
തന്റെ വ്യാജ ചിത്രം നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് നടി അന്ന രേഷ്മ രാജൻ. തന്റെ ചിത്രം ദുരുദ്ദേശ്യപൂർവം എഡിറ്റ് ചെയ്‌ത് അശ്ലീലവും അപകീർത്തികരവുമായ രീതിയിൽ പ്രചരിപ്പിച്ചെന്ന് കാണിച്ച് കേരളാ പോലീസിനും കേരളാ സൈബർഡോമിനുമാണ് നടി പരാതി നൽകിയത്. കുറ്റക്കാർക്കെതിരെ ഉടനടി ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അന്ന രേഷ്മ രാജൻ ആവശ്യപ്പെട്ടു.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം ഈ വിവരം പങ്കുവെച്ചത്. വ്യാജ ചിത്രം പ്രത്യക്ഷപ്പെട്ട സോഷ്യൽ മീഡിയ പ്രൊഫൈലിന്റെ വിശദവിവരങ്ങളും താരം പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രം തന്റെ പ്രശസ്തിക്ക് കോട്ടം വരുത്താൻ ലക്ഷ്യമിട്ട് ബോധപൂർവം നിർമ്മിച്ചതാണെന്നും, ഒരു വ്യക്തിയുടെ സ്വകാര്യതയുടേയും അന്തസിൻ്റേയും ഗുരുതരമായ ലംഘനമാണ് ഇതെന്നും നടി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികൾ ലജ്ജാകരവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും, സൈബർ ഇടങ്ങളിലെ ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും അന്ന രേഷ്മ രാജൻ കൂട്ടിച്ചേർത്തു.
“ഈ അക്കൗണ്ടിനെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഈ വിഷയത്തിൽ പോലീസിൽ പരാതി നൽകാൻതന്നെയാണ് തീരുമാനം. ഈ ചിത്രം എഡിറ്റ് ചെയ്‌തവർക്കും പങ്കിട്ടവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. നീതി ലഭിക്കുന്നതുവരെ മുന്നോട്ടുപോകും. ദയവായി ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കം പിന്തുണയ്ക്കുകയോ പങ്കിടുകയോ ചെയ്യരുത്.” മുഖ്യമന്ത്രി വി.ഡി. സതീശനെ അവർ പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുമുണ്ട്.
കുറച്ച് മുന്നേ ആറ്റുകാൽ പൊങ്കാലയിടാനെത്തിയ തൻ്റെ മോശം വീഡിയോകളും ക്ലിപ്പുകളുമെടുത്ത് ചിലർ പ്രചരിപ്പിച്ചെന്ന് അന്ന രേഷ്മ രാജൻ പറഞ്ഞിരുന്നു. ആ ദിവസത്തെ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽനിന്ന് ശ്രദ്ധ മാറ്റുന്ന രീതിയിൽ ചില നിമിഷങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത് വല്ലാതെ വേദനിപ്പിച്ചു. ഇത് ഏതെങ്കിലും ഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അവർ പറഞ്ഞിരുന്നു.
അടുത്തിടെയാണ് അന്ന രാജൻ സോഷ്യൽ മീഡിയയിൽ സബ്സ്ക്രിബ്ഷൻ ആരംഭിച്ചത്. മാന്യമല്ലാത്തതൊന്നും ഇതിലുണ്ടാവില്ലെന്ന് അവർ അന്ന് അറിയിച്ചിരുന്നു. ‘സബ്‌സ്ക്രിപ്ഷൻ എന്നാൽ അൺപ്രൊഫഷണൽ കണ്ടന്റ് എന്ന് അർഥമില്ല. ഗുണമേന്മയും സർഗാത്മകതയും പരസ്‌പരബഹുമാനവും നിലനിർത്തുന്ന സംവാദങ്ങൾക്കുള്ള ഇടമാണിത്. അതുകൊണ്ട് മാന്യമല്ലാത്തതൊന്നും ഇവിടെ പ്രതീക്ഷിക്കരുത്, യഥാർഥവും പ്രൊഫഷണലുമായ കണ്ടൻ്റുകൾ മാത്രം. മനസിലാക്കുന്നതിനും യാത്രയിൽ ഒപ്പമുണ്ടാവുന്നതിനും നന്ദി’- അവർ പറഞ്ഞതിങ്ങനെ.