അണ്ണാത്തെ : ഒരു സാധാരണ രജനികാന്ത് ചിത്രം

ശിവ സംവിധാനം ചെയ്ത ചിത്രമാണ് അണ്ണാത്തെ. ഒരു സാധാരണ രജനികാന്ത് ചിത്രമെന്നതില്‍ കവിഞ്ഞ യാതൊരു പ്രത്യേകതയുമില്ലാത്ത ചിത്രമാണ് അണ്ണാത്തെ. ഒന്നും സംഭവിക്കാനില്ലാത്ത കഥയില്‍ രക്ഷകനാകുന്ന സ്ഥിരം നായക സങ്കല്‍പ്പ കഥയാണ് അണ്ണാത്തെ. ഒരു ചിത്രമെന്ന രീതിയിലുള്ള പൂര്‍ണ്ണതയ്ക്കപ്പുറം രജനികാന്ത് എന്ന സൂപ്പര്‍ താരത്തിന് വേണ്ടിയൊരുക്കിയ തിരക്കഥയാണ് അണ്ണാത്തെ. തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ശിവയാണ്. കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കുന്ന സ്വന്തം സഹോദരിയ്ക്ക് വേണ്ടിയാണ് ഇത്തവണ രജനികാന്തിന്റെ ദൗത്യം. നാട്ടുരാജാവായി ജീവിയ്ക്കുന്ന രജനി സോഹദരിയെ കാണാനായി കൊല്‍ക്കത്തയിലെത്തുന്നതോടെ ദൗത്യത്തിന്റെ സ്റ്റൈലിലും മാറ്റം വരുന്നുവെന്ന പ്രത്യേകതയൊഴിച്ചാല്‍ മറ്റൊരു പുതുമയുമില്ല. നല്ല തമാശകള്‍ ആയി അവസാനിക്കേണ്ടിയിരുന്ന പല രംഗങ്ങളും ആവര്‍ത്തന വിരസമാക്കി നശിപ്പിച്ചത് എടുത്ത് പറയാതെ വയ്യ. ആര്‍ട്ട്,മെയ്ക്ക് അപ്പ് എന്നുവേണ്ട സൂക്ഷ്മത പുലര്‍ത്തേണ്ടുന്ന പല ഘടകങ്ങളിലും ഇതൊന്നുമില്ലാത്തത് അരോജകമായ കാഴ്ച്ചയായിരുന്നു. പലപ്പോഴും തിരക്കഥയില്‍ വൈകാരിക രംഗങ്ങളാല്‍ ചിത്രത്തിന് മറ്റൊരു സ്വഭാവം നല്‍കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം അതിനാടകീയതയാല്‍ ലാഗ് ചെയ്ത അനുഭവമാണുണ്ടായത്. കീര്‍ത്തി സുരേഷ്,നയന്‍താര, മീന, ഖുശ്ബു, സൂരി മുത്തുച്ചാമി പ്രകാശ് രാജ്, ജഗപതിബാബു,ബാല തുടങ്ങീ താരങ്ങളെല്ലാം അഭിനയത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചു.

മലയാളത്തിന്റെ സാന്നിധ്യമായി കൊളപുള്ളി ലീല മികച്ച പ്രകടനമാണ് രജനിയ്ക്കൊപ്പം കാഴ്ച്ചവെച്ചത്. വെട്രിയുടെ ഛായാഗ്രഹണം, റൂബന്റെ ചിത്രസംയോജനം, എന്നിവയെല്ലാം മോശമല്ലായിരുന്നു. ഡി ഇമ്മന്റെ സംഗീതം നന്നായെങ്കിലും പശ്ചാതലസംഗീതം പലപ്പോഴുംഅത്ര നന്നായി അനുഭവപ്പെട്ടില്ല. ചിത്രത്തെ കുറിച്ച് അല്‍പ്പം നെഗറ്റീവാണ് പറഞ്ഞതെങ്കിലും കൊറോണയ്ക്ക് ശേഷം തിയേറ്ററൊന്നിളക്കാന്‍ ധൈര്യം കാണിച്ചതിന് അണ്ണാത്തെയ്ക്ക് ഒരു ബിഗ് സല്യൂട്ട്. ഒ.ടി.ടി യിലേക്ക് വലിയ ചിത്രങ്ങള്‍ വഴിമാറിപോകുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രകീക്ഷയായകുന്ന ഇത്തരം വന്‍ റിലീസുകള്‍ സിനിമകളുടെ പഴയ വസന്തകാലം തിരിച്ചു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.