
സ്വന്തം കുറവുകളെ നോക്കി ചിരിക്കാനും ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പഠിപ്പിച്ച മനുഷ്യനാണ് ശ്രീനിവാസനെന്ന് കുറിപ്പ് പങ്കുവെച്ച് നടൻ ആന്റണി പെപ്പെ. ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപെടുത്തികൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സാധാരണക്കാരൻ്റെ വേഷത്തിലായാലും മൂർച്ചയുള്ള വിമർശകന്റെ വേഷത്തിലായാലും എഴുത്തുകാരനായും നടനായും അദ്ദേഹത്തിനുള്ള പ്രതിഭ പകരം വെക്കാനില്ലാത്തതാണെന്നും പെപ്പെ കുറിച്ചു.
“അദ്ദേഹത്തിന്റെറെ സിനിമകൾ കണ്ടും ആ സംഭാഷണങ്ങൾ ഏറ്റുപറഞ്ഞും അദ്ദേഹം സൃഷ്‌ടിച്ച കഥാപാത്രങ്ങളിൽ നമ്മളെത്തന്നെ കണ്ടുമാണ് നമ്മൾ വളർന്നത്. സ്വന്തം കുറവുകളെ നോക്കി ചിരിക്കാനും ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും അദ്ദേഹം നമ്മളെ പഠിപ്പിച്ചു.
ഒരു സാധാരണക്കാരൻ്റെ വേഷത്തിലായാലും മൂർച്ചയുള്ള വിമർശകന്റെ വേഷത്തിലായാലും എഴുത്തുകാരനായും നടനായും അദ്ദേഹത്തിനുള്ള പ്രതിഭ പകരം വെക്കാനില്ലാത്തതാണ്. അങ്ങ് ഞങ്ങൾക്ക് സമ്മാനിച്ച ചിരികൾ എന്നും ഇവിടെയുണ്ടാകും. നന്ദി… ആ നല്ല ഓർമ്മകൾക്ക്. ഈ വേദനയുടെ ഘട്ടത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.” പെപ്പെ കുറിച്ചു.
നിരവധി താരങ്ങളാണ് ശ്രീനിവാസന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സംവിധായകൻ വിനയൻ, നടന്മാരായ മോഹൻലാൽ, ഇന്ദ്രജിത്, പൃഥ്വിരാജ്, സംവിധായകൻ സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.
1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലെത്തുന്നത്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്പിറാവിൻ്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതിയതും ശ്രീനിവാസനാണ്. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.