
ഭാവി വരനെക്കുറിച്ച് താൻ പങ്കുവെച്ച ചില നിബന്ധനകൾ വീട്ടുകാർക്ക് വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും, എന്നാൽ ഒടുവിൽ താൻ ആഗ്രഹിച്ചതുപോലൊരു ജീവിതപങ്കാളിയെയാണ് ലഭിച്ചതെന്നും നടി അഞ്ജു കുര്യൻ. വനിതയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജു മനസ്സ് തുറന്നത്. മദ്യപാനവും പുകവലിയും ഇല്ലാത്ത, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ഒരാളെയാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് നടി വ്യക്തമാക്കി.
ഇത്തരമൊരു പങ്കാളിയെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. മദ്യപിക്കാത്ത ഒരാളെ തന്റെ സർക്കിളിൽ പോലും കണ്ടെത്താനാകില്ലെന്ന് അച്ഛൻ തമാശരൂപേണ പറഞ്ഞിരുന്നതായും, തന്റെ ആവശ്യങ്ങൾ ‘അവിയൽ പരുവം’ പോലെയാണെന്ന് വീട്ടുകാർ കളിയാക്കിയിരുന്നതായും അഞ്ജു ഓർമ്മിച്ചു. ആത്മീയതയും ഒപ്പം തന്റെ അഭിനയരംഗത്തെ പ്രൊഫഷനെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്ന മനസ്സും ഒത്തുചേരുന്ന ഒരാളെ കിട്ടാൻ പ്രയാസമാണെന്ന് പറഞ്ഞ് വീട്ടുകാർ പലപ്പോഴും നിസ്സഹായത പ്രകടിപ്പിച്ചിരുന്നു. സുഹൃത്തുക്കളുടെ ഇടയിലും ഇത്തരം ഗുണങ്ങളുള്ളവരെ കണ്ടെത്തുക എളുപ്പമായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
പ്ലാന്ററായ റോഷനുമായി മാട്രിമോണിയിലൂടെയാണ് അഞ്ജു പരിചയപ്പെടുന്നത്. പരസ്പരം മനസ്സിലാക്കാൻ ഇരുവരും മൂന്ന് മാസം സമയം എടുത്തു. സംസാരിച്ച് യോജിച്ചുപോകാൻ കഴിയുമെന്ന് ഉറപ്പായാൽ മുന്നോട്ട് പോകാമെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. മൂന്ന് മാസത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിക്കുകയും, കൃത്യം ഒരു വർഷത്തിന് ശേഷം എൻഗേജ്മെന്റ് നടത്തുകയും ചെയ്തു. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം.
അഞ്ജുവിന്റെ വാക്കുകൾ
“മാട്രിമോണിയിലൂടെയാണ് വിവാഹാലോചന വരുന്നത്. ഞങ്ങൾ ശരിക്കും ഒരു മൂന്ന് മാസം സമയമെടുത്തു. സംസാരിച്ച് നോക്കിയിട്ട് കാണാം എന്ന നിലപാടിലായിരുന്നു ഞങ്ങൾ. പുതിയതായിട്ട് ഒരാളോട് സംസാരിക്കുകയാണ്. എങ്ങനെയാണ്, എന്താണ് എന്നൊന്നും ഞങ്ങൾക്ക് രണ്ടുപേർക്കും അറിയില്ലായിരുന്നു.
സംസാരിച്ച് നോക്കിയിട്ട് ഓക്കെയാണെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ ഇത് മുന്നോട്ട് കൊണ്ടുപോകണമോ വേണ്ടയോ എന്ന് ഞാൻ പറയാം എന്ന് എന്റെ വീട്ടിൽ ഞാൻ പറഞ്ഞു. റോഷൻ അത് അദ്ദേഹത്തിന്റെ വീട്ടുകാരോടും പറഞ്ഞു. മൂന്ന് മാസം കഴിഞ്ഞപ്പോൾ യെസ് തന്നെയായിരുന്നു. അങ്ങനെ മൂന്ന് മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഉറപ്പിക്കൽ കഴിഞ്ഞു. കറക്ട് ഒരു വർഷം ആയപ്പോൾ എൻഗേജ്മെന്റ് നടത്തി.
എന്റെ ഭർത്താവിനെക്കുറിച്ചുണ്ടായിരുന്ന സങ്കല്പങ്ങളെക്കുറിച്ച് പറയുമ്പോൾ, ഞാനിത്രയും പഴഞ്ചൻ ആണോ എന്നൊക്കെ ആൾക്കാർ ചിലപ്പോൾ ചിന്തിക്കുമായിരിക്കും. ഒന്ന് എനിക്ക് ഹെൽത്തി ലൈഫ് സ്റ്റൈൽ ഭയങ്കര ഇഷ്ടമാണ്. ഞാൻ അങ്ങനെ ഫോളോ ചെയ്യുന്ന ഒരാളാണ്. മദ്യപാനം, പുകവലി തുടങ്ങിയ പരിപാടികളൊന്നും പാടില്ല എന്നുണ്ടായിരുന്നു.
ഇങ്ങനെയുള്ള ഒരുത്തനെ ഞാൻ എവിടുന്ന് കൊണ്ടുവരാനാ നീ പറയുന്നത്, നീ വേറെന്തെങ്കിലുമൊക്കെ പറയുകയാണെങ്കിൽ ഓക്കെ എന്ന് എന്റെ അപ്പൻ തന്നെ എന്നോട് പറയും. ‘രണ്ടെണ്ണം അടിക്കാത്ത അച്ചായനോ? എന്റെ സർക്കിളിൽ പോലും അങ്ങനെ ഒരാളില്ലല്ലോ’ എന്നൊക്കെ അപ്പൻ പറയും. ഞാൻ അങ്ങനെയാണ്. അതുകൊണ്ട് എനിക്ക് രണ്ടെണ്ണം അടിക്കാത്ത ഒരാളെ തന്നെ മതി എന്നൊരു നിലപാടിലായിരുന്നു ഞാൻ.
അതൊക്കെ വീട്ടുകാർക്ക് കുറച്ചൊരു ടാസ്ക് ആയിരുന്നു. കുറച്ച് എക്സ്ട്രീം ആയിരുന്നു. അവർ പറയും, ‘എടി ഒന്നുകിൽ നീ വല്ല സ്പിരിച്വൽ ആയിട്ടുള്ള ആളെയെങ്കിലും നോക്ക്. നിനക്ക് അതും വേണം ഇതും വേണം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നിന്റെ കോമ്പിനേഷൻ, ഭയങ്കര അവിയൽ പരുവം പോലെ കിടക്കുന്നതാണല്ലോ’ എന്നൊക്കെ. പ്രാർഥനയും ഉണ്ടാകണം, എന്നാൽ എന്റെ പ്രൊഫഷനൊക്കെ അംഗീകരിക്കുകയും വേണം എന്നൊക്കെ പറയുമ്പോൾ രണ്ടും രണ്ട് രീതിയിലാണല്ലോ.
ഞാൻ പറയുന്നതുപോലെയുള്ള ഒരാളെപ്പോലും അങ്ങനെ കിട്ടത്തില്ല. വെള്ളമടി പാടില്ല, ഹെൽത്തി ആയിരിക്കണം, ഇതെന്തോരം ടാസ്ക്കുകളാ എന്നൊക്കെയാണ് വീട്ടുകാർ പറഞ്ഞത്. എന്റെ വീട്ടുകാരൊക്കെ കയ്യൊഴിഞ്ഞു. എന്റെ സുഹൃത്തുക്കളുടെ സർക്കിളിൽ ആണെങ്കിലും ഞാൻ ഈ പറഞ്ഞ ഗുണങ്ങളുള്ള ആളെ കിട്ടാൻ കുറച്ചു പാടായിരുന്നു. പക്ഷേ അവസാനം അത് സംഭവിച്ചു.”