
രജനികാന്ത് – ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ് ആക്ഷൻ എന്റർടെയ്‌നർ ‘കൂലി’യും , ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ‘വാർ 2’ വും ആഗസ്റ്റ് 14ന് റിലീസ് ചെയ്യുമെന്നാണ് നിലവിൽ ലഭിക്കുന്ന വാർത്തകൾ.
ഇതോടെ ആരാധകർ തമ്മിൽ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് ഉയരുന്നത്. ക്ലാഷിൽ ആരായിരിക്കും വിജയിക്കുക എന്നത് അറിയാനുള്ള ഉത്കണ്ഠയിലാണ് സിനിമാലോകം. കൂലി സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ റെസ്‌പോൺസ് നേടുമെന്ന് കണക്കാക്കപ്പെടുമ്പോൾ, വാർ 2 നോർത്ത് ഇന്ത്യൻ മാർക്കറ്റിൽ ശക്തിയാണ്. ഓവർസീസിലും ഇരുചിത്രങ്ങൾക്കും തുല്യമായ സ്വീകരണമുണ്ടാകുമെന്നാണ് പ്രതീക്ഷ.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ‘കൂലി’യിൽ നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.
അതേസമയം, ‘വാർ 2’യിലൂടെ ഹൃത്വിക് റോഷൻ വീണ്ടും ആക്ഷൻ ഹീറോയായി എത്തുന്നു. അയൻ മുഖർജി സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലറിൽ വില്ലനായി പ്രത്യക്ഷപ്പെടുന്നത് ജൂനിയർ എൻടിആറാണ്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന ചിത്രം, ‘വാർ’, ‘പത്താൻ’, ‘ടൈഗർ 3’ തുടങ്ങിയ ഹിറ്റുകളുടെ തുടർച്ചയായി ‘സ്പൈ യൂണിവേഴ്സ്’യുടെ ഭാഗമായാണ് അവതരിപ്പിക്കുന്നത്.