
ബോളിവുഡ് ഇതിഹാസം സീനത്ത് അമനെ സിനിമയിലേക്ക് എത്തിക്കാൻ കാലുപിടിച്ചു അപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. സുജിത് ഭക്തന് നൽകിയ അഭിമുഖത്തിലാണ് കരിയറിന്റെ തുടക്കകാലത്തുണ്ടായ കടുത്ത പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം മനസ് തുറന്നത്.
2003-ൽ റിലീസിനെത്തിയ ‘മോക്ഷം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം. ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കേണ്ടിയിരുന്ന സീനത്ത് അമൻ ഡൽഹി എയർപോർട്ടിൽ വെച്ച് യാത്ര ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു. ഇക്കണോമി ക്ലാസിലുള്ള യാത്രാ ക്രമീകരണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു താരം ഷൂട്ടിങ് സെറ്റിലേക്ക് വരാൻ തയ്യാറാകാതിരുന്നത്.
തന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായതുകൊണ്ടും ഒപ്പം അഭിനയിക്കുന്നത് സീനത്ത് അമൻ പോലൊരു വലിയ താരമായതുകൊണ്ടും താരം പിന്മാറിയാൽ തന്റെ കരിയർ തകരുമെന്ന് അനൂപ് മേനോൻ ഭയന്നു. തുടർന്ന് അവരുടെ അരികിലെത്തിയ അനൂപ് മേനോൻ തന്റെ അവസ്ഥ ബോധ്യപ്പെടുത്തിയും കരഞ്ഞു അപേക്ഷിച്ചുമാണ് ഒപ്പം കൂട്ടിയത്. കരിയറിന്റെ തുടക്കത്തിലുണ്ടായ ആ ദുർഘടമായ അനുഭവം വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് താരം പറയുന്നു.
അനൂപ് മേനോന്റെ വാക്കുകൾ;
”മോക്ഷം എന്നൊരു സിനിമയുണ്ടായിരുന്നു. സീനത്ത് അമനായിരുന്നു ഒപ്പം. അതിന് വേണ്ടി ഡല്‍ഹി എയര്പ്പോര്ട്ടിലെത്തുമ്പോള് സീനത്ത് അമന് ഒരു കാരണവശാലും വരില്ല എന്ന് ശാഠ്യം പിടിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നും അഷ്കബാദിലേക്ക് ഒരു ഫ്ളൈറ്റും, അവിടെ നിന്നും മല്മട്ടിയിലേക്ക് ഒരു ഫ്ളൈറ്റുമാണ്. എന്റെ രണ്ടാമത്തെ സിനിമയാണ്. അതും സീനത്ത് അമനെ പോലൊരു ഇതിഹാസ താരത്തോടൊപ്പം.
പ്രൊഡക്ഷന്‍ നോക്കുന്ന ബദറുക്ക വന്ന് കൊച്ചേ ഇംഗ്ലീഷ് വല്ലോം അറിയുമോ എന്ന് ചോദിച്ചു. അത്യാവശ്യം സംസാരിക്കുമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അവരുടെ അടുത്ത് പോയി. അവര്‍ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരിക്കുകയാണ്. ഞാനാണ് കൂടെ അഭിനയിക്കുന്നത്, എന്താണ് പ്രശ്നമെന്ന് ചോദിച്ചു. ഇതെന്റെ രണ്ടാമത്തെ പടമാണ്. നിങ്ങള്‍ വന്നില്ലെങ്കില്‍ എനിക്ക് ഈ പടമില്ല എന്ന് ഞാന്‍ പറഞ്ഞു.
മിസ്റ്റര്‍ മേനോന്, ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഇക്കണോമിയില്‍ യാത്ര ചെയ്തിട്ടില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ശരിയായിരിക്കും. അവര്‍ യാത്ര ചെയ്തിട്ടുണ്ടാകില്ല. നമ്മുടെ മലയാളം സെറ്റപ്പല്ലേ, 2003 ആണ് സമയം. അന്ന് എല്ലാവര്ക്കും ഇക്കണോമിയായിരിക്കും. ഞാന്‍ അവരുടെ കയ്യും കാലും പിടിച്ചു. എന്റെ കരിയറാണ്, മാം വരണം. ഇല്ലെങ്കില്‍ എനിക്ക് ഈ സിനിമ നഷ്ടമാകും. എന്റെ ജീവിതം തന്നെ നഷ്ടമപ്പെടുമെന്നൊക്കെ പറഞ്ഞു. ചുമ്മാ അങ്ങ് പറഞ്ഞതാണ്. അങ്ങനൊന്നും സംഭവിക്കില്ലെങ്കിലും. അങ്ങനെ അവരെ പിടിച്ചു വലിച്ചു കൊണ്ടു വന്നു”.