‘മ്യൂസിക് മൊസാര്‍ട്ടി’ന് ഇന്ന് പിറന്നാള്‍

സംഗീത ഇതിഹാസം എ.ആര്‍.റഹ്‌മാന് ഇന്ന് 54ാം പിറന്നാള്‍.സംഗീത ലോകത്ത് പകരം വയ്ക്കാനില്ലാത്ത പ്രതിഭ. ‘ മ്യൂസിക് മൊസാര്‍ട് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.’റോജ’ എന്ന ചിത്രത്തിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ.ആര്‍.റഹ്‌മാനു പകരമായി മറ്റൊരു പേര് ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോകമെമ്പാടുമുള്ള ആരാധകര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്.

മലയാളം, തമിഴ് ചലച്ചിത്രങ്ങള്‍ക്കു സംഗീതം നല്‍കിയിരുന്ന ആര്‍.കെ.ശേഖറിന്റെ മകനാണ് റഹ്‌മാന്‍ .കുട്ടിക്കാലത്തു തന്നെ അച്ഛന്റെ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ റഹ്‌മാന്‍ കീബോര്‍ഡ് വായിക്കുമായിരുന്നു. റഹ്‌മാന്റെ ഒന്‍പതാം വയസ്സില്‍ പിതാവ് മരിച്ചു. അദ്ദേഹം ഏറ്റവും സമയമെടുത്തു ചെയ്ത ഗാനം റോജയിലെ ‘ചിന്നചിന്ന ആശൈ’യാണ്. റോജയിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം റഹ്‌മാന് ലഭിച്ചു.ഇന്ത്യയിലെ വിവിധ ടെലിവിഷന്‍ ചാനലുകള്‍ക്കു വേണ്ടിയും പരസ്യങ്ങള്‍ക്കുവേണ്ടിയും പശ്ചാത്തലസംഗീതസംവിധാനം നിര്‍വഹിച്ചുകൊണ്ടാണ് എ.ആര്‍. റഹ്‌മാന്‍ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്

കര്‍ണ്ണാടക സംഗീതം, പാശ്ചാത്യ സംഗീതം, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, നസ്രത് ഫതേ അലി ഖാന്റെ ശൈലിയായ ഖവാലി എന്നിവയില്‍ പ്രാവീണ്യം നേടിയ എ.ആര്‍. റഹ്‌മാന്‍, ഈ സംഗീത ശാഖകളെല്ലാം ഉപയോഗപ്പെടുത്തി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതശാഖകളെ പുതിയ രീതിയില്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഗാനങ്ങളും റഹ്‌മാന്‍ ചിട്ടപ്പെടുത്താറുണ്ട്.നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍, രണ്ട് ഗ്രാമി പുരസ്‌കാരങ്ങള്‍, ബാഫ്ത പുരസ്‌കാരങ്ങള്‍, നാല് ദേശീയ പുരസ്‌കാരങ്ങള്‍, 15 ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിങ്ങനെ നീളുന്നു അംഗീകാരങ്ങളുടെ നിര.