“രംഗണ്ണനെ പോലൊരു കഥാപാത്രം എന്റെ ആഗ്രഹമാണ്, സാർപട്ടൈ പരമ്പര’ഒരു വഴിത്തിരിവായിരുന്നു”; ആര്യ

','

' ); } ?>

തമിഴ് സിനിമയിലെ സൂപ്പർതാരമാണെങ്കിലും മലയാളത്തിൽ ഒരു മികച്ച ചിത്രത്തിലൂടെ നായകനായി തിരിച്ചെത്തണമെന്നത് തന്റെ വലിയൊരു ആഗ്രഹമായിരുന്നെന്ന് നടൻ ആര്യ. ഫഹദ് ഫാസിൽ തകർത്തഭിനയിച്ച ‘ആവേശം’ സിനിമയിലെ രംഗൻ എന്ന കഥാപാത്രം തന്നെ ഏറെ ആകർഷിച്ചുവെന്നും, ഭാവിയിൽ അത്തരമൊരു വേഷം ചെയ്യാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്നും താരം വെളിപ്പെടുത്തി. പുതിയ മലയാള ചിത്രമായ ‘അനന്തൻകാടി’ന്റെ വിശേഷങ്ങൾ പങ്കുവെച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ മലയാളത്തിൽ അഭിനയിക്കണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചത് സ്വന്തം കുടുംബമാണെന്ന് ആര്യ പറയുന്നു. മലയാളിയാണെങ്കിലും ഭൂരിഭാഗം പ്രേക്ഷകരും തന്നെ ഒരു തമിഴ് നടനായാണ് കാണുന്നത്. മുൻപ് ‘ഗ്രേറ്റ് ഫാദർ’ പോലുള്ള സിനിമകളിൽ മലയാളം സംസാരിച്ചപ്പോൾ കുടുംബത്തിന് വലിയ സന്തോഷമായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിലും ജിയെൻ കൃഷ്‌ണകുമാറിന്റെ സംവിധാനത്തിലുമൊരുങ്ങുന്ന ‘അനന്തൻകാട്’ എന്ന ചിത്രത്തിലൂടെയാണ് ഇപ്പോൾ ആര്യയുടെ കാത്തിരിപ്പിന് അറുതിയാകുന്നത്. തമിഴ്‌നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്ന ‘വെട്രി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. തമിഴ് നടനായി തന്നെ കാണുന്ന മലയാളി പ്രേക്ഷകർക്ക് വേഗത്തിൽ കണക്ട് ചെയ്യാൻ സാധിക്കുന്ന ഒന്നാണിത്.

2013-ൽ പുറത്തിറങ്ങിയ ‘രാജാറാണി’ക്ക് ശേഷം തമിഴിൽ തിരക്കിലായതും, മലയാളത്തിൽ മികച്ചൊരു തുടക്കം വേണമെന്ന നിർബന്ധവുമാണ് ഇത്രയും കാലം ഇടവേള വരാൻ കാരണം. കരിയറിലെ സുപ്രധാന ചിത്രമായ ‘ഉറുമി’യിലെ ചിറക്കൽ പൊതുവാൾ എന്ന കഥാപാത്രം ചെയ്യാൻ ആത്മവിശ്വാസം നൽകിയ സന്തോഷ് ശിവനോടുള്ള കടപ്പാടും ആര്യ പങ്കുവെച്ചു. മൂന്ന് ദിവസത്തെ ഷൂട്ട് മാത്രമായിരുന്നിട്ടും വലിയ ഇംപാക്ട് ഉണ്ടാക്കിയ ആ സിനിമയ്ക്ക് ശേഷമാണ് പൃഥ്വിരാജ് ഉൾപ്പെടെയുള്ളവരുമായി അടുത്ത സൗഹൃദത്തിലാകുന്നത്. മാനസികമായും ആത്മീയമായും തന്നെ ഏറെ മാറ്റിയ ചിത്രമാണ് ബാല സംവിധാനം ചെയ്ത ‘നാൻ കടവുൾ’. ആ വേഷത്തിനായി ഒരുപാട് കാലം വാരണാസിയിൽ താടിയും മുടിയും വളർത്തി ജീവിച്ചിരുന്നു.

തന്റെ അടുത്ത സുഹൃത്തും നടനുമായ സന്താനവുമായി ചേർന്ന് ‘രാജാറാണി’, ‘ബോസ് എങ്കിറാ ഭാസ്‌കർ’ എന്നിവ പോലെ മറ്റൊരു കോമഡി ചിത്രം ചെയ്യാനുള്ള സ്ക്രിപ്റ്റ് സെലക്ഷൻ പുരോഗമിക്കുകയാണെന്നും ആര്യ പറഞ്ഞു. കേരളത്തെക്കുറിച്ച് ഓർക്കുമ്പോൾ അമ്മ ഉണ്ടാക്കുന്ന ബിരിയാണിയാണ് ആദ്യം ഓർമ്മ വരികയെന്നും ഭക്ഷണത്തിന്റെ കാര്യത്തിൽ താൻ ഡയറ്റ് നോക്കാറില്ലെന്നും താരം വ്യക്തമാക്കി. ഫിറ്റ്നസിനെയും സൈക്ലിങ്ങിനെയും ഒരു ധ്യാനം പോലെയാണ് കാണുന്നത്. ‘സാർപട്ടൈ പരമ്പര’ എന്ന സിനിമ കണ്ട് ജീവിതത്തിൽ വലിയ പ്രതിസന്ധികളിൽ നിന്ന് ട്രാൻസ്ഫോർമേഷൻ നടത്തി തിരിച്ചുവന്ന ആളുകളുടെ പ്രതികരണങ്ങൾ വലിയ സംതൃപ്തി നൽകുന്നതാണെന്നും ആര്യ കൂട്ടിച്ചേർത്തു.