ആരവല്ലി എക്സ്പ്രസിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം: മോഡലും നടിയുമായ അന്തര ബാനർജി അറസ്റ്റിൽ

','

' ); } ?>

മുംബൈയിൽ നിന്ന് സൂറത്തിലേക്ക് സർവീസ് നടത്തുന്ന ആരവല്ലി എക്സ്പ്രസിൽ റെയിൽവേ സംരക്ഷണ സേന ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രമുഖ മോഡലും നടിയുമായ അന്തര ബാനർജിയെ ഗവൺമെന്റ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. എ.സി കോച്ചിലെ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് നടപടി. ഓഗസ്റ്റ് 12-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എ.സി കോച്ചിൽ പ്രവേശിച്ച അന്തരയോട് മറ്റ് യാത്രക്കാർ സീറ്റ് ഒഴിയാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നടി സീറ്റിൽ നിന്ന് മാറാൻ വിസമ്മതിച്ചതോടെ ടിക്കറ്റ് കളക്ടർ ഹരികേഷ് ത്രിപാഠി വിവരം ആർ.പി.എഫിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യാമിനികാന്ത് മിശ്ര, കോൺസ്റ്റബിൾ രാജേഷ് കുമാർ എന്നിവരുമായി നടി കടുത്ത തർക്കത്തിലേർപ്പെട്ടു.

സംഘർഷാവസ്ഥ മൂർച്ഛിച്ചതോടെ ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ ശേഷം കയ്യിലുണ്ടായിരുന്ന റേസർ ബ്ലേഡ് ഉപയോഗിച്ച് എ.എസ്.ഐ യാമിനികാന്തിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ എ.എസ്.ഐക്ക് പരിക്കേറ്റു. ഉദ്യോഗസ്ഥന്റെ യൂണിഫോമും മൊബൈൽ ഫോണും നശിപ്പിച്ച നടി, സ്വയം പരിക്കേൽപ്പിക്കാനും ട്രെയിനിന്റെ ജനൽച്ചില്ലുകൾ തകർത്ത് രക്ഷപ്പെടാനും ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി. ഒരു മണിക്കൂറോളം നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ ദഹാനു റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ ജി.ആർ.പിക്ക് കൈമാറിയത്.

എ.സി ടിക്കറ്റ് ലഭിക്കാത്തതിലുണ്ടായ മാനസിക വിഷമമാണ് അക്രമത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ നടി മൊഴി നൽകിയതായി ബോറിവലി ജി.ആർ.പി ഇൻസ്പെക്ടർ കുന്ദ ഗവാഡെ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് ഇവർ ശാന്തയായതെന്നും, ബന്ധുക്കളെയോ അഭിഭാഷകനെയോ ബന്ധപ്പെടാൻ ആദ്യം തയ്യാറായിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.