
സിനിമാ മേഖലയിലെ കറുത്ത വശങ്ങളെക്കുറിച്ചും പ്രതിഫലം ചോദിച്ചു വാങ്ങുന്നതിൽ തനിക്കുള്ള നിലപാടിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അപർണ ദാസ്. അഭിനയിച്ച ചിത്രങ്ങളുടെ പ്രതിഫലത്തിനായി പലതവണ തനിക്കും ആളുകളുടെ പിന്നാലെ നടക്കേണ്ടി വന്നിട്ടുണ്ടെന്ന് അപർണ വെളിപ്പെടുത്തി. ‘കാര്യം സാമ്പത്തികമാണ്’ എന്ന പോഡ്കാസ്റ്റിലാണ് താരം തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവെച്ചത്.
സിനിമയെന്ന മായികലോകത്ത് ഒരുവശത്ത് താരത്തിളക്കവും വിജയവുമൊക്കെ ഉണ്ടാകുമ്പോൾ തന്നെ, മറുവശത്ത് സാമ്പത്തിക തട്ടിപ്പുകളും കലാകാരൻമാരുടെ അഭിനയമോഹത്തെ ചൂഷണം ചെയ്യുന്ന പ്രവണതകളും നടക്കാറുണ്ടെന്ന് അപർണ ചൂണ്ടിക്കാണിക്കുന്നു. ജോലി ചെയ്താൽ അതിനുള്ള പൈസ ചോദിച്ചു വാങ്ങാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും എന്നാൽ പൈസ എങ്ങനെ ചോദിക്കുമെന്ന് വിചാരിച്ച് മടിച്ചുനിൽക്കുന്ന ഒരുപാട് പേരെ തനിക്കറിയാമെന്നും നടി കൂട്ടിച്ചേർത്തു.
“എനിക്ക് ചില സമയത്തൊക്കെ ദേഷ്യം വന്നിട്ടുണ്ട്. നമ്മൾ ചെയ്ത ജോലിയുടെ പ്രതിഫലം കുറേ പ്രാവശ്യം പോയി ചോദിക്കേണ്ടി വരുമ്പോൾ. അതെനിക്ക് അറിയാത്ത ഒരു വിഷയമായിരുന്നു സിനിമയിൽ വരുന്നത് വരെ. ഞാൻ വിചാരിച്ചത് അതിന് തീയതിയും കാര്യങ്ങളുമൊക്കെയുണ്ടാകും. കറക്ട് സമയത്ത് നമ്മുടെ അക്കൗണ്ടിലേക്ക് പണം വരുമെന്നാണ്. നമ്മൾ ചെയ്ത വർക്കിന് പൈസ ചോദിക്കുമ്പോൾ ഇന്നിടാം, നാളെയിടാം എന്ന് പറയുക.
പിന്നെ നാളെയാകുമ്പോൾ വരില്ല. ചിലപ്പോൾ നമ്മളൊരു പ്ലാനിങ്ങിൽ പോകുന്നതായിരിക്കും. എനിക്ക് വീട് പണിയും മറ്റു കാര്യങ്ങളുമൊക്കെയുള്ള സമയത്ത്, ഇന്റീരിയർ അങ്ങനെ ചെയ്യണമെന്നൊക്കെ നമ്മൾ പ്ലാൻ ചെയ്യുന്ന സമയത്ത് പൈസ കിട്ടിതെ വരുമ്പോൾ പ്രശ്നമാകും. അങ്ങനെയൊക്കെ പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അന്നേരം നമ്മൾ വിളിക്കും, ചേട്ടാ പൈസ ഇട്ടില്ലല്ലോ എന്ന് പറയും.” അപർണ പറഞ്ഞു.
“പക്ഷേ ഞാൻ ചോദിക്കും, എനിക്കങ്ങനെ ഒരു മടിയും ഇല്ലാത്ത ആളാണ്. എനിക്ക് പൈസ കിട്ടാനുണ്ടെങ്കിൽ, എനിക്ക് പൈസ തരാനുണ്ടല്ലോ എന്ന് ഞാൻ ചോദിക്കും. ഇതെങ്ങനെ ചോദിക്കും എന്ന് ചിന്തിച്ചിരിക്കുന്ന കുറേ പേരെ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് പൈസ ചോദിക്കാൻ ഒരു മടിയുമില്ല. കാരണം, ഞാൻ ചെയ്ത വർക്കിനുള്ള പൈസയാണ് ചോദിക്കുന്നത്. കടം ചോദിക്കുകയല്ല.
ഞാൻ ചോദിച്ചു വാങ്ങുന്നയാളാണ്. കാരണം, നിങ്ങൾ പറയുന്ന സമയത്ത് കറക്ടായി വന്ന് ഞാൻ അഭിനയിക്കുന്നുണ്ട്. ചിലപ്പോൾ പറഞ്ഞ ഡേറ്റിനേക്കാൾ കൂടുതൽ ദിവസം വർക്ക് ചെയ്യേണ്ടി വരും. അത് ഞാൻ സന്തോഷത്തോടെ ചെയ്യും. നമ്മളങ്ങോട്ട് കാണിക്കുന്ന അതേ ആത്മാർഥത തിരിച്ച് ഇങ്ങോട്ടും കാണിക്കണമെന്നേയുള്ളൂ. അതുകൊണ്ട് തന്നെ എന്റെ പ്രതിഫലം ഞാൻ ചോദിച്ച് വാങ്ങും”. അപർണ കൂട്ടിച്ചേർത്തു.