ആട്, അലമാര, ആന്‍മരിയ കലിപ്പിലാണ്, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് പോലുള്ള രസകരമായ ചിത്രങ്ങളൊരുക്കിയ സംവിധായകന്റെ വേറിട്ട നടത്തം എങ്ങനെയുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയായിരുന്നു അഞ്ചാം പാതിര. നേരത്തെ ട്രെയിലറില്‍ ഒളിപ്പിച്ച ത്രില്ലര് സ്വഭാവത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയ ക്രൈം ത്രില്ലറാണ് ചിത്രം. രാക്ഷസന്‍ പോലുള്ള സീരിയല്‍ ക്രൈം ത്രില്ലര്‍ കണ്ടിട്ടുള്ളളവരെ പോലും നിരാശരാക്കാത്ത വ്യക്തിത്വം അവകാശപ്പെടാനുള്ള ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയിട്ടുള്ളത്.
ക്രിമിനോളജിയില്‍ അതീവ താത്പര്യമുള്ള സൈക്കോളജിസ്റ്റായ അന്‍വര്‍ ആണ് കഥാനായകന്‍. കഥാനായകനുമപ്പുറം കഥയും, തിരക്കഥയും നായകനാകുമ്പോള്‍ പ്രേക്ഷകര്‍ ഒപ്പം കൂടുന്നുവെന്നതാണ് ചിത്രത്തിന്റെ വിജയം. കൊച്ചിയിലെ പല കേസുകളിലും പൊലീസിന്റെ സഹായിയായി കൂടുന്ന അന്‍വറിന് മുന്നില്‍ ഒരു വലിയ വിഷയമെത്തുന്നു. ഒരു ഡി.വൈ.എസ്.പിയുടെ നിഷ്ഠൂരമായ കൊലപാതകാന്വേഷണത്തിന്റെ ഭാഗമാവുകയാണ് അന്‍വറായ് വേഷമിട്ട ചാക്കോച്ചന്‍. ഈ അന്വേഷണത്തിന്റെ ഇടവേളകളില്‍ തുടരെ തുടരെ പൊലീസുകാര്‍ കൊല്ലപ്പെടുമ്പോള്‍ അതിന്റെ ചുരുളഴിക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമാകുന്ന അന്‍വറിന്റെയും പൊലീസിന്റെയും കഥയാണ് ചിത്രം.
കൊല്ലപ്പെടുന്നതാര് എന്നതറിയാനുള്ള ആകാക്ഷയ്ക്കുമപ്പുറം കൊലപാതകിയുടെ ലക്ഷ്യമറിയാനുള്ള ആഖാംക്ഷയാണ് ചിത്രത്തിന് ത്രില്ലിംഗ് സ്വഭാവം നല്‍കുന്നത്. മനശാസ്ത്രത്തിലൂന്നിയുള്ള കൃത്യമായ ഇടവേളകളിലെ ട്വിസ്റ്റ്, ഈ ട്വിസ്റ്റുകളെ ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍, ക്ലൈമാക്‌സില്‍ ഇവയെ കൂട്ടിയോജിപ്പിച്ച രീതി ഇവയെല്ലാമാണ് സൈക്കോ ത്രില്ലറിന്റെ പ്രത്യേകത. പലവഴികളിലൂടെ സഞ്ചരിച്ചെത്തുന്ന കഥയെ അവസാന ഇരുപത് മിനുട്ടില്‍ മനോഹരമായി കൂട്ടിയിണക്കി അവതരിപ്പിച്ചപ്പോള്‍ ചിത്രത്തിന് യുക്തിയുടെ ബലം കൂടെ കിട്ടിയെന്നതാണ് പ്രത്യേകത. ചിത്രം അവസാനിക്കുമ്പോള്‍ പോലും ഈ ത്രില്‍ നഷ്ടമാകാതിരിക്കാനുള്ള സംവിധായകന്റെ ക്രാഫ്റ്റ് കൂടെ പ്രകടമാകുമ്പോഴാണ് മിഥുന്‍ ഒരു നല്ലതിരക്കഥാകൃത്തിനൊപ്പം മികച്ച സംവിധായകനുമാകുന്നത്. തനിയ്ക്ക് കിട്ടുന്ന വിഷയങ്ങളെ പ്രേക്ഷകന് അരോചകമാകാത്തവിധം സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള സംവിധായനിലേയ്ക്കുള്ള മിഥുന്റെ വളര്‍ച്ച കൂടെയാണ് അഞ്ചാം പാതിര.
ക്രൈം ചിത്രത്തിന്റെ ലൈറ്റ് പാറ്റേണ്‍, ഫ്രെയ്മുകള്‍ എന്നിവയെല്ലാം ഷൈജു ഖാലിദ് മനോഹരമാക്കിയപ്പോള്‍ സൈജു ശ്രീധറിന്റെ എഡിറ്റിംഗും മികച്ചു നിന്നു. സുശിന്‍ ശ്യാമിന്റെ സംഗീതം ഹൃദയതാളം പോലെ തുടക്കം മുതല്‍ ഒടുക്കം വരെ ചിത്രത്തിനൊപ്പം സഞ്ചരിച്ചതിനാല്‍ തിയേറ്ററില്‍ നിന്നിറങ്ങി വന്നാലും അഞ്ചാംപാതിരയുടെ അലയൊലികള്‍ അടങ്ങുകയില്ല. മനശാസ്ത്രത്തിലൂന്നിയ ചിത്രം മനസ്സുകള്‍ തമ്മിലുള്ള യുദ്ധമായി മാറുന്നിടത്ത് പ്രേക്ഷകനും അതിന്റെ ഭാഗമാകുന്ന ചിത്രം ഒരിയ്ക്കല്‍ കൂടെ കാണാന്‍ തോന്നുന്ന വിധമാണ് ഒരുക്കിയിട്ടുള്ളത്. ഒരു സൈക്കോ സീരിയല്‍ കില്ലര്‍ ഉണ്ടാകണമെങ്കിലുള്ള കാര്യകാരണങ്ങളെ മനോഹരമായി ബന്ധിപ്പിച്ച ബ്രില്ല്യന്‍സിനാണ് കയ്യടി. ചാക്കോച്ചന്‍, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ്ഭാസി, ജിനു ജോസഫ്, രമ്യാ നമ്പീശന്‍, പ്രിയനന്ദന്‍, ഷറഫുദ്ദീന്‍ എന്നിവരെല്ലാം തന്നെ അവരവരുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി. മലയാള ചലച്ചിത്രലോകത്ത് നല്ല ചിത്രങ്ങള്‍ ഇനിയും നല്‍കാന്‍ കെല്‍പ്പുള്ള സംവിധായകരുടെ കൂട്ടത്തില്‍ മിഥുന്‍ ഉണ്ടാകുമെന്നടയാളപ്പെടുത്തിയാണ് ചിത്രം അവസാനിക്കുന്നത്.