കാര്‍ത്തിയെ പോലെയുള്ള ധീരന്‍മാരെ പറ്റി മാത്രം സംസാരിക്കാം…

കര്‍ഷക സമരത്തിന് പിന്തുണയറിച്ച് നടന്‍ കാര്‍ത്തി രംഗത്തെത്തിയതില്‍ അഭിനന്ദനവുമായി നടന്‍ ഹരീഷ് പേരടി. അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇത്തരം ആണ്‍കുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് തന്റെ ദേശീയ പുരസ്‌ക്കാരമെന്ന് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങളുടെ കൃഷിയിടങ്ങളില്‍ അധ്വാനിച്ച്, ദിവസേന നമുക്ക് ഭക്ഷണം നല്‍കുന്നവര്‍ റോഡില്‍ പ്രതിഷേധത്തിലാണെന്നും, അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് നടപടിയെടുക്കണമെന്നുമാണ് കാര്‍ത്തി ആവശ്യപ്പെട്ടത്. ‘നമ്മുടെ കര്‍ഷകരെ മറക്കരുത്’ എന്ന തലക്കെട്ടിലാണ് താരം കുറിപ്പ് പങ്കുവെച്ചത്. ‘കര്‍ഷകര്‍ എന്ന ഒറ്റ ഐഡന്റിറ്റിയിലാണ് അവര്‍ ഒത്തുകൂടിയിരിക്കുന്നത്. അധ്വാനിക്കാത്ത ഒരു ദിവസം പോലുമില്ലാത്തവരാണ് തങ്ങളുടെ സ്വത്തും, കൃഷി ഭൂമിയും, കാര്‍ഷിക വിളകളും, കുടുംബവുമെല്ലാം ഉപേക്ഷിച്ച് ഡല്‍ഹിയിലേക്കുള്ള റോഡുകളില്‍ നില്‍ക്കുന്നത്. ജലക്ഷാമം, പ്രകൃതിക്ഷോഭം, വിളകള്‍ക്ക് ന്യാമായ വില ലഭിക്കാതിരിക്കല്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ നേരിടുന്നുണ്ട്.

ഇപ്പോള്‍, പുതിയ കാര്‍ഷി നിയമങ്ങള്‍ അവരുടെ ജീവിതത്തെ കൂടുതല്‍ ബാധിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. കോര്‍പ്പറേറ്റുകളാണ് പുതിയ നിയമങ്ങളുടെ ഗുണഭോക്താക്കളെന്നും അവര്‍ കരുതുന്നു. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അധികാരികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്’, പ്രസ്താവനയില്‍ കാര്‍ത്തി പറയുന്നു. ‘ഇനിയുള്ള കാലം നമുക്ക് കാര്‍ത്തിയെ പോലെയുള്ള ധീരന്‍മാരെ പറ്റി മാത്രം സംസാരിക്കാം…’എന്ന് പറഞ്ഞാണ് ഹരീഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇത്തരം ആണ്‍കുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്‌ക്കാരം…ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല..ഇനിയുള്ള കാലം നമുക്ക് കാര്‍ത്തിയെ പോലെയുള്ള ധീരന്‍മാരെ പറ്റി മാത്രം സംസാരിക്കാം…