
“പഴയ രീതിയിലുള്ള ഒരു സിനിമ ആലോചിക്കാൻ പ്രേരിപ്പിക്കുന്ന കലാകാരന്മാർ നമുക്ക് നഷ്ടമായെന്നും, ഒരാൾ നഷ്ടപ്പെട്ടാൽ അതിനുപകരം വെയ്ക്കാൻ വേറൊരാൾ ഉണ്ടാവില്ലെന്നും തുറന്നു പറഞ്ഞ് നടൻ മോഹൻലാൽ”. കൂടാതെ ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാറുണ്ടെന്നും, ആ ഇടത്തേക്ക് സന്തോഷത്തെയോ സ്നേഹത്തെയോ കൊണ്ടുവരാൻ പറ്റുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഹൃദയപൂർവം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മാതൃഭൂമിയുമായി പങ്കു വെക്കുകയായിരുന്നു അദ്ദേഹം.
“തന്റെ മറ്റുസിനിമകളിൽനിന്നെല്ലാം വ്യത്യസ്തമായ ഒരെണ്ണത്തിലേക്ക് സത്യേട്ടൻ എത്തി എന്നതാണ് പ്രത്യേകത. അതിന്റെ ഒരു കാരണം പഴയരീതിയിലുള്ള ഒരു സിനിമ ചിന്തിക്കാനുള്ള കലാകാരന്മാർ നമുക്ക് നഷ്ടപ്പെട്ടു എന്നതാണ്. ഹൃദയപൂർവത്തിൽ പ്രവർത്തിച്ചിരിക്കുന്ന മിക്കവരും പുതിയ ആളുകളാണ്. സത്യേട്ടനൊപ്പം ഇതുവരെ പ്രവർത്തിക്കാത്ത ഒരുപാട് ആളുകൾ ഈ ചിത്രത്തിലുണ്ട്. ഇതുപോലൊരു സിനിമ മറ്റാരും ചെയ്യില്ല. ഈ സിനിമയുടെ ലൊക്കേഷനിൽവെച്ച് പഴയ പല കാര്യങ്ങളും, പല അഭിനേതാക്കളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. കൂടുതലും സംസാരിക്കുന്നത് ഇന്നസെന്റിനേക്കുറിച്ചായിരിക്കും. എല്ലാദിവസവും ഇവരേക്കുറിച്ച് നമ്മൾ ഓർക്കാറുണ്ട്. ഇത്തരംകാര്യങ്ങൾ സംസാരിക്കാൻ മനസുകൊണ്ട് ഇഷ്ടപ്പെടുന്നയാളാണ് സത്യേട്ടൻ. പ്രിയദർശൻ പറയാറുണ്ട്, ഒരു കഥ ആലോചിക്കുമ്പോൾ ഈ വേഷം ആരുചെയ്യും എന്ന് തോന്നുന്ന വലിയൊരു ശൂന്യതയുണ്ടെന്ന്. ഒരാൾ നഷ്ടപ്പെട്ടാൽ അതിനുപകരം വെയ്ക്കാൻ വേറൊരാൾ ഉണ്ടാവില്ല”. മോഹൻലാൽ പറഞ്ഞു
“വാനപ്രസ്ഥത്തിൽ ഞാൻ തന്നെ പൂതനയുടെ വേഷം ചെയ്‌തിട്ടുണ്ട്. നൃത്തം ചെയ്‌തിട്ടുണ്ട്. ഞാനത് ചെയ്തത് ഇഷ്ടമാവാത്തവരുണ്ടാവും. അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇയാൾക്കിതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് ചിന്തിക്കുന്നവരുണ്ടാവും. അതിനൊന്നും ഒരു കുഴപ്പവുമില്ല. എനിക്ക് ഒരു പരിഭവവുമില്ല. എത്രയോപേർക്ക് ഭയങ്കരമായ ദേഷ്യം വരാറുണ്ട്. എനിക്കും ദേഷ്യം വരാറുണ്ടെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കാറുണ്ട്. ആ ഇടത്തേക്ക് സന്തോഷത്തെയോ സ്നേഹത്തെയോ കൊണ്ടുവരാൻ പറ്റും. അറിഞ്ഞാ അറിയാതെയോ ഞാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ടാവാം. അത് എനിക്കുമാത്രം പറ്റുന്ന കാര്യമല്ല. ദേഷ്യവും അസൂയയും മാറ്റാൻ ശ്രമിക്കണം. ഇതുകൊണ്ട് ഒരു കാര്യവുമില്ല. ഞാനും വഴക്ക് പറയാറുണ്ട്. പക്ഷേ ഉള്ളിൽ കൊണ്ടുനടക്കാറില്ല. നമ്മൾ പറഞ്ഞു, അത് അവിടെ കഴിഞ്ഞു. അല്ലാതെ പോസ്റ്റ്മോർട്ടം ചെയ്തിട്ട് എന്താണ് കാര്യം? ഒരാൾ പോടാ എന്നു പറഞ്ഞാൽ തിരിച്ച് പോടാ എന്നു പറയുമായിരിക്കും. അല്ലാതെ അയാളെന്നെ പോടാ എന്നോർത്ത് നടക്കാറില്ല”. മോഹൻലാൽ കൂട്ടിച്ചേർത്തു.