ചിമ്പുവിന്റെ മേയ്‍ക്കോവര്‍ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍


ചിമ്പുവിന്റെ പുതിയ മേക്കോവര്‍ ശ്രദ്ധേയമാകുന്നു.സിനിമകള്‍ക്കായി വന്‍ തയ്യാറെടുപ്പുകളാണ് ചിമ്പു നടത്തിയത്. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ചിമ്പു ഇപോള്‍ അഭിനയിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കില്‍ തന്നെ ചിമ്പുവിന്റെ രൂപം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപോള്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയിലൂടെ സിനിമയ്ക്കായി താന്‍ എത്രമാത്രം മാറിയെന്നതാണ് ചിമ്പു സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്തായാലും ചിമ്പുവിന്റെ രണ്ട് ഫോട്ടോയും കണ്ട ആരാധകര്‍ രൂപത്തിലെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ്.
സിനിമയ്ക്കായി 15 കിലോ ശരീരഭാരമാണ് താരം കുറച്ചിരിക്കുന്നത്. മേക്കോവര്‍ ചിത്രങ്ങളും താരം പുറത്തുവിട്ടിട്ടുണ്ട്.

 

‘വിണ്ണൈതാണ്ടി വരുവായാ’ എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ സംവിധായകനും നായകനും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.

മറ്റു ചിത്രങ്ങളുടേതു പോലെ കവിത തുളുമ്പുന്ന വരികളാണ് ഇക്കുറിയും സ്വന്തം ചിത്രത്തിന് ഗൗതം മേനോന്‍ നല്‍കിയിരിക്കുന്നത്. ‘വെന്ത് തനിന്തത് കാട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റൊമാന്റിക് ഡ്രാമകള്‍ക്കായാണ് ഇരുവരും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ ‘അഗ്‌നികുഞ്‌ജൊണ്‍ഡ്രു കണ്ടേന്‍’ എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. ‘ഉറിയടി’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു.

വിജയ രാജേന്ദറിന്റേയും ഉഷ രാജേന്ദറിന്റേയും മകനായി തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ചിമ്പു ജനിച്ചു. കുരലരസന്‍ എന്ന ഒരു സഹോദരനും ഇലക്കിയ എന്ന ഒരു സഹോദരിയുമുണ്ട്. ചെന്നൈയിലെ ഡോണ്‍ബോസ്‌കോ മാട്രികുലേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ദ ആശ്രം സ്‌കൂളില്‍ നിന്നും ഓഡിയോ എഞ്ചിനീയറിങ്ങ് കരസ്ഥമാക്കി. പിതാവ് സംവിധാനം ചെയ്ത സിനിമകളില്‍ ബാലതാരമായി കടന്നുവന്ന സിലമ്പരസന്‍ ഒട്ടേറെ തമിഴ് ചലച്ചിത്രങ്ങളിലഭിനയിക്കുകയും നിരവധി സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.