
ലോകേഷ് കനകരാജും വാമിഖ ഗബ്ബിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഡിസി’ എന്ന ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും തിയേറ്റർ കുതിപ്പ് തുടരുമ്പോൾ, പ്രേക്ഷകരുടെ മനസ്സ് കവർന്ന ചിത്രത്തിലെ ‘രാഗ ഓഫ് റിവഞ്ച്’ എന്ന തരംഗ ട്രാക്കിന് പിന്നിലെ വിശേഷങ്ങൾ വെളിപ്പെടുത്തി സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ. കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാനായി വെറും 48 മണിക്കൂർ കൊണ്ട് തയ്യാറാക്കിയതാണ് ഈ പശ്ചാത്തല സംഗീതമെന്ന് മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അനിരുദ്ധ് വ്യക്തമാക്കി.
അന്താരാഷ്ട്ര വേദിയായ കാനിൽ ലോക സിനിമയ്ക്ക് മുന്നിൽ ഭാരതീയ സംഗീതത്തിന്റെ മികവ് അടയാളപ്പെടുത്തുക എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തെക്കേ ഇന്ത്യയുടെ തനിമയാർന്ന ശക്തമായ താളവും വടക്കേ ഇന്ത്യയുടെ ഹിന്ദുസ്ഥാനി വോക്കലും സമന്വയിപ്പിച്ചാണ് ഈ പ്രത്യേക ട്രാക്ക് അനിരുദ്ധ് നിർമ്മിച്ചത്. ദക്ഷിണേന്ത്യൻ ബീറ്റുകളിൽ തുടങ്ങി, പിന്നീട് ഹിന്ദുസ്ഥാനി ശൈലിയിലുള്ള ആലാപനം കൂട്ടിച്ചേർത്താണ് ഇതിന്റെ പ്രൊഡക്ഷൻ പൂർത്തിയാക്കിയത്.
കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രത്തിന്റെ ട്രെയിലർ സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെയാണ് പശ്ചാത്തല സംഗീതം ഒരുക്കാൻ അനിരുദ്ധിന് നിർദ്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് 48 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ‘രാഗ ഓഫ് റിവഞ്ച്’ പിറവിയെടുത്തത്. ഫെസ്റ്റിവലിൽ ട്രെയിലറിന് ലഭിച്ച വൻ വരവേൽപ്പാണ് സിനിമയുടെ റിലീസിന് മാസങ്ങൾക്ക് മുൻപ് തന്നെ ട്രെയിലറും ഈ ബിജിഎമ്മും യൂട്യൂബിലൂടെ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് പ്രചോദനമായത്.
ചിത്രം തിയേറ്ററുകളിലെത്തും മുൻപേ തന്നെ തരംഗമായി മാറിയ ഈ ട്രാക്ക്, സിനിമയിലെ നിർണായക രംഗങ്ങളിൽ വലിയ രീതിയിലുള്ള ഇംപാക്റ്റാണ് ഉണ്ടാക്കുന്നത്. നിലവിൽ തിയേറ്ററുകളിൽ മുന്നേറുന്ന ‘ഡിസി’ക്ക് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്ന വൻ സ്വീകാര്യതയ്ക്ക് പിന്നിൽ അനിരുദ്ധിന്റെ ഈ മാസ്മരിക ബാക്ക്ഗ്രൗണ്ട് സ്കോർ വലിയ പങ്കുവഹിക്കുന്നുണ്ട്.
അനിരുദ്ധിന്റെ വാക്കുകൾ;
“ഇത് ഒരു ട്രാക്ക് ആയിട്ടല്ല ചെയ്തത്. ഈ സിനിമയുടെ ട്രെയ്‌ലർ കാനിൽ പ്രദർശിപ്പിക്കേണ്ടതിനാലാണ് ഇത് നിർമിച്ചത്. ഇത് സബ്മിറ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ്, ഏകദേശം 48 മണിക്കൂർ മുൻപ്, ട്രെയ്‌ലർ ഫിലിം ഫെസ്റ്റിവലിലേക്ക് അയയ്ക്കുമെന്ന് ഞങ്ങൾ അറിഞ്ഞു. അതുകൊണ്ട് ട്രെയ്‌ലറിനായി എനിക്ക് സ്കോർ ചെയ്യേണ്ടി വന്നു. കാനിൽ ട്രെയ്‌ലർ പ്രദർശിപ്പിച്ചപ്പോൾ നല്ല അഭിപ്രായമൊക്കെ വന്നു. അപ്പോഴാണ് എന്നാൽ പിന്നെ യൂട്യൂബിൽ കൂടി ട്രെയ്‌ലർ റിലീസ് ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിക്കുന്നത്.
സിനിമയുടെ റിലീസിന് മുൻപായിരുന്നു അത്. സാധാരണ റിലീസിനോട് അടുത്തുള്ള ദിവസങ്ങളിലായിരിക്കും നമ്മൾ ട്രെയ്‌ലർ പുറത്തുവിടുന്നത്. ഇത് റിലീസായതിന് ശേഷം ഈ ട്രാക്ക് പുറത്തുവിടണമെന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾക്ക് ഒരുപാട് അഭ്യർഥനകൾ വന്നു”. -അനിരുദ്ധ് പറഞ്ഞു. ട്രാക്കിന് പിന്നിലെ ആശയവും അനിരുദ്ധ് വെളിപ്പെടുത്തി.
“ഞാൻ വിഷ്വൽ ലോഡ് ചെയ്തു. അപ്പോൾ ഞാൻ ചിന്തിച്ചു, ഇത് കാനിലാണ് പ്രദർശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കഴിയുന്നത്ര ഇന്ത്യൻ ആക്കാം എന്ന്. അതായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്ന ആശയം. പിന്നീട് ഇത് എന്തുകൊണ്ട് ഒരു ദക്ഷിണേന്ത്യൻ താളവും ഹിന്ദുസ്ഥാനി വോക്കലും കൂടി ചേർത്ത് പരീക്ഷിച്ചു കൂടാ എന്ന് തോന്നി. നമ്മൾ അവരെ ഇന്ത്യയാണ് കാണിക്കുന്നത്. അങ്ങനെയാണെങ്കിൽ വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും അവരെ കാണിക്കാം.
അതായിരുന്നു ഐഡിയ. ആദ്യം ഞങ്ങൾ താളത്തിൽ നിന്നാണ് തുടങ്ങിയത്. കൃത്യമായൊരു ദക്ഷിണേന്ത്യൻ ബീറ്റ് വേണമെന്നായിരുന്നുണ്ടായിരുന്നു. പിന്നീട് അതിലേക്ക് നോർത്ത് ഇന്ത്യൻ ശൈലി കൂടി എത്തി. വോക്കൽ ലഭിച്ച ശേഷമാണ് ഞാൻ അതിന്റെ പ്രൊഡക്ഷൻ ആരംഭിച്ചത്.”