
നടി അൻസിബ ഹസ്സൻ്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ പോലീസ് എഫ്ഐആർ റജിസ്‌റ്റർ ചെയ്തു എന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് വെളിപ്പെടുത്തി നടിയുടെ അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഫിർദൗസ്. മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ താൻ നേരിട്ട് കടവന്ത്ര പോലീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും, ഇതുവരെ അങ്ങനെയൊരു നടപടിയെക്കുറിച്ച് അൻസിബയ്ക്കോ തനിക്കോ ഈ നിമിഷം വരെ യാതൊരുവിധ ഔദ്യോഗിക വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“അൻസിബയുടെ പരാതിയിൽ എഫ് ഐ ആർ ഇട്ടു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. അൻസിബക്കോ അൻസിബയുടെ അഭിഭാഷകനായ എനിക്കോ ഇതുവരെ അങ്ങിനെ ഒരറിവും ലഭിച്ചിട്ടില്ല. ഞാൻ ഇന്നലെ വൈകുന്നേരം അര മണിക്കൂറിനുള്ളിൽ രണ്ട് തവണ കടവന്ത്ര പോലീസിൽ വിളിച്ചിരുന്നെങ്കിലും ഇതുവരെ എഫ് ഐ ആർ റജിസ്റ്റർ ചെയ്‌തിട്ടില്ല എന്നാണ് അവർ പറഞ്ഞത്. ഇന്ന് രാവിലെയും ഇതുവരെ അറിയിപ്പ് കിട്ടിയിട്ടുമില്ല, ഓൺലൈനിൽ തിരഞ്ഞിട്ട് കിട്ടിയതുമില്ല. അൻസിബ നേരിട്ട് വിളിച്ചിട്ടും അത് തന്നെയാണ് അവർ പറഞ്ഞത്. ഇതുവരെ കടവന്ത്ര പോലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തിട്ടില്ല.” അഡ്വക്കേറ്റ് മുഹമ്മദ് ഫിർദൗസ് പറഞ്ഞു.
നടി അൻസിബ ഹസ്സൻ്റെ പരാതിയിൽ കോടതി നിർദേശപ്രകാരം നടൻ ടിനി ടോമിനെതിരെ കൊച്ചി കടവന്ത്ര പൊലീസ് എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്തു എന്ന് കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വ്യാപകമായി വാർത്ത വന്നിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടിയുണ്ടാകാത്തതിനെത്തുടർന്ന് നടി എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ തന്നെ കുറ്റകൃത്യം നടന്നതായി വ്യക്തമാണെന്ന് നിരീക്ഷിച്ച കോടതി, ഉടനടി കേസ് റജിസ്‌റ്റർ ചെയ്ത് അന്വേഷണം നടത്താൻ പോലീസിന് ഉത്തരവ് നൽകി. എന്നാൽ ഇതുവരെയും പൊലീസ് എഫ്ഐആർ ഇട്ടിട്ടില്ല എന്നും മാധ്യമങ്ങളിൽ അത്തരത്തിൽ വാർത്തകൾ വന്നതിൻ്റെ ഉറവിടം എവിടെയാണെന്നു അറിയില്ലെന്നുമാണ് അൻസിബ ഹാസന്റെ അഭിഭാഷകൻ വ്യക്തമാക്കിയത്.