
തന്റെ ഉടമസ്ഥതയിലുള്ള ‘കാഞ്ചീവരം’ എന്ന ഓൺലൈൻ സാരി ബ്രാൻഡിന്റെ പേരിൽ വീണ്ടും തട്ടിപ്പ് നടക്കുന്നതായി വെളിപ്പെടുത്തി നടി ആര്യ. വ്യാജന്മാർ വീണ്ടും സജീവമായിട്ടുണ്ടെന്നും ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും താരം മുന്നറിയിപ്പ് നൽകി. ഏതാനും മാസങ്ങൾക്ക് മുൻപും ഇതേ ബ്രാൻഡിന്റെ പേരിൽ വലിയ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടന്നിരുന്നു. അന്ന് നിയമനടപടികളിലൂടെയും കൃത്യമായ ഇടപെടലുകളിലൂടെയും പ്രശ്നം പരിഹരിച്ചതാണെങ്കിലും, സമാനമായ രീതിയിൽ തട്ടിപ്പുകാർ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് ആര്യ വ്യക്തമാക്കുന്നത്. ഞങ്ങള്‍ക്ക് ഒരേയൊരു പേജ് മാത്രമെ ഉള്ളൂ. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ആര്യ പ്രതികരണവുമായി എത്തിയത്.
ആര്യയുടെ വിശദീകരണം
തട്ടിപ്പുകാർ വീണ്ടും എത്തിയിട്ടുണ്ട്. ഇടയ്ക്ക് വച്ച് എല്ലാം ഒന്ന് ഓക്കെ ആയി വന്നതായിരുന്നു. പക്ഷേ ഇപ്പോള്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്. നമ്മുടെ ബ്രാന്‍ഡിന്‍റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പക്ഷേ ബ്രാന്‍ഡിന്‍റെ ലോഗോ ഒന്നും അവര്‍ ഉപയോഗിച്ചിട്ടില്ല. പക്ഷേ നമ്മുടെ വീഡിയോകള്‍ അവര്‍ ഉപയോഗിക്കുന്നുണ്ട്. മിസ് യൂസ് ചെയ്യുകയാണ്. വാട്ടര്‍ മാര്‍ക്ക് അടക്കമാണ് അവര്‍ അപ്ലോഡ് ചെയ്യുന്നത്. അതുപോലും ശ്രദ്ധിക്കാതെ പല ആള്‍ക്കാരും ഇതില്‍ ചെന്ന് വീഴുന്നുമുണ്ട്. അത്യാവശ്യം നല്ല പട്ടുസാരികള്‍ ഒക്കെ 2000, 3000 രൂപ എന്നൊക്കെ പറഞ്ഞാണ് വീഡിയോസ് അപ്ലോഡ് ചെയ്തിരിക്കുന്നത്.
കാഞ്ചീവരം എന്ന ഞങ്ങളുടെ പേജില്‍ ദിവസേന വീഡിയോകള്‍ ചെയ്യുന്നുണ്ട്. അതിനൊരു ഫോര്‍മാറ്റും ഉണ്ട്. അതില്‍ നിന്നും മാറി വീഡിയോകള്‍ ഇടാറില്ല. വീഡിയോയുടെ നടുക്ക് വില എഡിറ്റ് ചെയ്ത് വയ്ക്കാറില്ല. അതെല്ലാം ഈ തട്ടിപ്പുകാര്‍ നടത്തുന്ന പരിപാടിയാണ്. വീഡിയോ നമ്മുടേത് ആണെങ്കിലും അവര്‍ എഡിറ്റ് ചെയ്യുന്നുണ്ട്. യഥാര്‍ത്ഥ പേജ് ഏതാണെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞേ പറ്റൂ. കഴിഞ്ഞ തവണ തട്ടിപ്പ് നടന്നപ്പോള്‍ ഞങ്ങളുടെ പേജ് വെരിഫൈഡ് ചെയ്തിരുന്നു. പക്ഷേ ഒരുമാസം കഴിഞ്ഞപ്പോള്‍ മെറ്റ തന്നെ അതെടുത്ത് കളയുകയും ചെയ്തു. വീണ്ടും നോക്കിയിട്ടും എടുക്കാന്‍ പറ്റിയില്ല. അങ്ങനെ ഒരു കുരുക്കില്‍ പെട്ട് കിടക്കുകയാണ് ഞങ്ങള്‍. അതുകൊണ്ടാണ് അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് പോയത്.
വീണ്ടും വീണ്ടും ആള്‍ക്കാര്‍ ഇതില്‍ ചെന്ന് പെടുന്നു എന്ന് പറയുന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് മുന്‍പ് തട്ടിപ്പ് നടന്നപ്പോള്‍ വളരെ ഡീറ്റൈല്‍ ആയിട്ട് വീഡിയോസും കാര്യങ്ങളും ചെയ്തതാണ്. എന്നിട്ടും ഇത് തുടരുന്നുണ്ട്. പ്ലീസ് ശ്രദ്ധയോടെ ഇരിക്കൂ. കുറേ വ്യാജ അക്കൗണ്ടുകള്‍ ഇറങ്ങിയിട്ടുണ്ട്. ഞങ്ങളുടെ ബ്രാന്‍ഡിന് മാത്രമല്ല മറ്റ് പലര്‍ക്കും ഈ പ്രശ്നം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധിക്കണം.
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ‘ബഡായ് ബംഗ്ലാവ്’ എന്ന ഷോയിലൂടെയാണ് ആര്യ മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും നിരവധി സിനിമകളിലൂടെയും താരം പ്രേക്ഷകശ്രദ്ധ നേടി. അഭിനയത്തിന് പുറമേയാണ് ആര്യ വിജയകരമായി ഒരു ഫാഷൻ ബ്രാൻഡ് മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ ജനപ്രീതിയുള്ള ഈ ബ്രാൻഡിന്റെ പേര് ദുരുപയോഗം ചെയ്ത് ജനങ്ങളെ പറ്റിക്കാൻ വീണ്ടും ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് താരം ഇപ്പോൾ കസ്റ്റമേഴ്സിന് നേരിട്ട് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.