പടം കാണൂല്ലാ.
അത്രയും മോശം പടമാണത്. ഇതെല്ലാം കണ്ട് തീർത്ത അവസ്ഥ എനിക്കറിയാം. എന്നിട്ട് ഈ മാന്യൻ ഇരുന്ന് പറയുവാണേ, ഒരു ലക്ഷം രൂപ ഞാൻ ആവശ്യപ്പെട്ടെന്ന്. ഞാൻ ഇതിൽ കേസ് ഫയൽ ചെയ്യുകയാണ്. ഞാൻ പൈസ ആവശ്യപ്പെട്ടതിന് തെളിവ് കാണിക്ക്. തെളിവ് കാണിക്ക്. ഇയാൾ പറയുന്നു ഓൺലൈൻ ട്രാൻസാക്ഷൻ അല്ല, എന്റെ ആൾക്കാരാണ് ഇവനെ ബന്ധപ്പെടുന്നതെന്ന്.
പാണ്ടി കരിമ്പാറേ എന്റെ ഏത് ആൾക്കാര് ?. ഞാൻ തനിയാൾ. ഞാൻ ബ്രോമൻസിന് പൈസ വാങ്ങിച്ച്, അതിരടിക്ക് പൈസ വാങ്ങിച്ച്… എടോ എനിക്ക് അത്രയും പൈസ ആവശ്യമില്ലെടോ ജീവിക്കാൻ. അത്രയും പൈസ വാങ്ങിച്ചിട്ട് ഞാനെന്ത് കാണിക്കാൻ. അങ്കം അട്ടഹാസത്തിന്റെ നിർമാതാവിനെ ഞാൻ വെല്ലുവിളിക്കുകയാണ്. സുരേഷ് ഗോപിയുടെ മോനേ മാധവ് സുരേഷ് നിന്നോട് ഞാൻ പറയുകയാണ്… എവിടെ തെളിവ് ?. തെളിവ് കാണിച്ചിട്ട് പറയെടാ.
ഒരാളുടെ അടുത്ത് നിന്ന് ഒരു കാലിചായ വാങ്ങി കുടിക്കാത്ത ഒരാളാണ് ഞാൻ. മാധവ് സുരേഷേ നിനക്ക് എവിടുന്നാടാ ഞാൻ പൈസ വാങ്ങിച്ചതിന് തെളിവ് കിട്ടിയത്. എവിടുന്നാടാ പൈസ വാങ്ങിച്ചത്. നിന്റെ ചേട്ടനുണ്ടല്ലോ ഗോകുൽ സുരേഷ്. അദ്ദേഹത്തിന്റെ സിനിമയ്ക്കൊക്കെ എനിക്ക് ഇഷ്ടപ്പെട്ടിട്ട് പോസിറ്റീവ് പറഞ്ഞിട്ടുള്ള ആളാണ് ഞാൻ.
നിന്റെ അച്ഛന്റെ സുരേഷ് ഗോപിയുടെ ഏറ്റവും വലിയ ഫാനായിരുന്നു ഞാൻ ഒരു കാലത്ത്. ‘ബഡാ ദോസ്ത്’ ഒക്കെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട ആളാണെടാ ഞാൻ. ടൈഗർ, ചിന്താമണി കൊലക്കേസ് ഇതൊക്കെ ഫസ്റ്റ് ഡേ കണ്ടവാനാടാ ഞാൻ. നിന്റെ അച്ഛന്റെ ഫാനാടാ ഞാൻ. ഉളുപ്പുണ്ടോടാ നിനക്ക് എന്നെക്കുറിച്ച് പറയാൻ. ഞാൻ പൈസ വാങ്ങിയതിന് എന്തെങ്കിലും ഒരു കണക്ക് കാണിച്ചു തന്നാൽ ഈ പണി ഞാൻ നിർത്തും.
ഈ റിവ്യൂ ഇടൽ നിർത്തിയിട്ട് വിഡി സതീശൻ പണ്ട് പറഞ്ഞതു പോലെ വനവാസത്തിന് പോകും ഞാൻ. കളിക്കുന്നോടാ നീയൊക്കെ. ഒരു ലക്ഷം രൂപ കൊടുത്താൽ പോലും ഒരാളു പോലും ഈ പടം കാണില്ല. കാരണം ടോർച്ചറിങ് അനുഭവിക്കാൻ മനുഷ്യർക്ക് താല്പര്യമില്ല. ഭൂരിഭാഗം പേരുടെയും സ്ട്രഗിളിങ് ലൈഫ് ആണിപ്പോൾ.
ഒരു 15 ലക്ഷമൊക്കെ പറഞ്ഞാൽ ഒരു മാന്യതയുണ്ട്. ഒരു ലക്ഷം ഉലുവ എന്നാ ഞാൻ പറയുന്നേ. എടാ ഗൂഗിൾ എത്ര രൂപയാ തരുന്നതെന്ന് നീ ചോദിച്ച് നോക്ക്. 10 പൈസ ഞാൻ വാങ്ങൂല്ല. എന്റെ ഇഷ്ടത്തിനാണ് ഞാൻ ലീവ് എടുത്തിട്ട് റിവ്യൂ ചെയ്യുന്നത്. ഈ നിമിഷം ഞാനോർക്കുന്നത് എന്റെ ധ്യാനിനെയാ. എത്ര പടം ഞാൻ ആ ധ്യാനിനെ പറഞ്ഞെടാ.
ഇന്നുവരെ ആ മനുഷ്യൻ, എന്റെ ധ്യാൻ കുട്ടൻ എനിക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, എപ്പോഴും എനിക്ക് മെസേജ് അയക്കാറുണ്ട്. ധ്യാനിനെപ്പോലെ ആകണമെങ്കിൽ നൂറ് ജന്മം ജനിച്ചാൽ പോലും നിനക്ക് പറ്റില്ല. – അശ്വന്ത് കോക്ക് പറഞ്ഞു.