
വീട്ടിൽ നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ പുറത്തിറങ്ങി സഞ്ചരിക്കാൻ വിവാഹം കഴിച്ചാൽ മതിയെന്ന തോന്നലുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടി അൻസിബ ഹസ്സൻ. ദൃശ്യം 3 പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അൻസിബ.
“എന്റെ സുഹൃത്തുക്കളൊക്കെ പ്ലസ്ടു മുതൽ വിവാഹം കഴിക്കാൻ തുടങ്ങിയവരാണ്. അപ്പോഴൊക്കെ എനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു. കാരണം വീട്ടിൽ കുറേ നിയന്ത്രണങ്ങളുണ്ടായിരിക്കുമല്ലോ. അപ്പോൾ സുഹൃത്തുക്കളൊക്കെ വീട്ടിൽ വരുന്നത് ഭർത്താവിന്റെ കൂടെ ബൈക്കിലായിരിക്കും. അതുപോലെ കറങ്ങാനൊക്കെ പോകും. ആ സമയത്ത് ഞാൻ ആലോചിച്ചിരുന്നത് കല്യാണം കഴിച്ചു കഴിഞ്ഞാൽ ഇങ്ങനെ പുറത്തു പോകാം, ബീച്ചിൽ പോകാം, പാർക്കിൽ പോകാം, ബൈക്കിൽ വരാം എന്നൊക്കെ. ഇതിന് വേണ്ടി മാത്രം കല്യാണം കഴിക്കണമെന്ന് ആലോചിച്ചിട്ടുണ്ട്.” അൻസിബ പറഞ്ഞു.
ദൃശ്യം എന്ന ഒറ്റ സിനിമ കാരണം മലയാളികൾ ഓർത്തിരിക്കുന്ന നടിയാണ് അൻസിബഹസൻ. ജോർജുകുട്ടിയുടെ മൂത്ത മകൾ അഞ്ജുവായാണ് ദൃശ്യത്തിൽ അൻസിബ എത്തിയത്. അതേസമയം താരസംഘടനയായ ‘അമ്മ’യിൽ നിന്ന് അൻസിബ അടുത്തിടെ രാജിവച്ചിരുന്നു. സംഘടനയുടെ ജോയിൻ സെക്രട്ടറി സ്ഥാനമാണ് അൻസിബ രാജിവച്ചത്.
വ്യക്തിപരമായും തൊഴിൽപരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത് എന്നായിരുന്നു സംഘടന പ്രസിഡന്റ് ശ്വേത മേനോൻ പറഞ്ഞത്.