“ഇന്റിമേറ്റ് രംഗങ്ങളിൽ നടന്മാർ അതിരു കടക്കാറുണ്ട്, ഞാനത് നേരിട്ട് കണ്ടിട്ടുണ്ട്”; അന്നു കപൂർ

','

' ); } ?>

ബോളിവുഡ് സിനിമാ മേഖലയിലെ മോശം പ്രവണതകളെക്കുറിച്ച് തുറന്നുപറഞ്ഞ് മുതിർന്ന നടൻ അന്നു കപൂർ നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ചില പുരുഷ താരങ്ങൾ ബോധപൂർവ്വം അതിരുകടക്കുന്നതായും നിയന്ത്രണം വിട്ട് പെരുമാറുന്നതായും അദ്ദേഹം ആരോപിച്ചു. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് സിനിമാ സെറ്റുകളിലെ ദുരനുഭവങ്ങളെക്കുറിച്ച് താരം മനസ്സ് തുറന്നത്.

ചില നായക നടന്മാർ ഇത്തരം രംഗങ്ങളെ ചൂഷണം ചെയ്യാറുണ്ടെന്നും സംവിധായകൻ ‘കട്ട്’ പറഞ്ഞാൽ പോലും സീൻ നിർത്താതെ തുടരുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അന്നു കപൂർ പറഞ്ഞു. തന്റെ കരിയറിലെ ഒരു പ്രത്യേക സംഭവം വിവരിച്ച അദ്ദേഹം, ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരണത്തിനിടെ നായക നടൻ പരിധിവിട്ടു പെരുമാറിയതിനെ തുടർന്ന് നടിക്ക് കഷ്ടപ്പെട്ട് കുതറി മാറി ഓടേണ്ടി വന്ന സാഹചര്യം ഉണ്ടായതായി വ്യക്തമാക്കി. ഈ സംഭവത്തിന് ശേഷം ഉണ്ടായ മാനസികാഘാതത്തിൽ നടി രണ്ട് ദിവസത്തോളം മുറിക്ക് പുറത്തിറങ്ങിയിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

വ്യക്തിപരമായ കാരണങ്ങളാൽ അഭിനേതാക്കളുടെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായില്ലെങ്കിലും, ആ നടി ഈ അഭിമുഖം കാണുന്നുണ്ടെങ്കിൽ തന്റെ വാക്കുകളെ ശരിവെക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ താൻ എപ്പോഴും പ്രൊഫഷണലിസം കാത്തുസൂക്ഷിക്കാറുണ്ടെന്നും, സഹപ്രവർത്തകയുടെ കംഫർട്ടിന് മാത്രമാണ് താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ച് നടിമാരെ ബുദ്ധിമുട്ടിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്ഷയ് കുമാർ ചിത്രമായ ‘ജോളി എൽഎൽബി 3’-യിലാണ് അന്നു കപൂർ അവസാനമായി വേഷമിട്ടത്. സിനിമാ സെറ്റുകളിലെ സുരക്ഷയെയും മര്യാദകളെയും കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് ഈ വെളിപ്പെടുത്തൽ വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.